രൂക്ഷമായ ആക്രമണത്തിലൂടെയേ സംഘര്‍ഷം കുറക്കാനാവുകയുള്ളുവെന്ന് യു എസ് ട്രഷറി സെക്രട്ടറി

രൂക്ഷമായ ആക്രമണത്തിലൂടെയേ സംഘര്‍ഷം കുറക്കാനാവുകയുള്ളുവെന്ന് യു എസ് ട്രഷറി സെക്രട്ടറി


വാഷിങ്ടണ്‍: സംഘര്‍ഷം കുറയ്ക്കാന്‍ ചിലപ്പോള്‍  ആദ്യം വര്‍ധിപ്പിക്കേണ്ടി വരുമെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഇറാനെതിരായ സൈനിക നീക്കങ്ങളെ ന്യായീകരിച്ചു. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് എല്ലാ വഴികളും തുറന്നുവെച്ചിരിക്കുകയാണെന്നും ഇറാനെതിരായ ആക്രമണം ശക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ആക്രമണങ്ങള്‍ പിന്തുണച്ചുകൊണ്ട് സ്‌കോട്ട് ബെസന്റ് പറഞ്ഞത് ഇറാനുമായി സംസാരിക്കാന്‍ ട്രംപ് ഉപയോഗിക്കുന്ന ഭാഷ അവര്‍ക്കു മനസ്സിലാകുന്ന ഏക ഭാഷയാണെന്നായിരുന്നു.  

ഇറാനിലെ കാര്‍ഗ് ദ്വീപില്‍ യു എസ് സൈന്യത്തെ വിന്യസിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി അവിടെ വിജയകരമായ ബോംബാക്രമണം നടത്തിയതായി ബെസന്റ് വ്യക്തമാക്കി. എല്ലാ സാധ്യതകളും ഇപ്പോഴും പരിഗണനയിലാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇറാന്റെ നാവികസേനയും വ്യോമസേനയും മിസൈല്‍ ശേഷിയും ആയുധങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള കഴിവും തകര്‍ക്കുക എന്നതാണ് ട്രംപിന്റെ വ്യക്തമായ ലക്ഷ്യമെന്നും ഇറാനെ ആണവായുധ ശേഷിയില്‍ നിന്ന് പൂര്‍ണമായും തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ഡൊണള്‍ഡ് ട്രംപ് 48 മണിക്കൂറിനകം ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ അവരുടെ വൈദ്യുതി നിലയങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്ന ശക്തമായ സൈനിക നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഈ ഭീഷണിക്ക് മറുപടിയായി ഇറാന്‍ സൈനിക കമാന്‍ഡിന്റെ വക്താവ് എബ്രാഹിം സോല്‍ഫഖാരി അമേരിക്ക ആക്രമണം നടത്തിയാല്‍ അതിന് തുല്യമായ തിരിച്ചടി നല്‍കുമെന്ന് അറിയിച്ചു. ഇറാന്റെ ഇന്ധന- ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കിയാല്‍ അമേരിക്കയുടേയും പ്രാദേശിക സഖ്യകക്ഷികളുടേയും സമാന സംവിധാനങ്ങളെ ലക്ഷ്യമിടുമെന്നാണ് മുന്നറിയിപ്പ്.

യുദ്ധം തുടരുന്നതിനിടെ ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങളെ നേരിട്ട് ലക്ഷ്യമിടുന്നത് അമേരിക്ക ഒഴിവാക്കിയിട്ടുണ്ട്.

കടലില്‍ കുടുങ്ങിക്കിടക്കുന്ന ഇറാനിയന്‍ എണ്ണ വില്‍പ്പനയ്ക്ക് അനുമതി നല്‍കി ചില സാമ്പത്തിക ഉപരോധങ്ങള്‍ ഇളവ് ചെയ്ത തീരുമാനത്തെയും ബെസന്റ് ന്യായീകരിച്ചു. ഇതിലൂടെ ഏകദേശം 140 മില്യണ്‍ ബാരല്‍ എണ്ണ ആഗോള വിപണിയില്‍ എത്തിക്കാനാകുമെന്നും ഊര്‍ജ വിതരണത്തിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യുദ്ധത്തിനിടെ ഇറാന്റെ സാമ്പത്തിക നില ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചില വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.