'മെക്‌സിക്കോ ഉള്‍ക്കടല്‍' പരാമര്‍ശിച്ചത്തിന് എ പിയെ അനിശ്ചിതകാലത്തേക്ക് വിലക്കി വൈറ്റ് ഹൗസ്

'മെക്‌സിക്കോ ഉള്‍ക്കടല്‍' പരാമര്‍ശിച്ചത്തിന് എ പിയെ അനിശ്ചിതകാലത്തേക്ക് വിലക്കി വൈറ്റ് ഹൗസ്


വാഷിംഗ്ടണ്‍ ഡിസി: 'മെക്‌സിക്കോ ഉള്‍ക്കടല്‍' എന്ന വാക്കുകള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ട്രംപ് ഭരണകൂടം അസോസിയേറ്റഡ് പ്രസ് (എ പി)നെ വൈറ്റ് ഹൗസിലേക്കും എയര്‍ ഫോഴ്സ് വണിലേക്കും അനിശ്ചിതകാലത്തേക്ക് വിലക്കി.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം യു എസ് സര്‍ക്കാര്‍ 'മെക്‌സിക്കോ ഉള്‍ക്കടല്‍' എന്ന പേരിനെ 'അമേരിക്ക ഉള്‍ക്കടല്‍' ആയി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ മാറ്റം സ്വീകരിച്ചെങ്കിലും മറ്റ് രാജ്യങ്ങള്‍ പുതിയ പേരിനെ അംഗീകരിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള വായനക്കാര്‍ക്കായി വാര്‍ത്ത നല്‍കുന്ന എ പി പരമ്പരാഗത പേരായ 'മെക്‌സിക്കോ ഉള്‍ക്കടല്‍' തുടരുകയും ഒപ്പം ട്രംപിന്റെ നിര്‍ദ്ദേശം വ്യക്തമാക്കുകയും ചെയ്തു.

വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതേ സമീപനം സ്വീകരിച്ചിട്ടുണ്ടെങ്കിലും വൈറ്റ് ഹൗസ് ഈ ആഴ്ച പ്രത്യേകമായി എ പിയെ ലക്ഷ്യമാക്കി. തുടര്‍ന്ന് ഏജന്‍സിയുടെ റിപ്പോര്‍ട്ടര്‍മാരെ പ്രസിഡന്റ് പരിപാടികളില്‍ നിന്ന് വിലക്കി. എന്നാല്‍, എ പി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇപ്പോഴും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ട്രംപ് മാര്‍-അ-ലാഗോയ്ക്ക് പുറപ്പെടാനിരിക്കെയാണ് ഈ യാത്രയില്‍ എയര്‍ഫോഴ്‌സ് വണില്‍ എ പി അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചത്.

വൈറ്റ് ഹൗസിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ടെയ്‌ലര്‍ ബുഡോവിച്ച് എക്‌സില്‍ കുറിച്ചത് എ പിയുടെ തീരുമാനം വിഭജനപരവും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അവരുടെ പ്രതിബദ്ധതയെയും വ്യക്തമാക്കുന്നതുമാണെന്നായിരുന്നു. 

അതിക്രമവും കള്ളവാര്‍ത്തയും പ്രചരിപ്പിക്കാന്‍ ഫസ്റ്റ് അമെന്‍ഡ്‌മെന്റ് സംരക്ഷണമുണ്ടാകുമെങ്കിലും എ പിക്ക് ഓവല്‍ ഓഫീസിലേക്കും എയര്‍ ഫോഴ്സ് വണിലേക്കും പ്രവേശനാവകാശം ഉണ്ടാകില്ലെന്ന് ബുഡോവിച്ച് എഴുതി.

എ പി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൈറ്റ് ഹൗസ് ഗ്രൗണ്ടില്‍ പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും പ്രസിഡന്റിനൊപ്പം യാത്ര ചെയ്യുന്ന 'പ്രസ് പൂള്‍' റിപ്പോര്‍ട്ടിംഗില്‍ പങ്കെടുക്കാന്‍ കഴിയില്ല.

പ്രസിഡന്റിനൊപ്പം സ്ഥിരമായി പോകുന്ന 'പ്രസ് പൂള്‍' ന്യൂസ് സംഘങ്ങള്‍ പ്രസിഡന്റിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും പ്രസംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ഈ വിവരങ്ങള്‍ മറ്റ് മാധ്യമങ്ങളുമായി പങ്കിടുകയും ചെയ്യുന്നു.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വാര്‍ത്താ ഏജന്‍സികള്‍ക്കായി വാര്‍ത്ത നല്‍കുന്ന കൂട്ടായ്മയാണ് എ പി. ഈ വിലക്കിനെ നിയമപരമായി ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ എ പി ആരംഭിച്ചതായി സൂചനകളുണ്ട്.