ഹണ്ടര്‍ ബൈഡന് മാപ്പ് നല്‍കിയ നടപടിയില്‍ വ്യാപക വിമര്‍ശനം; ന്യായീകരിച്ച് വൈറ്റ് ഹൗസ്

ഹണ്ടര്‍ ബൈഡന് മാപ്പ് നല്‍കിയ നടപടിയില്‍ വ്യാപക വിമര്‍ശനം; ന്യായീകരിച്ച് വൈറ്റ് ഹൗസ്


വാഷിംഗ്ടണ്‍: അനധികൃത തോക്ക് ഉപയോഗം, മയക്കുമരുന്നു കേസുകളില്‍ വിചാരണ നേരിട്ടിരുന്ന ഹണ്ടര്‍ ബൈഡനെ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ കുറ്റവിമുക്തനാക്കിയ പ്രസിഡന്റ് ബൈഡന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം. ഇതോടെ വൈറ്റ് ഹൗസ് പ്രതിരോധത്തിലായി.

അത്തരമൊരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഹണ്ടറിന് മാപ്പ് നല്‍കാന്‍ തനിക്ക് പദ്ധതിയില്ലെന്ന് മുമ്പ് പലതവണ പറഞ്ഞിരുന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകരുടെ ആക്രമണം. പ്രസിഡന്റിന്റെ വാക്ുമാറ്റത്തിനെതിരെ ഉയരുന്ന ചോദ്യങ്ങള്‍ ന്യായീകരിച്ചും പ്രതിരോധിച്ചും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ കുഴങ്ങുകയാണ്.

സ്ഥാനമൊഴിയുന്ന പ്രസിഡന്റിന്റെ രാഷ്ട്രീയ ശത്രുക്കളുടെ പീഡനത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി രണ്ട് ഫെഡറല്‍ കേസുകളില്‍ ഈ മാസം അവസാനം ശിക്ഷ അനുഭവിക്കാനിരിക്കുന്ന മകന് ബൈഡന്‍ മാപ്പ് നല്‍കിയതെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞത്.

54 കാരനായ ഹണ്ടറിനെതിരായി ഒരു പതിറ്റാണ്ടിനിടെ രജിസ്റ്റര്‍ചെയ്യപ്പെട്ട എല്ലാ ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ക്കും ഈ മാപ്പ് ബാധകമാണ്.

ബൈഡന്റെ ഈ നീക്കത്തെ റിപ്പബ്ലിക്കന്‍മാര്‍ നിശിതമായി വിമര്‍ശിച്ചു. നിയുക്ത പ്രസിഡന്റ്  ഡോണള്‍ഡ് ട്രംപ് ഇതിനെ 'നീതിയുടെ ദുരുപയോഗവും ദുര്‍വിനിയോഗവും' എന്നാണ് വിശേഷിപ്പിച്ചത്.

വാരാന്ത്യത്തില്‍ മസാച്യുസെറ്റ്‌സിലെ നാന്‍ടക്കെറ്റ് ദ്വീപില്‍ കുടുംബത്തൊടൊപ്പമുള്ള 'താങ്ക്‌സ് ഗിവിംഗ് '  അവധി ആഘോഷത്തിനിടെ ബൈഡന്‍ ഏറെ ആന്തരിക സംഘര്‍ഷം അനുഭവിച്ചാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍-പിയറി തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആഫ്രിക്കയിലേക്കുള്ള ഔദ്യോഗിക യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പാണ് ഞായറാഴ്ച വൈകുന്നേരം ഡെമോക്രാറ്റിക് പ്രസിഡന്റ് മകന് മാപ്പ് നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചത്.

'അദ്ദേഹം (പ്രസിഡന്റ് ബൈഡന്‍) നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു, പക്ഷേ അസംസ്‌കൃത രാഷ്ട്രീയം ഈ പ്രക്രിയയെ ബാധിക്കുകയും നീതിയുടെ പരാജയത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നും അദ്ദേഹം വിശ്വസിക്കുന്നു' .അംഗോളയിലേക്കുള്ള വഴിയില്‍ എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രസിഡന്റിനെ ഉദ്ധരിച്ച് മിസ് ജീന്‍-പിയറി പറഞ്ഞു.

ഹണ്ടര്‍ ആരാണെന്നതുകൊണ്ടാണ് അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്നതെന്നും എതിരാളികള്‍ തന്റെ മകനെ പിന്തുടരുന്നത് തുടരുമെന്ന് ബൈഡന്‍ കരുതുന്നുവെന്നും ജീന്‍-പിയറി പറഞ്ഞു.

അതുകൊണ്ടാണ് പ്രസിഡന്റ് ഈ നടപടി സ്വീകരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം വരെ, ബൈഡന്‍ തന്റെ മകന് മാപ്പ് നല്‍കില്ലെന്ന് ഉറച്ച നിലപാടില്‍ തന്നെ ആയിരുന്നുവെന്ന് ജീന്‍-പിയറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജൂണില്‍, ഒരു കൈത്തോക്ക് വാങ്ങവേ പൂരിപ്പിച്ച് കൊടുത്ത ഒരുസത്യവാങ്മൂലത്തില്‍ തന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ഹണ്ടര്‍ കള്ളം പറഞ്ഞുവെന്ന് ഡെലവെയറിലെ ഒരു ജൂറി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മൂന്നു ക്രിമിനല്‍ കുറ്റങ്ങളാണ് ഹണ്ടറിനെതിരെ തെളിയിക്കപ്പെട്ടത്. ഇതോടെ അമേരിക്കയുടെ ചരിത്രത്തില്‍ ഒരു സിറ്റിം പ്രസിഡന്റിന്റെ മകന്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ സംഭമായി ഹണ്ടറിന്റെ കേസ് മാറി.

സെപ്റ്റംബറില്‍, നികുതി ഫയല്‍ ചെയ്യാനും അടയ്ക്കാനും കഴിയാതിരുന്നത്, നികുതി വെട്ടിപ്പ്, തെറ്റായ റിട്ടേണ്‍ ഫയല്‍ ചെയ്യല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഫെഡറല്‍ നികുതി കുറ്റങ്ങള്‍ക്കും ഹണ്ടര്‍ കുറ്റ സമ്മതം നടത്തിയിരുന്നു.

നികുതി, തോക്ക് കുറ്റകൃത്യങ്ങള്‍ക്കപ്പുറം, 2014 ജനുവരിക്കും 2024 ഡിസംബറിനും ഇടയില്‍ ഹണ്ടര്‍ ചെയ്തിട്ടുണ്ടാകാന്‍ സാധ്യതയുള്ള ഏതെങ്കിലും ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ക്കും കൂടിയാണ് മാപ്പു നല്‍കിയിട്ടുള്ളത്.

ഉക്രേനിയന്‍ ഊര്‍ജ്ജ കമ്പനിയായ ബുരിസ്മയില്‍ ഹണ്ടര്‍ ബൈഡന്‍ ബോര്‍ഡ് അംഗമായ വര്‍ഷം മുതലാണ് ആരോപണങ്ങള്‍ ആരംഭിക്കുന്നത്. അന്നത്തെ യുഎസ് വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന് കീവിനോടുള്ള അമേരിക്കന്‍ നയത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമായിരുന്നത് ചൂണ്ടിക്കാട്ടിയാണ് ബൈഡന്റെ സ്വാധീനം ഹണ്ടര്‍ തന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് ഉപയോഗിച്ചിരിക്കാം എന്ന ആരോപണങ്ങളുമായി എതിരാളികള്‍ സജീവമായത്.
ഈ ആരോപണങ്ങള്‍ക്ക് ഒരു തെളിവും നല്‍കാന്‍ കഴിയാതെ വന്നതോടെ ബൈഡനെതിരെ റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് ശ്രമം പരാജയപ്പെട്ടു. ബൈഡന്‍ കള്ളം പറഞ്ഞതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഈ വേനല്‍ക്കാലത്ത് നടന്ന ഒരു കോണ്‍ഗ്രസ് അന്വേഷണത്തില്‍ തന്റെ മകന്റെ ബിസിനസ് ഇടപാടുകളില്‍ തനിക്ക് ഒരുപങ്കുമില്ല എന്നാണ് ബൈഡന്‍ പറഞ്ഞത്. ഏതെങ്കിലും തെറ്റ് തന്റെ ഭാഗത്ത് സംഭവിച്ചിട്ടില്ലെന്നും ബൈഡന്‍ പറഞ്ഞു.

അതേസമയം ചെറുപ്പക്കാരനായ ബൈഡനെ കുടുംബ പശ്ചാത്തലം കാരണം ഒറ്റപ്പെടുത്തിയെന്ന അവകാശവാദം രണ്ട് കേസുകള്‍ക്കും മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക അഭിഭാഷകനായ ഡേവിഡ് വെയ്‌സ്, പൂര്‍ണ്ണമായും തള്ളി.

'ഈ കേസില്‍ പ്രതികാരമോ സെലക്ടീവ് പ്രോസിക്യൂഷനോ ഉള്ള തെളിവുകളൊന്നും ഉണ്ടായിരുന്നില്ല, ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് വെയ്‌സിന്റെ ടീം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ എഴുതി.

ഇതിനിടെ തന്റെ മകന് മാപ്പുനല്‍കിയ നടപടിയെ പിന്തുണക്കുന്നതായി യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍ തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നിന്ന് പറഞ്ഞു.

ബൈഡന്‍ ഭരണകൂടം തങ്ങളുടെ ശത്രുക്കള്‍ക്കെതിരെ നീതിന്യായ വകുപ്പിനെ 'ആയുധമാക്കുന്നു' എന്ന് ദീര്‍ഘകാലമായി ആരോപിക്കുന്ന നിയുക്ത പ്രസിഡന്റ് ട്രംപും മറ്റ് ഉന്നത റിപ്പബ്ലിക്കന്‍മാരും പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ പ്രകോപനപരമായ പ്രതികരണങ്ങളാണ് നടത്തിയത്. .

'നമ്മുടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ബൈഡന്‍മാര്‍ പരിഹരിക്കാനാവാത്തവിധം നശിപ്പിക്കുകയും അത് ദുരുപയോഗം ചെയ്യുകയും ചെയ്‌തെന്ന് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പറഞ്ഞു.

തന്റെ കുടുംബത്തിന്റെ അഴിമതി സ്വാധീന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബൈഡന്‍ തുടക്കം മുതല്‍ അവസാനം വരെ കള്ളം പറഞ്ഞതായി ഹൗസ് മേല്‍നോട്ട സമിതി ചെയര്‍മാന്‍ ജെയിംസ് കോമര്‍ പറഞ്ഞു.