വാഷിംഗ്ടണ്‍: യുവാക്കള്‍ക്കിടയിലെ ട്രംപിന്റെ ശബ്ദം, പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് യുഎസ്. കിര്‍ക്കിന്റെ മരണത്തിന്റെ ഞെട്ടല്‍ ട്രംപിന്റെ പ്രതികരണത്തില്‍ പോലും വ്യക്തമായിരുന്നു. 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിന് ഒപ്പം നിര്‍ത്തുന്നതില്‍ ചാര്‍ലി കിര്‍ക്കിന്റെ ഇടപെടലുകള്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
31 വയസുമാത്രം പ്രായമുള്ള ചാര്‍ലി കിര്‍ക്ക് രാജ്യത്തെ യാഥാസ്ഥിതിക മുന്നേറ്റത്തിന്റെ പ്രധാന ആശയ പ്രചാരകരില്‍ ഒരാളായിരുന്നു. സ്ത്രീകള്‍ മാതൃത്വത്തിന് പ്രാധാന്യം നല്‍കണം എന്ന വാദം ഉയര്‍ത്തി ഗര്‍ഭച്ഛിദ്ര നിരോധനത്തെ ഉള്‍പ്പെടെ എതിര്‍ക്കുന്ന പ്രചാരണള്‍ക്ക് ചുക്കാന്‍ പിടിച്ചവരിലും കിര്‍ക്ക് ഉണ്ടായിരുന്നു. യുഎസിലെ തോക്ക് സംസ്‌കാരത്തെ പിന്തുണയ്ച്ചിരുന്ന കിര്‍ക്ക് രാജ്യത്തേയ്ക്കുള്ള കുടിയേറ്റങ്ങള്‍ തടയണം എന്ന നിലപാടുകാരന്‍ ആയിരുന്നു.
അമേരിക്കയില്‍ മുന്‍ഗണന വേണ്ടത് അമേരിക്കക്കാര്‍ക്ക് തന്നെയാണ് എന്നതായിരുന്നു കിര്‍ക്കിന്റെ പ്രധാന വാദങ്ങളില്‍ ഒന്ന്. ഇന്ത്യക്കാരുടെ നിയമാനുസൃത കുടിയേറ്റം അമേരിക്കക്കാരുടെ തൊഴില്‍ കവരുന്നു എന്ന വാദമായിരുന്നു കിര്‍ക്ക് പ്രധാനമായും ഉയര്‍ത്തിയത്. 'യുഎസിലേക്ക് ഇനിയും ഇന്ത്യക്കാര്‍ വരേണ്ട' എന്നത് മുദ്രാവാക്യമാക്കി മാറ്റാനും കിര്‍ക്കിന് കഴിഞ്ഞു. സെപ്തംബര്‍ രണ്ടിന് പോസ്റ്റ് ചെയ്ത എക്‌സ് കുറിപ്പില്‍ പോലും ഇക്കാര്യം കിര്‍ക്ക് ആവര്‍ത്തിച്ചിരുന്നു. തന്റെ പതിനെട്ടാം വയസിലാണ് കിര്‍ക്കും കൂട്ടുകാരും 'ടേണിങ് പോയിന്റ്'എന്ന സംഘടനയുണ്ടാക്കിയത്. യാഥാസ്ഥിതിക ആശയങ്ങളുടെ പ്രചാരമായിരുന്നു സംഘടനയുടെ മുഖമുദ്ര. യുഎസിലെ ക്യാപസുകലില്‍ വലിയ പിന്തുണ ലഭിച്ച സംഘടന പിന്നീട് വലതുപക്ഷ ആശയങ്ങളുടെ പ്രചാരകരായി മാറി.
'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍'എന്ന ട്രംപിന്റെ മുദ്രാവാക്യം ജനങ്ങള്‍ക്കിടയില്‍ ഉറപ്പിക്കുന്നതിലും കിര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. വൈറ്റ് ഹൗസില്‍ ട്രംപിന്റെ പതിവ് സന്ദര്‍ശകരില്‍ ഒരാള്‍ കൂടിയായിരുന്നു കിര്‍ക്ക്. മാര്‍എലാഗോയില്‍ ട്രംപിനൊപ്പം ഗോള്‍ഫ് കളിച്ച ചുരുക്കം ആളുകളില്‍ ഒരാള്‍ എന്നതും ഇരുവരും തമ്മിലുള്ള അടുപ്പത്തെ അടയാളപ്പെടുത്തുന്നതിനുള്ള ഉദാഹരണമാണ്.
ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ച് പോന്ന കിര്‍ക്കിന്റെ ഈ വിഷയത്തിലെ ഒരു പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. ഒരു സംവാദത്തിനിടെയിലെ കിര്‍ക്കിന്റെ മറുപടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചത്. ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായാല്‍ എന്ത് ചെയ്യണം എന്ന ഒരു സ്ത്രീയുടെ ചോദ്യത്തിന്, കുഞ്ഞ് ജനിക്കും എന്നായിരുന്നു കിര്‍ക്കിന്റെ മറുപടി.
തോക്ക് സംസ്‌കാരത്തെ പിന്തുണയ്ച്ചിരുന്ന കിര്‍ക്കിന്റെ അന്ത്യം ഒടുവില്‍ അജ്ഞാതന്റെ ബുള്ളറ്റിലായെന്നതും മറ്റൊരു യാദൃശ്ചികതയായി. യൂട്ട വാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ചടങ്ങിനിടെയായിരുന്നു കിര്‍ക്ക് ആക്രമിക്കപ്പെട്ടത്. ചടങ്ങിനിടെ വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുകുന്ന വിഡിയോ ഉള്‍പ്പെടെ പുറത്തുവരികയും ചെയ്തിരുന്നു.
'യുഎസിലേക്ക് ഇനിയും ഇന്ത്യക്കാര്‍ വരേണ്ട'; ഗര്‍ഭച്ഛിദ്രത്തെ എതിര്‍ത്ത, തോക്ക് സംസ്‌കാരത്തെ പിന്തുണച്ച ഇന്‍ഫഌവന്‍സര്‍, ആരാണ് ചാര്‍ലി കിര്‍ക്ക്?
