ആയിരക്കണക്കിന് ഇന്ത്യന്‍-അമേരിക്കന്‍ കുട്ടികള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത് എന്തുകൊണ്ട്

ആയിരക്കണക്കിന് ഇന്ത്യന്‍-അമേരിക്കന്‍ കുട്ടികള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത് എന്തുകൊണ്ട്


വാഷിംഗ്ടണ്‍: നിയമപരമായ കുടിയേറ്റക്കാരുടെ 2,50,000-ത്തിലധികം കുട്ടികള്‍, അതില്‍ ഭൂരിഭാഗവും ഇന്ത്യന്‍-അമേരിക്കക്കാര്‍, 'ഏജിംഗ് ഔട്ട്' പ്രശ്‌നം കാരണം അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെടാനുള്ള സാധ്യത ഉയര്‍ന്നുവന്നിരിക്കുകയാണ്.

'ഡോക്യുമെന്റഡ് ഡ്രീംമേഴ്‌സ്' എന്നറിയപ്പെടുന്ന ഈ കുട്ടികള്‍ മാതാപിതാക്കളോടൊപ്പം താല്‍ക്കാലിക വര്‍ക്ക് വിസയില്‍ യുഎസിലേക്ക് വന്നവരാണെങ്കിലും ഇപ്പോള്‍ 21 വയസ്സ് തികയുകയും ആശ്രിത പദവി നഷ്ടപ്പെടുകയും ചെയ്യുന്നതിനാലാണ് നാടുകടത്തല്‍ നേരിടുന്നത്.

യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) ഡാറ്റയെക്കുറിച്ച് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി (എന്‍എഫ്എപി) നവംബര്‍ 2 വരെ നടത്തിയ പഠനത്തില്‍, ആശ്രിതര്‍ ഉള്‍പ്പെടെ 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ നിലവില്‍ ഇബി-1, ഇബി-2, ഇബി-3 വിഭാഗങ്ങളില്‍ ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നതായി കണ്ടെത്തി. ഫോബ്‌സ് റിപ്പോര്‍ട്ടില്‍ നിന്നുള്ള കണക്കാണിത്.

അവിവാഹിതരും 21 വയസ്സിന് താഴെയുള്ളവരെയുമാണ് ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട് (ഐ. എന്‍. എ) കുട്ടികളായി പരിഗണിക്കുന്നത്. ഒരു വ്യക്തി കുട്ടിയെന്ന നിലയില്‍ നിയമപരമായ സ്ഥിര താമസ (എല്‍പിആര്‍) പദവിക്ക് അപേക്ഷിക്കുകയും എന്നാല്‍ ഗ്രീന്‍ കാര്‍ഡിന് അംഗീകാരം ലഭിക്കുന്നതിന് മുമ്പ് 21 വയസ്സ് തികയുകയും ചെയ്താല്‍, അവരെ ഇമിഗ്രേഷന്‍ ആവശ്യങ്ങള്‍ക്കായി ഒരു കുട്ടിയായി കണക്കാക്കില്ല.

ഇതിനെ 'ഏജിംഗ് ഔട്ട്' എന്ന് വിളിക്കുന്നു, അതിനര്‍ത്ഥം ആ വ്യക്തിക്ക് ഒരു പുതിയ അപേക്ഷ ഫയല്‍ ചെയ്യേണ്ടിവരുമെന്നാണ്. ഗ്രീന്‍ കാര്‍ഡിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരുകയോ അല്ലെങ്കില്‍ ഇനി അതിന് അര്‍ഹത നഷ്ടപ്പെടുകയോ ചെയ്യാം.

ഈ പ്രശ്‌നം പരിഹരിക്കനായി ഒരു നിയമ നിര്‍മാണ ശ്രമം ഉണ്ടായെങ്കിലും രണ്ടുതവണ ഉഭയകക്ഷി കരാര്‍ തള്ളിക്കളയുകയും നടപടികള്‍ സ്തംഭിപ്പിക്കുകയും ചെയ്തതിന് വൈറ്റ് ഹൗസ് റിപ്പബ്ലിക്കന്മാരെ കുറ്റപ്പെടുത്തിയെന്ന് വാര്‍ത്താ ഏജന്‍സി പി. ടി. ഐ റിപ്പോര്‍ട്ട് ചെയ്തു.

'ഡോക്യുമെന്റഡ് ഡ്രീംമേഴ്‌സ് എന്ന് വിളിക്കപ്പെടുന്നവരെ സഹായിക്കുന്നതിനുള്ള ഒരു പ്രക്രിയ ചര്‍ച്ച ചെയ്ത സെനറ്റില്‍ നിന്ന് ഒത്തുചേര്‍ന്ന ഉഭയകക്ഷി കരാറിനെക്കുറിച്ച് താന്‍ സംസാരിച്ചുവെന്നും രണ്ടുതവണ റിപ്പബ്ലിക്കന്മാര്‍ അതിനെ എതിര്‍ത്ത് വോട്ടുചെയ്തുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍-പിയറി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുഎസ് അഭിഭാഷകര്‍ നടപടിയെടുക്കാന്‍ അപേക്ഷിച്ചു

നാടുകടത്തല്‍ ഭീഷണി നേരിടുന്ന ഡോക്യുമെന്റഡ് ഡ്രീമേഴ്‌സിനെ സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇമിഗ്രേഷന്‍, സിറ്റിസണ്‍ഷിപ്പ്, ബോര്‍ഡര്‍ സേഫ്റ്റി എന്നിവയെക്കുറിച്ചുള്ള സെനറ്റ് ജുഡീഷ്യറി ഉപസമിതിയുടെ ചെയര്‍മാന്‍ സെനറ്റര്‍ അലക്‌സ് പാഡില്ലയുടെയും പ്രതിനിധി ഡെബോറ റോസിന്റെയും നേതൃത്വത്തിലുള്ള 43 നിയമനിര്‍മ്മാതാക്കളുടെ സംഘം ജൂണ്‍ 13 ന്, ബൈഡന്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

'ഈ ചെറുപ്പക്കാര്‍ അമേരിക്കയില്‍ വളരുകയും അമേരിക്കന്‍ സ്‌കൂള്‍ സമ്പ്രദായത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും അമേരിക്കന്‍ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടുകയും ചെയ്യുന്നവരാണ്. എന്നിരുന്നാലും, നീണ്ട ഗ്രീന്‍ കാര്‍ഡ് ബാക്ക്‌ലോഗ് കാരണം, അംഗീകൃത കുടിയേറ്റ അപേക്ഷകളുള്ള കുടുംബങ്ങള്‍ സ്ഥിര താമസ പദവിക്കായി പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണെന്ന് നിയമനിര്‍മ്മാതാക്കള്‍ എഴുതി.

ഡോക്യുമെന്റഡ് ഡ്രെയിമര്‍മാരുടെ ആഘാതത്തിന്റെ കഥകള്‍

പ്രശ്‌ന പരിഹാരത്തിനായി വാദിക്കാന്‍ നൂറിലധികം കോണ്‍ഗ്രസ് ഓഫീസുകളുമായും മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരുമായും ഈ കുട്ടികളെ പ്രതിനിധീകരിക്കുന്ന സംഘടനയായ ഇംപ്രൂവ് ദി ഡ്രീം, കൂടിക്കാഴ്ച നടത്തിയിരുന്നു.

'നടപടിയുടെ അഭാവവും, അനുബന്ധ നിര്‍ദ്ദിഷ്ട നിയന്ത്രണങ്ങളും നിഷേധിക്കപ്പെടുകയും കാലതാമസം വരുത്തുകയും ചെയ്യുന്നത് നിരാശാജനകമാണെന്ന് ഇംപ്രൂവ് ദി ഡ്രീം സ്ഥാപകന്‍ ദീപ് പട്ടേല്‍ പറഞ്ഞു. പ്രസിഡന്റ് ബൈഡനും ഭരണകൂടവും ഈ ഉഭയകക്ഷി കത്തില്‍ നിന്നുള്ള പിന്തുണ കാണുകയും കോണ്‍ഗ്രസിലെ ഏറ്റവും ഉഭയകക്ഷി പ്രശ്‌നങ്ങളിലൊന്നില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് കാണിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.