ന്യൂയോര്‍ക്ക്: ബോര്‍ഡിംഗ് പാസില്ല, തിരിച്ചറിയല്‍ പരിശോധനകളും നടന്നില്ല- സുഖസുന്ദരമായി ഒരു വനിത ഏഴു മണിക്കൂര്‍ വിമാന യാത്ര നടത്തി. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പാരീസിലേക്കാണ് അവര്‍ പറന്നത്.
ന്യൂയോര്‍ക്ക് വിമാനത്താവളത്തിലെ ഒന്നിലധികം സുരക്ഷാ ചെക്ക്പോസ്റ്റുകള്‍ മറികടന്നാണ് വനിത പാരീസിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയത്. അവരുടെ കൈവശം ബോര്‍ഡിംഗ് പാസ് ഇല്ലായിരുന്നു.
ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച് അജ്ഞാത വനിത ന്യൂയോര്‍ക്ക് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകളെയെല്ലാം കബളിപ്പിച്ച് വിമാനത്തിലെത്തിയത് തിരക്കുകള്‍ മുതലെടുത്തായിരുന്നു. ബോര്‍ഡിംഗിന് മുമ്പ് പൂര്‍ണ്ണ സുരക്ഷാ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിരുന്നതായും ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടി എസ് എ) വക്താവ് പറഞ്ഞു. നിരോധിത വസ്തുക്കളൊന്നും ഉണ്ടാകാതിരുന്നതും സുരക്ഷാ ഭീഷണി ഉയര്‍ത്തിയിട്ടില്ലാതിരുന്നതുമാണ് സ്ത്രീ അധികൃതരുടെ ശ്രദ്ധയില്‍പെടാതെ പോയതത്രെ.
ബോര്‍ഡിംഗ് പാസ് ഇല്ലാത്ത ഒരു വ്യക്തിക്ക് നിരോധിത വസ്തുക്കളൊന്നുമില്ലെങ്കില്‍ വ്യക്തിഗത ബാഗുകള്‍ ഉള്‍പ്പെടെ സുരക്ഷാ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കാനാവുമെന്ന് ടി എസ് എ വക്താവ് പറഞ്ഞു. രണ്ട് ഐഡന്റിറ്റി വെരിഫിക്കേഷനും ബോര്‍ഡിംഗ് സ്റ്റാറ്റസ് സ്റ്റേഷനുകളും മറികടന്നാണ് അവര്‍ വിമാനത്തില്‍ കയറിയതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഏഴുമണിക്കൂറിലേറെ നീണ്ട വിമാനയാത്രയ്ക്കൊടുവില്‍ യുവതിയെ കുളിമുറിയിലാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് കണ്ടെത്തിയതെന്ന് ഒരു യാത്രക്കാരനെ ഉദ്ധരിച്ച് ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
സ്റ്റോവവേയെക്കുറിച്ച് ആദ്യം യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെങ്കിലും വിമാനം പാരീസില്‍ ലാന്‍ഡ് ചെയ്തുകഴിഞ്ഞാല്‍ സുരക്ഷാ പ്രശ്‌നത്തെ തുടര്‍ന്ന് ഫ്രഞ്ച് പൊലീസ് വിമാനത്തില്‍ കയറുമെന്ന് ജീവനക്കാര്‍ അറിയിച്ചു.
സ്ത്രീ എങ്ങനെയാണ് വിമാനത്താവളത്തിലെ ബോര്‍ഡിംഗ് സ്റ്റേഷനുകള്‍ മറികടന്നതെന്ന് വ്യക്തമല്ല. യാത്രക്കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ഡെല്‍റ്റ എയര്‍ലൈന്‍സ് പുറത്തുവിട്ടിട്ടില്ല.
എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും മറ്റ് വ്യോമയാന പങ്കാളികളുമായും നിയമപാലകരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു.