ജാതി, ശുദ്ധ വെജിറ്റേറിയന്‍ വാദങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സൊമാറ്റോ സഹായിക്കുമ്പോള്‍

ജാതി, ശുദ്ധ വെജിറ്റേറിയന്‍ വാദങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സൊമാറ്റോ സഹായിക്കുമ്പോള്‍

Photo Caption


സൊമാറ്റോ ഡെലിവറി ബോയി രാജേഷിന് തന്റെ പേരിലെ മുഴുവന്‍ ഭാഗവും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ കടുത്ത ആശങ്കയുണ്ട്. കാരണം അദ്ദേഹം വരുന്നത് ജാതിയില്‍ താഴെയുള്ള സമൂഹത്തില്‍ നിന്നാണ്. പേരിന്റെ അവസാന ഭാഗം ജാതിയേതാണെന്ന് കൃത്യമായി ആളുകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കും. തൊട്ടുകൂടാത്തതും തീണ്ടിക്കൂടാത്തതുമൊക്കെ എടുത്തുമാറ്റിയെന്ന് അവകാശപ്പെടുമ്പോഴും ഇന്ത്യയില്‍ ഇതൊക്കെ ഇപ്പോഴും നടക്കുന്നുണ്ടെന്നതിന് തെളിവാണ് താഴ്ന്ന ജാതിക്കാരന്റെ ഇത്തരം ആശങ്കകള്‍. 


തന്റെ അനുഭവത്തില്‍ നിന്നുതന്നെയാണ് രാജേഷ് ആ ആശങ്കയിലേക്ക് എത്തിച്ചേര്‍ന്നത്. സൊമാറ്റോയുടെ ഡെലിവറി ആപ്പില്‍ നിന്ന് തന്റെ കുടുംബപ്പേര് വായിച്ചതിനുശേഷം തന്നെ അടുപ്പിക്കാത്തവരേയും ഭക്ഷണപ്പൊതി നേരെ സ്വീകരിക്കാത്തവരേയും രാജേഷ് എത്രയോ കണ്ടിട്ടുണ്ട്. കടുത്ത ജാതിവാദികള്‍ ഭക്ഷണപ്പൊതി നിലത്തുവെച്ചിട്ട് പോകാന്‍ പറയുകയാണത്രെ ചെയ്യാറുള്ളത്. 

ഒരു ഭാഗത്ത് കടുത്ത ജാതി വിവേചനം അനുഭവപ്പെടുന്ന അതേ അവസ്ഥയില്‍ നില്‍ക്കെയാണ് മറുഭാഗത്ത് മറ്റൊരു പ്രതിസന്ധി കൂടി തനിക്കു മുമ്പിലേക്ക് തൊഴിലുടമ അവതരിപ്പിക്കുന്നതെന്ന് രാജേഷ് തിരിച്ചറിയുന്നു. പൂര്‍ണമായും സസ്യാഹാരം ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി പ്യുവര്‍ വെജ് മോഡും സൊമാറ്റോയില്‍ പ്യുവര്‍ വെജ് ഫ്‌ളീറ്റും അവതരിപ്പിക്കുന്നുവെന്നാണ് സൊമാറ്റോ സി ഇ ഒ ദീപീന്ദര്‍ ഗോയല്‍ എക്‌സില്‍ കുറിച്ചത്. അതായത് 'ശുദ്ധ പച്ചക്കറി വാദികള്‍' ഉന്നത ജാതിക്കാരായിരിക്കുമെന്നും തന്നെ പോലുള്ള താഴ്ന്ന ജാതിക്കാര്‍ ഈ ഭക്ഷണവുമായി പോകുമ്പോഴുള്ള അവസ്ഥ എന്തായിരിക്കുമെന്നും രാജേഷും രാജേഷിനെ പോലുള്ളവരും ആശങ്കയോടെ ചിന്തിക്കാന്‍ തുടങ്ങി എന്നര്‍ഥം. 

'ലോകത്തില്‍ ഏറ്റവും കൂടുതല്‍ സസ്യഭുക്കുകള്‍ ഉള്ളത് ഇന്ത്യയിലാണ്. അവരില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഫീഡ്ബാക്കുകളില്‍ ഒന്ന് അവരുടെ ഭക്ഷണം പാകം ചെയ്യുന്നതും അത് കൈകാര്യം ചെയ്യുന്നതും പ്രത്യേകതകളോടെയാണെന്ന കാര്യമാണെന്നും സി ഇ ഒ എക്‌സില്‍ എഴുതി. 

പ്യുവര്‍ വെജ് മോഡ് എന്നത് വെജിറ്റേറിയന്‍ ഭക്ഷണം മാത്രം നല്‍കുന്ന റെസ്റ്റോറന്റുകളുടെ ക്യൂറേറ്റഡ് ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. പട്ടികയില്‍ മാംസമോ മത്സ്യമോ നല്‍കുന്ന ഒരു ഭക്ഷണ ശാലയുമുണ്ടാവില്ല. പ്യുവര്‍ വെജ് മോഡ് റെസ്റ്റോറന്റുകളില്‍ നിന്ന് മാത്രം ഭക്ഷണം കൊണ്ടുപോകുന്ന റൈഡര്‍മാര്‍ ഉള്‍പ്പെടുന്നതാണ് പ്യുവര്‍ വെജ് ഫ്‌ളീറ്റെന്നും ഗോയല്‍ പ്രഖ്യാപിച്ചു.

ഭാവിയില്‍, കമ്പനി മറ്റ് സ്‌പെഷ്യലൈസ്ഡ് ഫ്‌ളീറ്റുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായും ഗോയല്‍ എഴുതി. 2023ല്‍ 7.4 ബില്യന്‍ ഡോളര്‍ വിലമതിക്കുന്ന ഇന്ത്യയുടെ ബൃഹത്തായ ആപ്പ് അധിഷ്ഠിത ഭക്ഷ്യ വിതരണ വ്യവസായം അടിവരയിടുന്ന സങ്കീര്‍ണ്ണമായ യാഥാര്‍ഥ്യം രാജഷിനെ പോലുള്ളവരെ ഉത്കണ്ഠാകുലരാക്കുകയും തങ്ങളുടെ ജാതി ഒറ്റിക്കൊടുക്കുകയും ചെയ്യുമെന്നാണ് സാമൂഹ്യശാസ്ത്രജ്ഞരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. 

പെന്‍സില്‍വാനിയ സര്‍വകലാശാലയുടെ പഠനം അനുസരിച്ച് ഡെലിവറി തൊഴിലാളികളില്‍ പകുതിയിലധികം പട്ടികജാതിയിലും പട്ടികവര്‍ഗ്ഗത്തിലും പെട്ടവരാണ്. 54.5 ശതമാനമാണ് ഇത്തരക്കാര്‍. 

നൂറ്റാണ്ടുകളായി വിവേചനവും സാമൂഹിക സാമ്പത്തിക പരാധീനതകളും അനുഭവിച്ചിട്ടുള്ളതിനാല്‍ ഈ സമൂഹത്തെ സര്‍ക്കാര്‍  'ഷെഡ്യൂള്‍ഡ്' ആയി നിശ്ചയിച്ചിരിക്കുന്നു. ഇന്ത്യയിലെ ജാതി- വര്‍ഗ്ഗീകരണ സമൂഹത്തില്‍, അവര്‍ പലപ്പോഴും വിശേഷാധികാരമുള്ള ജാതികളാല്‍ 'അശുദ്ധരായാണ്' കണക്കാക്കപ്പെടുന്നത്. സൊമാറ്റോയുടെ ഏറ്റവും പുതിയ നയങ്ങള്‍ ആ സ്റ്റീരിയോടൈപ്പുകളെ ശക്തിപ്പെടുത്തുകയും രാജേഷിനെ പോലുള്ള തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന വിവേചനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് സാമൂഹ്യശാസ്ത്രജ്ഞരും തൊഴിലാളികളുടെ അവകാശ വക്താക്കളും പറയുന്നു. ഇന്ത്യയില്‍ സൊമാറ്റോ പോലുള്ള പ്ലാറ്റ്ഫോമുകളില്‍ ഏഴു ലക്ഷം മുതല്‍ ഒരു ദശലക്ഷം വരെ ഭക്ഷണ വിതരണ തൊഴിലാളികളാണുള്ളത്. 

തന്റെ സഹപ്രവര്‍ത്തകര്‍ പങ്കിട്ട സ്‌ക്രീന്‍ഷോട്ടില്‍ നിന്നാണ് രാജേഷ് സ്‌പെഷ്യലൈസ്ഡ് ഫ്‌ളീറ്റുകളെ കുറിച്ച് മനസ്സിലാക്കിയത്. കമ്പനി എന്താണ് ലക്ഷ്യമിടുന്നതെന്നും അവര്‍ അടുത്തതായി മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ഫ്‌ളീറ്റുകള്‍ സൃഷ്ടിക്കുമോ എന്ന ചോദ്യവും രാജേഷ് ഉന്നയിക്കുന്നു. അങ്ങനെ വന്നാല്‍ ആദ്യം കുഴപ്പത്തിലാകുന്നത് തന്നെപ്പോലുള്ളവരാണെന്ന് രാജേഷിന് അറിയാം. 

എല്ലാവരും മികച്ച പാക്കുകളിലാണ് ഭക്ഷണം വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതെങ്കിലും ചില സമയങ്ങളില്‍ അതിന്റെ ഗന്ധം ഡെലിവറി ബോക്‌സില്‍ തങ്ങി നില്‍ക്കുകയും അടുത്ത ഭക്ഷണത്തിലേക്ക് പടരുകയും ചെയ്യുന്നുണ്ട്. ഇക്കാരണം കൊണ്ടാണ് സസ്യാഹരത്തിന് മാത്രമായി ഫ്‌ളീറ്റ് തയ്യാറാക്കുന്നതെന്ന ന്യായവാദമാണ് എക്സിലെ തന്റെ പോസ്റ്റുകളില്‍ ഗോയല്‍ വിശദീകരിച്ചിരിക്കുന്നത്.

രണ്ട് വിഭാഗം ഭക്ഷ്യവിതരണക്കാര്‍ക്കും രണ്ട് നിറത്തിലുള്ള യൂണിഫോമിനെ കുറിച്ച് ആദ്യം പറഞ്ഞെങ്കിലും അതിലെ അപകട സാധ്യത വിലയിരുത്തപ്പെട്ടപ്പോള്‍ ഗോയല്‍ അതില്‍ നിന്നും ഭാഗികമായി പിന്മാറി. മാംസത്തെ അശുദ്ധമായി കാണുന്നവര്‍ ഡെലിവറി തൊഴിലാളികളെ ആക്രമിക്കാനോ എതിര്‍ക്കാനോ തീരുമാനിച്ചേക്കാമെന്നത് വ്യത്യസ്ത കളര്‍ യൂണിഫോമുകളുടെ അപകടമാണ്. 

വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കൊണ്ടുപോകുന്ന റൈഡര്‍മാരെ അവരുടെ യൂണിഫോം കൊണ്ട് വേര്‍തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും ഫ്‌ളീറ്റുകള്‍ വ്യത്യസ്തമായിരിക്കും. ഉപഭോക്താക്കള്‍ക്ക് സൊമാറ്റോ ആപ്പില്‍ 'പ്യുവര്‍ വെജ്' ഫ്‌ളീറ്റ് തിരഞ്ഞെടുക്കാനുമാകും.

'ഇന്ന് വെജ്, നോണ്‍ വെജ് എന്ന് പറയും; നാളെ അവര്‍ മതവും ജാതിയും കൊണ്ടുവരും,' ദേശീയ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് അധിഷ്ഠിത ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സിന്റെ (ഐ എഫ് എ ടി) സഹസ്ഥാപകനുമായ ശൈഖ് സലാവുദ്ദീന്‍ പറഞ്ഞു. ഉയര്‍ന്ന ജാതി ഉപഭോക്താക്കള്‍ ഉയര്‍ന്ന ജാതി ഡെലിവറി ബോയ്സിനെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞേക്കാമെന്നും ഇത് തൊഴിലാളികള്‍ക്കിടയില്‍ കൂടുതല്‍ വിഭജനം സൃഷ്ടിക്കുമെന്നും സലാഹുദ്ദീനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ത്യ പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്ത് എന്തുകൊണ്ടാണ് സൊമാറ്റോ സെന്‍സിറ്റീവ് ഭക്ഷണവും സംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് കടക്കുന്നത് എന്ന ചോദ്യവും ശൈഖ് ഉന്നയിച്ചു. കമ്പനി ആളുകളെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ബിസിനസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ബിസിനസാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ഡെലിവറി തൊഴിലാളികളുടെ ആശങ്കകളെക്കുറിച്ചുള്ള അല്‍ ജസീറയുടെ ചോദ്യത്തിന് റൈഡറുടെ സ്വന്തം ഭക്ഷണ മുന്‍ഗണനയെ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ക്ക് ഡെലിവറി പങ്കാളികളെ തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് സൊമാറ്റോ നല്‍കിയത്.


ജാതി, ശുദ്ധ വെജിറ്റേറിയന്‍ വാദങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സൊമാറ്റോ സഹായിക്കുമ്പോള്‍

സൊമാറ്റോയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഡെലിവറി പങ്കാളികള്‍ ഏതെങ്കിലും മാനദണ്ഡങ്ങളുടെ (ഭക്ഷണ/ രാഷ്ട്രീയ/ മത മുന്‍ഗണനകള്‍ ഉള്‍പ്പെടെ) അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മത, രാഷ്ട്രീയ മുന്‍ഗണനകള്‍ പരിഗണിക്കുന്നതിനേക്കാള്‍ വളരെ എളുപ്പമാണ് ഭക്ഷണത്തിലൂടെ അത്തരം വേര്‍തിരിവ് ഉണ്ടാക്കിയെടുക്കാനെന്നാണ്  സാമൂഹ്യശാസ്ത്രജ്ഞയായ മിനി മോഹന്‍ പറയുന്നത്. വെജിറ്റേറിയന്‍, നോണ്‍- വെജിറ്റേറിയന്‍ ഓപ്ഷനുകള്‍ വേര്‍തിരിക്കുന്നതിലൂടെ സൊമാറ്റോ മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള വിഭജനം മുതലെടുക്കുകയാണെന്ന് അവര്‍ വാദിച്ചു.

ഇന്ത്യയിലെ ജാതി വ്യവസ്ഥ ഭക്ഷണത്തെ ശുദ്ധിയോടും മലിനീകരണത്തോടും ബന്ധിപ്പിക്കുന്നതാണെന്നും 'വെജിറ്റേറിയന്‍ ഭക്ഷണം 'ശുദ്ധം' ആയാണ് കണക്കാക്കുന്നതെന്നും ചൂണ്ടിക്കാട്ടി മിനി മോഹന്‍ മാംസവും താഴ്ന്ന ജാതികളുമായി ബന്ധപ്പെട്ട തൊഴിലുകളും 'അശുദ്ധി' ആയി പരിഗണിക്കപ്പെടുന്നുവെന്നും വിശദമാക്കി. ഇത് ഭക്ഷണ രീതികളെ രൂപപ്പെടുത്തുകയും ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിക്കാര്‍ കൈകാര്യം ചെയ്യുന്ന ഭക്ഷണം പോലും ഒഴിവാക്കുകയും ചെയ്യുന്നു.

സൊമാറ്റോയുടെ സമീപനം ചില ഗ്രൂപ്പുകളോട് വിവേചനം കാണിക്കുക മാത്രമല്ല, സാമൂഹിക വിള്ളലുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നും  ഭക്ഷണത്തിലെ തെരഞ്ഞെടുപ്പ് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും സാമൂഹിക ഐക്യം തകര്‍ക്കുകയും ചെയ്യുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

കടുത്ത പക്ഷപാതത്തിന്റെയും ഭക്ഷണ വിതരണത്തിന്റെയും വിഭജനം ഇന്ത്യയ്ക്കോ സൊമാറ്റോയ്ക്കോ പുതിയ കാര്യമല്ല.

2019-ല്‍, ഡെലിവറി ചെയ്യുന്ന വ്യക്തിയുടെ മതം കാരണം ഒരു ഉപഭോക്താവ് ഓര്‍ഡര്‍ റദ്ദാക്കിയപ്പോള്‍ സൊമാറ്റോ വിവാദത്തിലായിരുന്നു. ഭക്ഷണത്തിന് മതമില്ല എന്ന സൊമാറ്റോയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ പരക്കെ പ്രശംസിക്കപ്പെട്ടു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം കമ്പനി ആ വേലിക്കെട്ടുകള്‍ പൊളിക്കുന്നതാണ് കാണുന്നത്. 

ഹിന്ദുമതത്തിലെ ശുദ്ധവും അശുദ്ധവുമായ ഭക്ഷണം എന്ന ആശയം ബി സി 700-നും 100-നും ഇടയില്‍ വ്യത്യസ്ത രചയിതാക്കള്‍ എഴുതിയ ധര്‍മ്മസൂത്രങ്ങളില്‍ നിന്നാണ് ആരംഭിച്ചതെന്ന് സംസ്‌കൃത പണ്ഡിതനും അധ്യാപകനും സംവാദകനുമായ ടി എസ് ശ്യാം കുമാറിനെ ഉദ്ധരിച്ച് അല്‍ ജസീറ എഴുതുന്നു. 

'ധര്‍മ്മസൂത്രങ്ങള്‍ ധര്‍മ്മത്തിന്റെ വഴികാട്ടികളായി പ്രവര്‍ത്തിച്ച പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളാണ്- കടമ, നീതി, ധാര്‍മ്മിക പെരുമാറ്റം എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ആശയം. ഹിന്ദു നിയമത്തിന്റെ ആദ്യ സ്രോതസ്സായി അവ കണക്കാക്കപ്പെടുന്നു'- അദ്ദേഹം പറഞ്ഞു.

അശുദ്ധനായ ഒരാള്‍ സ്പര്‍ശിച്ച ഭക്ഷണം അശുദ്ധമാകുമെന്ന് വേദങ്ങള്‍ പ്രഖ്യാപിക്കുന്നു,വെന്നും അത് കഴിക്കാന്‍ യോഗ്യമല്ലെന്നും മാത്രമല്ല പരമ്പരാഗത ജാതി ശ്രേണിയിലെ ഏറ്റവും താഴെ തട്ടിലുള്ള ശൂദ്രന്‍ കൊണ്ടുവരുന്ന ഭക്ഷണവും കഴിക്കാന്‍ യോഗ്യമല്ലെന്നും ധര്‍മ്മസൂത്രങ്ങള്‍ പറയുന്നതായി അദ്ദേഹം വിശദീകരിച്ചു. 

ജാതി വ്യവസ്ഥ പലപ്പോഴും പരമ്പരാഗതമായി പിന്നോക്കം നില്‍ക്കുന്ന ജാതികളെ മാംസാഹാരവുമായി ബന്ധപ്പെടുത്തുകയും അവരെ 'മലിനമായി' കണക്കാക്കുകയും ചെയ്യുന്നു, അവരുടെ സാമൂഹിക ബഹിഷ്‌കരണത്തെ ന്യായീകരിക്കുന്നു. ഇന്ത്യയിലെ പുരോഗമനത്തിന്റെ കേന്ദ്രമായി പലപ്പോഴും കാണുന്ന സംസ്ഥാനമായ കേരളത്തില്‍ പോലും അത് സത്യമാണെന്നും അദ്ദേഹം വിശദമാക്കി. കേരളവും ബ്രാഹ്‌മണ റെസ്റ്റോറന്റുകളുടെ വര്‍ധനവിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന ജാതി പേരുകളുള്ള ചില ബ്രാന്‍ഡുകളുടെ ചേരുവകള്‍ വാങ്ങാനാണ് ആളുകള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ശ്യാം കുമാര്‍ പറഞ്ഞു.

ആശയവിനിമയത്തിലെ പരാജയത്തിന്റെയും ഉപഭോക്താവിനെ മനസ്സിലാക്കാത്തതിന്റെയും ഫലമാണ് സൊമാറ്റോയുടെ വിവാദപരമായ സമീപനമെന്ന് മാര്‍ക്കറ്റിംഗ് പ്രൊഫസറും മുന്‍ ഹോട്ടല്‍ ഉടമയുമായ ശശി ബെല്ലംകൊണ്ട പറഞ്ഞു.

പ്രത്യേകം 'പ്യുവര്‍ വെജ് മോഡ്', 'പ്യുവര്‍ വെജ് ഫ്‌ളീറ്റ്' എന്നിവ അവതരിപ്പിക്കുന്നതിനുപകരം വെജിറ്റേറിയന്‍ ഓര്‍ഡറുകള്‍ നോണ്‍-വെജിറ്റേറിയന്‍ ഓര്‍ഡറുകള്‍ പോലെ തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിലവിലുള്ള പ്രക്രിയകള്‍ മെച്ചപ്പെടുത്തുന്നതില്‍ കമ്പനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.