ഇറാനിൽ 201 മരണം; 200 യുദ്ധവിമാനങ്ങളോടെ 500 ലക്ഷ്യങ്ങൾ തകർത്തതായി ഇസ്രയേൽ

ഇറാനിൽ 201 മരണം; 200 യുദ്ധവിമാനങ്ങളോടെ 500 ലക്ഷ്യങ്ങൾ തകർത്തതായി ഇസ്രയേൽ


അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ വൻ വ്യോമാക്രമണത്തിൽ 201 പേർ കൊല്ലപ്പെടുകയും 747 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 24 പ്രവിശ്യകളിലായി ആക്രമണം വ്യാപിച്ചതായും റെഡ് ക്രസന്റ് വിവരമറിയിച്ചതായും റിപ്പോർട്ടുണ്ട്.

ഇസ്രയേൽ ഏകദേശം 200 യുദ്ധവിമാനങ്ങൾ വിന്യസിച്ച് 500ഓളം ലക്ഷ്യങ്ങൾ ആക്രമിച്ചതായാണ് ഇസ്രയേൽ വൃത്തങ്ങൾ അവകാശപ്പെടുന്നത്. ടെഹ്രാനിൽ പരമോന്നത നേതാവ് അലി ഖമനെയിയുടെ ഓഫീസ് സമുച്ചയത്തിന് സമീപവും സ്‌ഫോടനങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖമനെയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നുവെന്നാണ് വിവരം.

ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്പ്‌സ് കമാൻഡർ മുഹമ്മദ് പാക്പൂറും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇത് ടെഹ്രാന്റെ നേതൃത്വത്തിന് വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.

ഗൾഫിലേക്കും സംഘർഷം വ്യാപിച്ചു

ഇറാന്റെ തിരിച്ചടിയോടെ സംഘർഷം അതിർത്തികൾ കടന്നു. റെവല്യൂഷണറി ഗാർഡ്‌സ് 'ആദ്യഘട്ട' ഡ്രോൺമിസൈൽ ആക്രമണം ഇസ്രയേലിനെതിരെ ആരംഭിച്ചതായി അറിയിച്ചു. രാജ്യത്ത് ദേശീയതലത്തിൽ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

ബഹ്രൈനിൽ അമേരിക്കൻ നാവികസേനയുടെ അഞ്ചാം ഫ്‌ളീറ്റ് ആസ്ഥാനം ലക്ഷ്യമിട്ട് മിസൈൽ ആക്രമണമുണ്ടായതായി അധികൃതർ അറിയിച്ചു. കുവൈത്ത്, ഖത്തർ, ജോർദാൻ എന്നിവിടങ്ങളിലും സൈറൺ ശബ്ദങ്ങളും സ്‌ഫോടനങ്ങളും റിപ്പോർട്ട് ചെയ്തു. ഇറാഖും യുഎഇയും തങ്ങളുടെ വ്യോമാതിർത്തി അടച്ചു.

യുഎഇ തലസ്ഥാനമായ അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. ദുബായിലെ പ്രശസ്ത മനുഷ്യനിർമിത ദ്വീപായ പാം ജുമൈറയിൽ തീപിടിത്തമുണ്ടായി; നാല് പേർക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു.

ഇസ്രയേലിൽ അടിയന്തരാവസ്ഥ

ആക്രമണം 'മുൻകരുതൽ നടപടിയാണെന്ന്' ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തി അടച്ചതായും സിവിൽ വിമാന സർവീസുകൾ നിർത്തിവെച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഇറാനും വ്യോമാതിർത്തി അടച്ചതായി അറിയിച്ചു.

ആക്രമണം സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ഇറാന്റെ മിസൈൽ ശേഷി പൂർണമായും തകർക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഹൂതി ഭീഷണിയും യൂറോപ്യൻ ഇടപെടലും

ഇറാനെ പിന്തുണക്കുന്ന യെമനിലെ ഹൂതി വിമതർ ചെങ്കടൽ ഷിപ്പിംഗ് മാർഗങ്ങളിലും ഇസ്രയേലിനുമെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് അറിയിച്ചു.

യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജാ കല്ലാസ് ഇറാനുമായി ബന്ധപ്പെട്ട അടിയന്തര യോഗം വിളിച്ചു ചേർക്കുമെന്ന് പ്രഖ്യാപിച്ചു. സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കണമെന്ന് അവർ മുന്നറിയിപ്പ് നൽകി.

അന്താരാഷ്ട്ര ആശങ്ക

ഇറാനിൽ ചില ഭാഗങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഇസ്രയേലിൽ സ്‌കൂളുകളും ഓഫീസുകളും അടച്ചിട്ടോ ഓൺലൈൻ രീതിയിലോ ആണ് പ്രവർത്തിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി.

പശ്ചിമേഷ്യയിൽ യുദ്ധാവസ്ഥ കൂടുതൽ സങ്കീർണമാകുന്നതിനിടെ, തുടർപ്രതികരണങ്ങൾ എന്തായിരിക്കും എന്ന ആശങ്കയിലാണ് ലോകം.