അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട ഡ്രോൺ തടഞ്ഞു; ഒരാൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട ഡ്രോൺ തടഞ്ഞു;  ഒരാൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്


അബുദബി : അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നുവെന്ന്   എയർപോർട്ട് അധികൃതർ. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എന്നാൽ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ ഡ്രോണിനെ തകർത്തുവെന്നും അധികൃതർവ്യക്തമാക്കി. ഡ്രോൺ തടഞ്ഞു വീഴ്ത്തുന്നതിനിടെ ഉണ്ടായ സംഭവത്തിലാണ് ഒരാൾ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്നും  അധികൃതർ അറിയിച്ചു. അബുദാബി എമിറേറ്റിലെ ബന്ധപ്പെട്ട അധികാരികളാണ് സംഭവത്തെ നേരിട്ടത്.

ഡ്രോൺ തടഞ്ഞതിന് പിന്നാലെ താഴേക്ക് വീണ അവശിഷ്ടങ്ങളാണ് അപകടത്തിന് കാരണമായത്. മരിച്ചത് ഏഷ്യൻ സ്വദേശിയാണെന്ന് അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി വരികയാണ്. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

ഇതിനിടെ, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും അബുദാബി എയർപോർട്‌സ് ജനങ്ങളോട് അഭ്യർത്ഥിച്ചു. പുതിയ വിവരങ്ങൾ ലഭിക്കുന്നതുമുതൽ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.