ന്യൂയോര്‍ക്ക്: ഇന്ത്യയെ പരീക്ഷണശാലയോട് ഉപമിച്ച മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് വിവാദത്തില്‍. ലിങ്ക്ഡ്ഇന്‍ സഹസ്ഥാപകന്‍ റീഡ് ഹോഫ്മാനുമായുള്ള പോഡ്കാസ്റ്റിനിടെയാണ് ബില്‍ ഗേറ്റ്സ് വിവാദ പരാമര്‍ശം നടത്തിയത്. കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ലബോറട്ടറിയാണ് ഇന്ത്യ എന്ന ബില്‍ ഗേറ്റ്സിന്റെ പരാമര്‍ശമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്.
ഇന്ത്യയുടെ പുരോഗതിയും ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമായുള്ള ഇന്ത്യയുടെ സഹകരണവും ഉയര്‍ത്തിക്കാട്ടുന്നതിനിടെയാണ് ബില്‍ ഗേറ്റ്സ് വിവാദ പരാമര്‍ശം നടത്തിയത്. ഏഴ് ആദിവാസി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരണത്തിലേക്ക് നയിച്ചെന്ന് ആരോപണം ഉയര്‍ന്ന 2009ലെ വിവാദമായ ക്ലിനിക്കല്‍ ട്രയല്‍ വീണ്ടും പൊടിതട്ടിയെടുത്താണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നത്. അന്ന് ഗേറ്റ്‌സ് ഫൗണ്ടേഷനാണ് ക്ലിനിക്കല്‍ ട്രയലിനായി ഫണ്ട് ചെലവഴിച്ചത്.
2009ല്‍ പാത്ത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച്, തെലങ്കാനയിലെയും ഗുജറാത്തിലെയും 14,000 ആദിവാസി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളിലാണ് ഗര്‍ഭാശയ കാന്‍സര്‍ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയത്. പരീക്ഷണം ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷം, നിരവധി പേര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഏഴ് മരണം രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മരണം മറ്റു കാരണങ്ങളാലാണ് സംഭവിച്ചത് എന്നായിരുന്നു വിശദീകരണം. ആരോപണങ്ങള്‍ നിഷേധിച്ച പാത്ത്, അണുബാധകളും ആത്മഹത്യകളും മൂലമാണ് മരണം സംഭവിച്ചതെന്നാണ് വാദിച്ചത്.
'ഒരുപാട് കാര്യങ്ങളില്‍ ഇപ്പോഴും ബുദ്ധിമുട്ട് നേരിടുന്ന ഒരു രാജ്യത്തിന് ഉദാഹരണമാണ് ഇന്ത്യ. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെട്ടു വരികയാണ്. ഇവ മെച്ചപ്പെട്ടാല്‍ മാത്രം മതി സര്‍ക്കാരിന്റെ വരുമാനം ഉയരാന്‍. 20 വര്‍ഷം കഴിഞ്ഞാല്‍ ജനങ്ങള്‍ ഒരുപാട് മെച്ചപ്പെടും. കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ഒരു ലബോറട്ടറിയാണ് ഇന്ത്യ. അത് ഇന്ത്യയില്‍ തെളിയിക്കുന്നതോടെ നിങ്ങള്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി നടപ്പാക്കാവുന്നതാണ്'- ബില്‍ ഗേറ്റ്സ് പറഞ്ഞു.
''ഇന്ത്യ പരീക്ഷണത്തിനു പറ്റിയ ലബോറട്ടറി'' ബില്‍ഗേറ്റ്‌സിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം