ദാവോസ്: ലോകക്രമം ദുര്‍ബലമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മധ്യശക്തി രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ശക്തമായ പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ആഗോള രാഷ്ട്രീയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സമീപനത്തെ പരോക്ഷമായി ലക്ഷ്യമിട്ടായിരുന്നു കാര്‍ണിയുടെ വിമര്‍ശനം.
ദശകങ്ങളായി ആഗോള രാഷ്ട്രീയത്തെയും വ്യാപാരത്തെയും പിന്തുണച്ചുവന്ന അമേരിക്കന്‍ നേതൃത്വത്തിലുള്ള സംവിധാനം ഇനി വെറും മാറ്റത്തിന്റെ ഘട്ടത്തിലല്ല, മറിച്ച് തകര്‍ച്ചയുടെ വക്കിലാണെന്ന് കാര്‍ണി മുന്നറിയിപ്പ് നല്കി. രാഷ്ട്രീയ നേതാക്കളും ധനകാര്യ രംഗത്തെ പ്രമുഖരും കോര്‍പ്പറേറ്റ് മേധാവികളും പങ്കെടുത്ത വേദിയില്‍ അദ്ദേഹത്തിന്റെ പരാമര്‍ശം സദസ്സ് കയ്യടികളോടെയാണ് സ്വീകരിച്ചത്.
കാര്‍ണി ഈ പ്രസംഗം സ്വയം തയ്യാറാക്കിയതാണെന്നാണ് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ ന്യൂയോര്‍ക്ക് ടൈംസിനോട് സംസാരിച്ച ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞത്. സാധാരണയായി ഇത്തരം പ്രധാന പ്രസംഗങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്നതില്‍ നിന്നുള്ള വ്യത്യസ്തമായ സമീപനമാണിത്.
കാനഡയുടെയും ഇംഗ്ലണ്ടിന്റെയും കേന്ദ്രബാങ്കുകളുടെ ഗവര്‍ണറായി പ്രവര്‍ത്തിച്ച അനുഭവമുള്ള കാര്‍ണി 'നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം' ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നും 'ശക്തരായവര്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുകയും ദുര്‍ബലര്‍ സഹിക്കേണ്ടിവരികയും ചെയ്യുന്ന' ഒരു കാലഘട്ടമാണ് ഉയര്‍ന്നുവരുന്നതെന്നും അഭിപ്രായപ്പെട്ടു. തീരുവകള്‍, വിതരണ ശൃംഖലകള്‍, ധനകാര്യ സംവിധാനങ്ങള്‍ എന്നിവ സമ്മര്‍ദ്ദ ഉപകരണങ്ങളായി ഉപയോഗിക്കുന്ന പ്രവണതയിലേക്കുള്ള സൂചനയായാണ് ഈ പരാമര്‍ശം വിലയിരുത്തപ്പെടുന്നത്. 'ഇത് ശക്തരായ രാജ്യങ്ങള്‍ സാമ്പത്തിക സംയോജനത്തെ തന്നെ ബലപ്രയോഗത്തിനുള്ള ആയുധമാക്കുന്ന കടുത്ത മഹാശക്തി മത്സരത്തിന്റെ സംവിധാനമാണ്,' അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് സഖ്യരാജ്യങ്ങള്‍ക്കെതിരെ വ്യാപകമായ തീരുവകള്‍ ചുമത്തുമെന്ന ഭീഷണിയും ഡെന്മാര്ക്കില് നിന്ന് ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ആവര്‍ത്തിച്ച ശ്രമങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു കാര്‍ണിയുടെ പ്രസംഗം. ട്രംപ് മുന്‍പ് കാനഡയെ '51-ാമത്തെ സംസ്ഥാനം' എന്ന് വിശേഷിപ്പിക്കുകയും സ്റ്റീല്‍, അലുമിനിയം, വാഹനങ്ങള്‍, മരവസ്തുക്കള്‍ തുടങ്ങിയ കാനഡയുടെ പ്രധാന മേഖലകളെ ബാധിക്കുന്ന തീരുവകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
സമാധാന നയത്തിലൂടെ പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്ന ധാരണയ്ക്കെതിരെ കാര്‍ണി മുന്നറിയിപ്പ് നല്കി. ചെറുതും മധ്യവലുപ്പവുമായ രാജ്യങ്ങള്‍ അനുസരണത്തിലൂടെ സുരക്ഷ ഉറപ്പാക്കാമെന്ന് ഇനി കരുതാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം പോകാന്‍ വേണ്ടി ഒപ്പം പോകുന്ന പ്രവണത ശക്തമാണ്. അനുസരണമൂലം സുരക്ഷ ലഭിക്കുമെന്ന പ്രതീക്ഷ ഫലപ്രദമാകില്ല. മധ്യശക്തികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം. മേശയ്ക്കരികില്‍ ഇല്ലെങ്കില്‍, നമ്മള് തന്നെ വിഭവപ്പട്ടികയില്‍ ആയിരിക്കും, അദ്ദേഹം പറഞ്ഞു.
മുന്‍കാലങ്ങളില്‍ അമേരിക്കന്‍ ആധിപത്യം കാനഡയ്ക്ക് ഗുണം ചെയ്തിരുന്നുവെന്ന് അദ്ദേഹം അംഗീകരിച്ചു. തുറന്ന കടല്‍പാതകള്‍, സ്ഥിരതയുള്ള ധനകാര്യ സംവിധാനം, സംയുക്ത സുരക്ഷ, തര്‍ക്കപരിഹാര ചട്ടക്കൂടുകള്‍ എന്നിവയ്ക്ക് അമേരിക്കന്‍ ആധിപത്യം സഹായകമായിരുന്നു. എന്നാല്‍ സംയോജനം തന്നെ ദുര്‍ബലതയായി മാറുന്ന ഇന്നത്തെ ലോകത്ത് ആ കരാര്‍ ഇനി പ്രയോജനകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ ശക്തികളുമായുള്ള ഏകപക്ഷീയ ചര്‍ച്ചകളെയും ഇടപാടു നയതന്ത്രത്തെയും കാര്‍ണി വിമര്‍ശിച്ചു. മഹാശക്തികള്‍ക്ക് ഇപ്പോള്‍ ഒറ്റയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയും. മധ്യശക്തികള്‍ക്ക് അതിന് സാധിക്കില്ല, അദ്ദേഹം പറഞ്ഞു. ഇത്തരം ഇരട്ടകക്ഷി ചര്‍ച്ചകള്‍ പലപ്പോഴും അധീനത അംഗീകരിച്ചുകൊണ്ടുള്ള സ്വാധീനത്തിന്റെ പ്രകടനം' മാത്രമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പകരം, പൊതുവായ മൂല്യങ്ങളെയും താത്പര്യങ്ങളെയും അടിസ്ഥാനമാക്കി വിവിധ വിഷയങ്ങള്‍ക്ക് വ്യത്യസ്ത സഖ്യങ്ങള്‍ രൂപീകരിക്കുന്ന 'സാമൂഹിക പ്രതിരോധശേഷി' എന്ന തന്ത്രമാണ് കാര്‍ണി മുന്നോട്ടുവച്ചത്. പ്രതിരോധം, വ്യാപാരം, നിര്‍ണായക ധാതുക്കള്‍, സാങ്കേതികവിദ്യ, കാലാവസ്ഥ നയം തുടങ്ങിയ മേഖലകളില്‍ ഈ സമീപനം പ്രയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ കാഴ്ചപ്പാടില്‍ ഇന്ത്യയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് കാര്‍ണി വ്യക്തമാക്കി. അമേരിക്കയിലേക്കുള്ള അതിരൂക്ഷമായ ആശ്രയം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ആസിയാന്‍ രാജ്യങ്ങള്‍, മെര്‍ക്കോസൂര്‍, തായ്ലാന്ഡ്, ഫിലിപ്പീന്‍സ് എന്നിവയുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കാര്‍ണി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയുമായും ഖത്തറുമായും പുതിയ തന്ത്രപ്രധാന പങ്കാളിത്തങ്ങള്‍ തങ്ങള്‍ സ്ഥാപിച്ചുവെന്നും ഇന്ത്യ, ആസിയാന്‍, തായ്ലാന്ഡ്, ഫിലിപ്പീന്‍സ്, മെര്‍ക്കോസൂര്‍ എന്നിവരുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യുകയാണെന്നും പൊതുവായ മൂല്യങ്ങളെയും താത്പര്യങ്ങളെയും അടിസ്ഥാനമാക്കി വിവിധ വിഷയങ്ങള്‍ക്ക് വ്യത്യസ്ത സഖ്യങ്ങള്‍ രൂപീകരിക്കുന്ന 'വേരിയബിള്‍ ജിയോമെട്രി' എന്ന സമീപനമാണ് തങ്ങള്‍ പിന്തുടരുന്നതെന്നും കാര്‍ണി പറഞ്ഞു.
സുരക്ഷാ വിഷയത്തില്‍ ഗ്രീന്‍ലാന്‍ഡിനും ഡെന്മാര്ക്കിനുമുള്ള കാനഡയുടെ പിന്തുണ കാര്‍ണി ആവര്‍ത്തിച്ചു. ഗ്രീന്‍ലാന്‍ഡിന്റെ ഭാവി നിര്‍ണയിക്കാനുള്ള അവകാശത്തെ കാനഡ പൂര്‍ണമായി പിന്തുണക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡെന്മാര്ക്കിനെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ സഖ്യരാജ്യങ്ങള്‍ക്കെതിരെ ട്രംപ് തീരുവകള്‍ ഭീഷണിപ്പെടുത്തുന്ന പശ്ചാത്തലത്തിലായിരുന്നെങ്കിലും നേറ്റോയുടെ ആര്‍ട്ടിക്കിള്‍ ഫൈവ് പ്രതിബദ്ധതയില്‍ കാനഡയുടെ നിലപാട് അടിയുറച്ചതാണെന്നും കാര്‍ണി വ്യക്തമാക്കി.
