ബീജിങ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിനെതിരെ ഒന്നിച്ച് നീങ്ങാൻ ചൈനയും ജപ്പാനും ദക്ഷിണകൊറിയയും ധാരണയിലെത്തിയതായി റിപ്പോർട്ട്. ചൈനീസ് ബ്രോഡ്കാസ്റ്ററായ സി.സി.ടി.വിയാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. മൂന്ന് രാജ്യങ്ങളും തമ്മിൽ സാമ്പത്തികകാര്യങ്ങളെ സംബന്ധിച്ച് ചർച്ച നടത്തിയതിന് പിന്നാലെയാണ് ചൈനീസ് ഔദ്യോഗിക മാധ്യമത്തിന്റെ റിപ്പോർട്ട്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് റിപ്പോർട്ട്. ജപ്പാനും ദക്ഷിണകൊറിയയും ചൈനയിൽ നിന്ന് സെമികണ്ടക്ടറിനുള്ള കൂടുതൽ അസംസ്‌കൃത വസ്തുക്കൾ ഇറക്കുതി ചെയ്യുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ചയുണ്ടായെന്നാണ് സൂചന. ജപ്പാനിൽ നിന്നും ദക്ഷിണകൊറിയയിൽ നിന്നും ചിപ്പുകൾ വാങ്ങുന്നത് ചൈനയും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
വിതരണശൃംഖലകൾ ശക്തിപ്പെടുത്താൻ മൂന്ന് രാജ്യങ്ങളും ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ദക്ഷിണകൊറിയയുമായി സ്വതന്ത്രവ്യാപാരകരാറിൽ ഏർപ്പെടാനും ചൈന നീക്കം തുടങ്ങിയിട്ടുണ്ട്. ഈ യോഗത്തിലാണ് മൂന്ന് രാജ്യങ്ങളും യു.എസിനെതിരെ ഒന്നിച്ച് നീങ്ങാൻ തീരുമാനിച്ചത്.
ലോകത്തെ എല്ലാരാജ്യങ്ങൾക്കുമേലിലും യുഎസ് നികുതി ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പകരച്ചുങ്കം നിലവിൽവരുന്ന ഏപ്രിൽ രണ്ട് രാജ്യത്തിന്റെ 'വിമോചനദിന'മായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
എല്ലാരാജ്യങ്ങളിലും തുടങ്ങാം. എന്തുസംഭവിക്കുമെന്ന് നോക്കാം', എന്നായിരുന്നു എയർഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ട്രംപ് വ്യക്തമാക്കിയത്. എല്ലാരാജ്യങ്ങൾക്കും നികുതി ചുമത്തുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ താരിഫിനെതിരെ ഒന്നിച്ച് നീങ്ങാൻ ചൈനയും ജപ്പാനും ദക്ഷിണകൊറിയയും തമ്മിൽ ധാരണ
