എയര്‍ഫോഴ്സ് വണ്‍ അരികിലൂടെ പോയപ്പോഴും അനങ്ങാതെ ചൈനീസ് സൈനിക ഉദ്യോഗസ്ഥന്‍

എയര്‍ഫോഴ്സ് വണ്‍ അരികിലൂടെ പോയപ്പോഴും  അനങ്ങാതെ ചൈനീസ് സൈനിക ഉദ്യോഗസ്ഥന്‍


ബീജിങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്‍ തൊട്ടരികിലൂടെ കടന്നുപോയിട്ടും അനങ്ങാതെ നിന്ന് തന്റെ ഉത്തരവാദിത്വം നിര്‍വഹിച്ച ചൈനീസ് സൈനിക ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ട്രംപ് ബുധനാഴ്ച ബീജിങില്‍ എത്തിയപ്പോഴാണ് സംഭവം. വന്‍ ബോയിങ് വിമാനത്തിന്റെ എഞ്ചിന്‍ ശബ്ദവും കാറ്റും തൊട്ടരികില്‍ ഉണ്ടായിട്ടും സൈനിക ഉദ്യോഗസ്ഥന്‍ പൂര്‍ണ ശാന്തതയോടെ അനങ്ങാതെ നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതോടെ 'അസാധാരണ സൈനിക അച്ചടക്കം' എന്നാണ് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്.

എയര്‍ഫോഴ്സ് വണ്‍ എഞ്ചിനുകളുടെ അരികില്‍ പോലും പൂര്‍ണമായി അനങ്ങാതെ നില്‍ക്കുന്നത് അതിശയകരമായ അച്ചടക്കമാണ് എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം. അദ്ദേഹം ചെവിക്കുള്ള സംരക്ഷണ ഉപകരണം ധരിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യവും ഉയര്‍ന്നു.

ചിലര്‍ സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ശാന്തതയെന്നും അഭിപ്രായപ്പെട്ടു. 

എന്നാല്‍ വീഡിയോയില്‍ കാണുമ്പോള്‍ തോന്നുന്നതുപോലെ വിമാനം അത്ര അടുത്തായിരുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ദൃശ്യമാകുന്നതിനെക്കാള്‍ സുരക്ഷിതമായ അകലത്തിലാണ് വിമാനം എന്ന വിലയിരുത്തലുകളും ഉണ്ടായി.