ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റിന് രാജ്യം വിട നല്‍കി

ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റിന് രാജ്യം വിട നല്‍കി


ടെഹറാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്റാഹിം റഈസിയുടേത് ഉള്‍പ്പെടെയുള്ള മൃതദേഹങ്ങളുടെ അന്ത്യ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. മയ്യത്ത് നമസ്‌കാരത്തിന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നേതൃത്വം നല്‍കി. 

കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പതിനായിരങ്ങളാണ് മയ്യത്ത് നമസ്‌കാരത്തിന് എത്തിയത്. അനുസ്മരണ ചടങ്ങിന് ശേഷം റഈസിയുടെ മൃതദേഹം ജന്മനാടായ മശ്ഹദിലേക്ക് കൊണ്ടുപോയി. ഇമാം റാസ ഖബര്‍സ്ഥാനില്‍ അദ്ദേഹത്തിന്റെ ഖബറടക്കം നടക്കും. 

അപകടത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ ഖബറടക്കത്തിനായി ജന്മനാടുകളിലേക്ക് കൊണ്ടുപോയി. 

ഞായറാഴ്ച വൈകിട്ടാണ് ഇബ്റാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അദ്ദേഹമടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടത്. അസര്‍ബൈജാനില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇബ്രാഹിം റെയ്സി. സണ്‍ഗുണ്‍ എന്ന ചെമ്പ് ഖനിക്ക് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഇറാനിലെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ജോല്‍ഫയ്ക്കും വര്‍സാഖാനും ഇടയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മോശം കാലാവസ്ഥയും കനത്ത മൂടല്‍ മഞ്ഞും കാരണം കോപ്റ്റര്‍ ഇടിച്ചിറക്കുകയായിരന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഏറെ സമയത്തെ തിരച്ചിലിന് ഒടുവിലാണ് റെയ്സിയുടെയും മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുക്കാനായത്.