സോൾ: ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാൻ ഡക്ക് സൂവിനെതിരായ പാർലമെന്റിന്റെ ഇംപീച്ച്മെന്റ് നടപടി റദ്ദാക്കി ഭരണഘടന കോടതി. അദ്ദേഹത്തെ ആക്ടിങ് പ്രസിഡന്റായി പുനഃസ്ഥാപിച്ചു. ഒന്നിനെതിരെ ഏഴ് വോട്ടുകൾക്കാണ് ഇംപീച്ച്മെന്റ് റദ്ദാക്കാൻ ഭരണഘടന കോടതി വിധിച്ചത്. രാജ്യത്ത് മാസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലാണ് കോടതി വിധി.
പ്രസിഡന്റായിരുന്ന യൂൻ സുക് യോലിനെ ഇംപീച്ച് ചെയ്തതിനെത്തുടർന്നാണ് പ്രധാനമന്ത്രിയായിരുന്ന സൂവിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ചത്. പ്രതിപക്ഷ അംഗങ്ങളുമായുള്ള രാഷ്ട്രീയ ഭിന്നതയെ തുടർന്നാണ് ഡിസംബർ അവസാനത്തിൽ സൂവിനെ പാർലമെന്റ് ഇംപീച്ച് ചെയ്തത്.
കോടതിയോട് നന്ദി പറഞ്ഞ സൂ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയടക്കം രാജ്യത്തിന്റെ സുപ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉറപ്പുനൽകി.
ഇടതും വലതുമല്ല, രാജ്യത്തിന്റെ വികസനമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവകളുടെ പ്രത്യാഘാതങ്ങൾ നേരിടാൻ തയാറെടുക്കുന്നതിനിടയിലാണ് വിധി.
ദക്ഷിണ കൊറിയൻ പ്രധാനമന്ത്രിക്കെതിരായ ഇംപീച്ച്മെന്റ് നടപടി ഭരണഘടന കോടതി റദ്ദാക്കി
