ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും യു എസിലേക്ക് കയറ്റി അയച്ച മാങ്ങ ഇറക്കുന്നത് വിവിധ തുറമുഖങ്ങളില്‍ തടഞ്ഞു. രേഖകള്‍ പൂരിപ്പിച്ചപ്പോഴുണ്ടായ പിഴവുകളാണ് തടയാന്‍ കാരണമെന്നാണ് വിവരം. ഇതോടെ കയറ്റുമതിക്കാര്‍ക്ക് നാലേകാല്‍ കോടി രൂപയോളം നഷ്ടമായി.
ലോസ് ഏഞ്ചലസും സാന്‍ ഫ്രാന്‍സിസ്‌കോയും അറ്റ്‌ലാന്റയും ഉള്‍പ്പെടെയുള്ള തുറമുഖങ്ങളില്‍ ഇന്ത്യന്‍ മാങ്ങ ഇറക്കുന്നത് യു എസ് അധികൃതര്‍ തടയുകയായിരുന്നു. ഇവ തിരിച്ചയച്ച് രേഖകള്‍ കൃത്യമാക്കി വീണ്ടും കയറ്റുമതി ചെയ്യാനാണ് ആവശ്യപ്പെട്ടത്.
എന്നാല്‍, തിരികെയെടുത്ത് അയക്കുമ്പോഴേക്കും മാങ്ങ ചീത്തയാകുമെന്നതിനാല്‍ ഇത് പ്രായോഗികമല്ല. അതുകൊണ്ടുതന്നെ 15 ഷിപ്‌മെന്റിലധികം വരുന്ന മാങ്ങ മുഴുവന്‍ അവിടെ നശിപ്പിച്ചു കളയുക മാത്രമാണ് മാര്‍ഗ്ഗം.
ഇന്ത്യന്‍ മാങ്ങയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് യു എസ്. അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന മാങ്ങയില്‍ നിയന്ത്രിത റേഡിയേഷന്‍ ഉപയോഗിച്ച് പ്രാണികളെ നശിപ്പിക്കുകയാണ് പതിവ്. മാങ്ങ കൂടുതല്‍ ദിവസം കേടുകൂടാതെ ഇരിക്കാനും ഇത്തരത്തില്‍ ചെയ്യേണ്ടതുണ്ട്. ഈ പ്രക്രിയ സാക്ഷ്യപ്പെടുത്തുന്ന രേഖകളിലാണ് പോരായ്മ കണ്ടെത്തിയത്. അതോടെയാണ് ഇറക്കാന്‍ അനുമതി ലഭിക്കാതിരുന്നത്.
പിപിക്യു203 എന്ന സര്‍ട്ടിഫിക്കറ്റാണ് ഇതിന് ആവശ്യം. ഇതു നല്‍കുന്നതിലുണ്ടായ വീഴ്ചയാണ് മാങ്ങ കയറ്റുമതിക്കാര്‍ക്ക് ഇത്ര വലിയ നഷ്ടം വരാന്‍ കാരണമായത്.