വാഷിംഗ്ടൺ : പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേൻ സിന്ദൂറിനും ശേഷം രൂപം ഇന്ത്യ പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന അവകാശവാദം തിരുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ പാക് സംഘർഷം ആണവ യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാൻ ഇന്ത്യയിലെയും പാകിസ്ഥാനിലെയും മിടുക്കരായ രണ്ട് നേതാക്കൾ സംസാരിച്ച് തീരുമാനിച്ചു എന്നാണ് ട്രംപിന്റെ പുതിയ പ്രതികരണം. ഇന്ത്യയും പാകിസ്ഥാനും വെടി നിർത്തലിന് തയ്യാറായ ശേഷം ഇതാദ്യമായാണ് സ്വന്തം ഇടപെടൽ പരാമർശിക്കാതെ ട്രംപ് പ്രതികരിക്കുന്നത്.
അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ സയ്യീദ് അസിം മുനീറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യയുമായി ഒരു യുദ്ധത്തിന് മുതിരാതിരുന്ന തീരുമാനത്തിന് പാക് സൈനിക മേധാവിയോട് നന്ദി പറയുന്നു. ഇക്കാര്യം അറിയിക്കാനാണ് അദ്ദേഹത്തെ യുഎസിലേക്ക് ക്ഷണിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും സംസാരിച്ചിരുന്നു.
'രണ്ട് മിടുക്കരായ നേതാക്കളാണ് ഇന്ത്യയിലും പാകിസ്ഥാനിലുമുള്ളത്. അവർ യുദ്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയും പാകിസ്ഥാനും ആണവ ശക്തികളാണ്. അവർതമ്മിലുള്ള സംഘർഷം ആണവ യുദ്ധത്തിലേക്ക് നയിക്കുമായിരുന്നു. എന്നാൽ അവർ സംഘർഷം വേണ്ടെന്ന് തീരുമാനിച്ചു' ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യയോടെന്ന പോലെ പാകിസ്ഥാനുമായും യുഎസ് വ്യാപാര കരാറിന് വേണ്ടി പ്രവർത്തിച്ച് വരികയാണ് എന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. ഇറാൻ ഇസ്രയേൽ സംഘർഷത്തെ കുറിച്ചും പാക് സൈനിക മേധാവിയുമായി സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി. പാകിസ്ഥാന് ഇറാനെ നന്നായി അറിയാം. ഇപ്പോഴത്തെ സംഭവങ്ങളിൽ പാകിസ്ഥാന് ആശങ്കകൾ ഉണ്ട്. അവർ സാഹചര്യം നിരീക്ഷിച്ച് വരികയാണ് എന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ബുധനാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു അസിം മുനീർ ട്രംപ് കൂടിക്കാഴ്ച നടന്നത്. പാകിസ്ഥാനിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അഭാവത്തിൽ ആയിരുന്നു ഇവരുടെയും കൂടിക്കാഴ്ച. യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് പാകിസ്ഥാൻ സൈനിക മേധാവിയുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം എന്നാണ് വിലയിരുത്തൽ.
അതിനിടെ, വാഷിംഗ്ടണിൽ അസിം മുനീർ താമസിച്ച ഹോട്ടലിന് മുന്നിലും വാഷിങ്ടനിലെ പാക്കിസ്ഥാൻ എംബസിക്ക് സമീപവും ഇമ്രാൻ ഖാൻ അനുകൂലികൾ പ്രകടനം നടത്തി. പാകിസ്ഥാനിൽ ജനാധിപത്യം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനങ്ങൾ.
ട്രംപ് തിരുത്തി, ഇന്ത്യാ പാക് സംഘർഷത്തിൽ മധ്യസ്ഥതയില്ല, 'മിടുക്കരായ രണ്ട് നേതാക്കൾ സംസാരിച്ച് തീരുമാനിച്ചു'
