വാഷിംഗ്ടണ്‍: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസയുടെ ശാസ്ത്രജ്ഞനായ അനില്‍ മേനോന്. നാസ ഭാവി യാത്രകള്‍ക്കായി പരിശീലിപ്പിക്കുന്ന പത്തംഗ ബഹിരാകാശ സംഘത്തിലാണ് മലയാളിയായ അനിലും ഉള്‍പ്പെട്ടത്. 12000 പേരില്‍ നിന്നു നിശിതമായ പരിശോധനകള്‍ക്കും ശേഷിയളക്കലുകള്‍ക്കും ശേഷമാണു സംഘത്തെ തെരഞ്ഞെടുത്തത്. മലയാളിയായ ശങ്കരന് മേനോന്റെയും യുക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയുടെയും മകനാണു 45 കാരനായ അനില്‍ മേനോന്.
കോണ്‍ഗ്രസിന്റെ ഏക മലയാളി അധ്യക്ഷനായ ചേറ്റൂര്‍ ശങ്കരന് നായര്‍ അനിലിന്റെ പൂര്‍വികനാണ്. ഒറ്റപ്പാലംകാരനായ അച്ഛന് ശങ്കരന് മേനോന് പിഎച്ച്ഡി പഠനത്തിനായി യുഎസില്‍ പോയപ്പോള്‍ പരിചയപ്പെട്ടതാണ് യുക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയെ. ശങ്കരന് മേനോന് നിലവില്‍ മാതാവ് കല്യാണിക്കൊപ്പം ഡല്‍ഹിയിലാണ് താമസം.
2026 ജൂണില്‍ റഷ്യയുടെ സോയൂസ് എംഎസ്29 പേടകത്തില്‍ അനിലും സംഘവും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പുറപ്പെടുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. കസാഖ്സ്താനിലെ ബെയ്ക്ക്നൂറില്‍ നിന്നാകും വിക്ഷേപണം. റഷ്യയുടെ പയതോര്‍ ദുബ്രോവും അന്ന കികിനയുമാണ് ഒപ്പമുള്ള സഞ്ചാരികള്‍. പരീക്ഷണങ്ങള്‍ക്കായി എട്ടുമാസം സംഘം നിലയത്തില്‍ ചെലവിടും.
2021ലാണ് അനിലിനെ ബഹിരാകാശദൗത്യത്തിന് നാസ തെരഞ്ഞെടുത്തത്. സ്പേസ് എക്സിന്റെ ആദ്യത്തെ ഫ്ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്നതിനുള്ള വിവിധ പര്യവേഷണങ്ങള്‍ക്കായി ക്രൂ ഫ്ളൈറ്റ് സര്‍ജനായി അനില്‍ നാസയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കന്‍ വ്യോമസേനയിലെ ഫ്െൈളറ്റ് സര്‍ജനായിരുന്ന അദ്ദേഹം വ്യോമസേനയ്ക്ക് വേണ്ടിയുള്ള വിവിധ മെഡിക്കല്‍ ദൗത്യങ്ങളുടെ ഭാഗമായിരുന്നു. 2010 ലെ ഹെയ്തി ഭൂകമ്പം, 2015 ലെ നേപ്പാളിലുണ്ടായ ഭൂകമ്പം, 2011 ലെ റെനോ എയര്ഷോ അപകടം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഇദ്ദേഹമുണ്ടായിരുന്നു.
മിനസോട്ടയിലലെ സെന്റ് പോള്‍ അക്കാദമിയില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അനില്‍ മേനോന് വിവിവിധ മേഖലകളില്‍ ഉന്നതവിദ്യാഭ്യാസം നേടി. 1995ല്‍ വിഖ്യാതമായ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്നു ന്യൂറോ ബയോളജിയില്‍ ബിരുദം നേടിയ അദ്ദേഹം തുടര്‍ന്ന് മറ്റൊരു പ്രശസ്ത സര്‍വകലാശാലയായ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് വൈദ്യ മേഖലയില്‍ തിരിച്ചെത്തിയ അദ്ദേഹം സ്റ്റാന്‍ഫോഡ് മെഡിക്കല്‍ സ്കൂളില്‍ നിന്നു ഡോക്ടര്‍ ഓഫ് മെഡിസിന് ബിരുദം 2004ല്‍ നേടി. എയ്റോ സ്പേസ് മെഡിസിന്, പബ്ലിക് ഹെല്‍ത്ത് എന്നിവയിലും ഡോ.മേനോന് ബിരുദങ്ങളുണ്ട്. സ്പെയ്സ് എക്സില്‍ ജോലി ചെയ്യുന്ന അന്നാ മേനോനാണ് അനിലിന്റെ ഭാര്യ. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്ത് ഏറ്റവും അധികം ദൂരം എത്തിച്ച പൊളാരിസ് ഡൗണ്‍ ദൗത്യ സംഘത്തിലെ അംഗമായിരുന്നു അന്നാ മേനോന്.
നാസയുടെ ബഹിരാകാശ സംഘത്തിലെ ആദ്യ മലയാളി ; ചേറ്റൂര്‍ ശങ്കരന്‍നായരുടെ ചെറുമകന് അനില്‍മേനോന്‍
