ഫോര്‍ബ്സ് സെല്‍ഫ് മെയ്ഡ് 250ല്‍ അഞ്ച് ഇന്ത്യന്‍ അമേരിക്കക്കാര്‍

ഫോര്‍ബ്സ് സെല്‍ഫ് മെയ്ഡ് 250ല്‍ അഞ്ച് ഇന്ത്യന്‍ അമേരിക്കക്കാര്‍


ന്യൂയോര്‍ക്ക്: ഫോര്‍ബ്സ് പ്രസിദ്ധീകരിച്ച 250 ഏറ്റവും മികച്ച സെല്‍ഫ് മെയ്ഡ് അമേരിക്കക്കാരുടെ പട്ടികയില്‍ അഞ്ച് ഇന്ത്യന്‍ വംശജരും.

യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ വ്യത്യസ്ത മേഖലകളില്‍ മികവുള്ളവരെയാണ് ഫോബ്‌സ് കണക്കിലെടുത്തത്. സാമ്പത്തിക വിജയം, തടസ്സങ്ങള്‍ മറികടക്കല്‍, സ്വാധീനം എന്നിവ താരതമ്യം ചെയ്താണ് പട്ടിക തയ്യാറാക്കിയത്. ശതകോടീശ്വരന്മാര്‍, ശാസ്ത്രജ്ഞര്‍, സുപ്രിം കോടതി ജഡ്ജിമാര്‍, പണത്തിലും സ്വാധീനത്തിലും മുന്‍പന്തിയിലുള്ളവര്‍ തുടങ്ങിയവര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.

പത്ത് സ്‌കോര്‍ പരമാവധി കണക്കാക്കി ഒന്‍പതോ പത്തോ നേടിയവരെ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 

ജയ് ചൗധരി, ഹേമന്ത് തനേജ, രാജ് സര്‍ദാന, സുന്ദര്‍ പിച്ചൈ, ശ്യാം ശങ്കര്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.


ജയ് ചൗധരി

2008-ല്‍ അദ്ദേഹം സ്ഥാപിച്ച സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസഡ്സ്‌കലറിന്റെ സി ഇ ഒ ആണ് ജയ് ചൗധരി. പട്ടികയില്‍ 47-ാം സ്ഥാനത്താണ് അദ്ദേഹം. 

ടെക് കോടീശ്വരനും ഇസഡ്സ്‌കലറിന്റെ സ്ഥാപകനുമായ ജയ് ചൗധരശദ്ധേയമായ ഉയര്‍ച്ചയ്ക്ക് അടിവരയിടുന്നു.

ബിരുദ പഠനത്തിനാണ് ചൗധരി 1980ല്‍ അമേരിക്കയിലേക്ക് താമസം മാറിയത്. പിന്നീട് ബേ ഏരിയയില്‍ നിന്ന് നെവാഡയിലേക്ക് അദ്ദേഹം എത്തുകയായിരുന്നു. 


ഹേമന്ത് തനേജ

ഹേമന്ത് തനേജ പട്ടികയില്‍ 53-ാം സ്ഥാനമാണ് നേടിയത്. വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ഹേമന്ത് തനേജ 15-ാം വയസ്സിലാണ് ഇന്ത്യയില്‍ നിന്ന് യു എസിലേക്ക് കുടിയേറിയത്. ഹൈസ്‌കൂള്‍ പഠനകാലത്ത് തന്റെ കുടുംബത്തെ സഹായിക്കാന്‍ അദ്ദേഹം മുഴുവന്‍ സമയവും ജോലി ചെയ്തിരുന്നു. 

തനേജ നിലവില്‍ വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ ജനറല്‍ കാറ്റലിസ്റ്റിന്റെ സി ഇ ഒ ആയി സേവനമനുഷ്ഠിക്കുന്നു. 36 ബില്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന തനേജ ഡല്‍ഹിയിലാണ് ജനിച്ചത്. 


രാജ് സര്‍ദാന

ഐ ടി കോടീശ്വരനായ സര്‍ദാന സര്‍ക്കാര്‍ നല്‍കിയ ഒറ്റ കിടപ്പുമുറി വീട്ടിലാണ് വളര്‍ന്നത്. 1980കളില്‍ 100 ഡോളറുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ജോര്‍ജിയ ടെക്കില്‍ എത്തുകയായിരുന്നു.

ജോര്‍ജിയയിലെ അറ്റ്‌ലാന്റ ആസ്ഥാനമായുള്ള ഐ ടി സേവന സ്ഥാപനമായ ഇന്നോവ സൊല്യൂഷന്‍സിന്റെ സ്ഥാപകനും സി ഇ ഒയുമാണ് അദ്ദേഹം. നിലവില്‍ 2 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് സര്‍ദാനയ്ക്കുള്ളത്. പട്ടികയില്‍ 85-ാം സ്ഥാനത്താണ് സര്‍ദാന.


സുന്ദര്‍ പിച്ചൈ

2019ല്‍ ഗൂഗിളിന്റെ സഹസ്ഥാപകനായ ലാറി പേജിന് പകരമായി ഗൂഗിളിന്റെയും അതിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെയും സി ഇ ഒ ആയ പിച്ചൈ പട്ടികയിലെ ഏറ്റവും പ്രശസ്തനായ സ്വയം നിര്‍മ്മിത ഇന്ത്യന്‍ അമേരിക്കക്കാരനായിരിക്കാം.

1993ല്‍ പിച്ചൈയ്ക്ക് സ്റ്റാന്‍ഫോര്‍ഡില്‍ ചേരാന്‍ വേണ്ടി കാലിഫോര്‍ണിയയിലേക്കുള്ള വിമാന ടിക്കറ്റിനായി പിതാവിന് ഒരു വര്‍ഷത്തെ ശമ്പളമാണ് ചെലവഴിക്കേണ്ടി വന്നതെന്ന് പിച്ചൈ പങ്കുവെച്ചിട്ടുണ്ട്. പട്ടികയില്‍ 142-ാം സ്ഥാനമാണ് പിച്ചൈയടേത്. 


ശ്യാം ശങ്കര്‍

പട്ടികയില്‍ 244-ാം സ്ഥാനത്താണ് ശ്യാം ശങ്കര്‍. ഡെന്‍വര്‍ ആസ്ഥാനമായുള്ള സോഫ്റ്റ്വെയര്‍ കമ്പനിയായ പാലന്തിറിന്റെ ചീഫ് ടെക്നോളജി ഓഫീസറാണ് ശങ്കര്‍. ഡ്രൈ ക്ലീനിംഗ് ബിസിനസ്സ് നടത്തി പാപ്പരായ കുടിയേറ്റ മാതാപിതാക്കളുടെ മകനാണ് ശങ്കര്‍. നിലവില്‍ അദ്ദേഹത്തിന്റെ ആസ്തി 1 ബില്യണ്‍ ഡോളറിലധികമാണ്.