റഫാല്‍ ജെറ്റുകളുടെ ആഗോള വില്‍പ്പന തടയാന്‍ ചൈന ശ്രമിക്കുന്നെന്ന് ഫ്രഞ്ച് ഇന്റലിജന്‍സ്

റഫാല്‍ ജെറ്റുകളുടെ ആഗോള വില്‍പ്പന തടയാന്‍ ചൈന ശ്രമിക്കുന്നെന്ന് ഫ്രഞ്ച് ഇന്റലിജന്‍സ്


പാരീസ്: ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തില്‍ ഫ്രഞ്ച് നിര്‍മിത റഫാല്‍ ജെറ്റുകളുടെ പ്രകടനത്തെ കുറിച്ച് സംശയങ്ങല്‍ പ്രചരിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നതായി ഫ്രഞ്ച് സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍.

ഫ്രാന്‍സിന്റെ മുന്‍നിര യുദ്ധവിമാനങ്ങളുടെ പ്രശസ്തിക്കും വില്‍പ്പനയ്ക്കും ദോഷം വരുത്താന്‍ ബീജിംഗ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. 

റഫാല്‍ ജെറ്റുകള്‍ വാങ്ങരുതെന്നും പകരം ചൈനീസ് നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ തെരഞ്ഞെടുക്കണമെന്നും രാജ്യങ്ങളെ ചൈന പ്രേരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇന്തോനേഷ്യയെ ചൈന പ്രേരിപ്പിച്ചതായും പറയുന്നു. 

പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ ഒരു ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥന്‍ ഈ കണ്ടെത്തലുകള്‍ പങ്കുവെച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് പറഞ്ഞു.

മെയ് മാസത്തിലാണ് ഇന്ത്യയും പാകിസ്താനും നാലു ദിവസം ഏറ്റുമുട്ടല്‍ നടത്തിയത്. ഇരുവശത്തുനിന്നുമുള്ള ഡസന്‍ കണക്കിന് വിമാനങ്ങള്‍ ഉള്‍പ്പെട്ട വ്യോമാക്രമണവും ഇതില്‍  ഉള്‍പ്പെടുന്നു.

ഇന്ത്യ ഫ്രഞ്ച് നിര്‍മിത റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചപ്പോള്‍ പാകിസ്താന്‍ ചൈനീസ് നിര്‍മ്മിത യുദ്ധവിമാനങ്ങളും വ്യോമ- യുദ്ധ മിസൈലുകളുമാണ് ഉപയോഗിച്ചത്. ഇതെങ്ങനെ വിജയകരമായി പ്രയോഗിച്ചുവെന്നതിന്റെ വിശദാംശങ്ങള്‍ക്കായി സൈനിക ഉദ്യോഗസ്ഥരും ഗവേഷകരും അന്വേഷിച്ചുവരികയാണ്.

റഫാലുകളുടേയും മറ്റ് ആയുധങ്ങളുടെയും വില്‍പ്പന ഫ്രഞ്ച് പ്രതിരോധ വ്യവസായത്തിന് വലിയ ബിസിനസാണ്. ഇതിലൂടെ ചൈന പ്രബലമായ പ്രാദേശിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഏഷ്യയില്‍ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പാരീസിനെ സഹായിക്കുന്നുണ്ട്.

ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തില്‍ മൂന്ന് റഫാല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ വിമാനങ്ങള്‍ യുദ്ധത്തിനിടെ തങ്ങളുടെ വ്യോമസേന വെടിവച്ചതായി പാകിസ്ഥാന്‍ പറയുന്നു. ഫ്രഞ്ച് നിര്‍മ്മാതാക്കളായ ഡസ്സോള്‍ട്ട് ഏവിയേഷനില്‍ നിന്ന് യുദ്ധവിമാനം വാങ്ങിയ രാജ്യങ്ങളില്‍ നിന്ന് അവരുടെ പ്രകടനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നതായി ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. വിമാനങ്ങള്‍ നഷ്ടപ്പെട്ട കാര്യം ഇന്ത്യ അംഗീകരിക്കുന്നുണ്ടെങ്കിലും എണ്ണം പറയുന്നില്ല. ഒരു റഫാല്‍, ഒരു റഷ്യന്‍ നിര്‍മ്മിത സുഖോയ്, ഒരു മുന്‍ തലമുറ ഫ്രഞ്ച് നിര്‍മ്മിത ജെറ്റ് ആയ മിറേജ് 2000 എന്നിവയുള്‍പ്പെടെ മൂന്ന് വിമാനങ്ങളുടെ നഷ്ടം സൂചിപ്പിക്കുന്ന തെളിവുകളാണ് താന്‍ കണ്ടതെന്നാണ് ഫ്രഞ്ച് വ്യോമസേനാ മേധാവി ജനറല്‍ ജെറോം ബെല്ലംഗര്‍ പറയുന്ന്ത്. 

ഫ്രാന്‍സ് എട്ട് രാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്തിയ റഫാല്‍ വിമാനത്തിന്റെ ആദ്യത്തെ അറിയപ്പെടുന്നു യുദ്ധ നഷ്ടമാണ് ഇന്ത്യയുടേത്. 

റഫാലിനെ വിമര്‍ശിക്കുന്നതിനും തെറ്റായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കുന്നതിനുമുള്ള സംയുക്ത പ്രചാരണം പാകിസ്ഥാനില്‍ നിന്നും സഖ്യകക്ഷിയായ ചൈനയില്‍ നിന്നും ഉണ്ടായതാണെന്ന് ആരോപിക്കുന്ന ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ പ്രശസ്തിക്ക് കോട്ടം തട്ടാതിരിക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. 

സോഷ്യല്‍ മീഡിയയിലെ വൈറല്‍ പോസ്റ്റുകള്‍, റഫാല്‍ അവശിഷ്ടങ്ങള്‍ കാണിക്കുന്ന കൃത്രിമ ചിത്രങ്ങള്‍, എഐ സൃഷ്ടിച്ച ഉള്ളടക്കം, പോരാട്ടത്തെ അനുകരിക്കുന്നതിനുള്ള വീഡിയോ-ഗെയിം ചിത്രീകരണങ്ങള്‍ എന്നിവ ഈ പ്രചാരണത്തില്‍ ഉള്‍പ്പെടുന്നുവെന്ന് അവര്‍ പറയുന്നു.

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ പുതുതായി സൃഷ്ടിക്കപ്പെട്ട ആയിരത്തിലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ചൈനീസ് സാങ്കേതിക മികവിന്റെ വിവരണം പ്രചരിപ്പിച്ചതായി ഓണ്‍ലൈനിലെ തെറ്റായ വിവരങ്ങളില്‍ വൈദഗ്ദ്ധ്യമുള്ള ഫ്രഞ്ച് ഗവേഷകര്‍ പറയുന്നു.

റഫാലിനെതിരെയുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങളെ ചൈനീസ് സര്‍ക്കാരുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫ്രാന്‍സിലെ സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ ഇന്ത്യന്‍ റഫാല്‍ ജെറ്റുകള്‍ മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നും ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ മികച്ച രീതിയില്‍ പ്രതികരിച്ചെന്നും വാദിച്ചുകൊണ്ട് ചൈനീസ് എംബസി പ്രതിരോധ അറ്റാച്ചുകള്‍ മറ്റ് രാജ്യങ്ങളിലെ സുരക്ഷാ, പ്രതിരോധ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ ഇതേ വിവരണം പ്രതിധ്വനിപ്പിച്ചതായി ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു.

റഫാല്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത രാജ്യങ്ങളിലും വാങ്ങാന്‍ സാധ്യതയുള്ള മറ്റ് ഉപഭോക്തൃ രാജ്യങ്ങളിലും പ്രതിരോധ അറ്റാച്ചുമാര്‍ ലോബിയിംഗ് കേന്ദ്രീകരിച്ചതായി ഇന്റലിജന്‍സ് സര്‍വീസ് പറഞ്ഞു. ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഈ മീറ്റിംഗുകളെക്കുറിച്ച് അറിയാമായിരുന്നെന്ന് സമീപിച്ച രാജ്യങ്ങളില്‍ നിന്നാണ് അവര്‍ പറഞ്ഞത്.

ബദല്‍ ഉപകരണങ്ങളുടെ, പ്രത്യേകിച്ച് ചൈനീസ് രൂപകല്‍പ്പനയുടെ മികവ് പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ച തെറ്റായ വിവരങ്ങളുടെ വലിയ പ്രചാരണമാണ് റഫാലിനെ ലക്ഷ്യമിട്ടതെന്ന് ഫ്രഞ്ച് സായുധ സേന മന്ത്രാലയം പറഞ്ഞു.

വിദേശത്തേക്ക് കയറ്റുമതി ചെയ്തതും ഉയര്‍ന്ന ദൃശ്യപരതയുള്ള സ്ഥലത്ത് വിന്യസിച്ചതുമായ ഉയര്‍ന്ന ശേഷിയുള്ള യുദ്ധവിമാനമാണ് റഫാലെന്ന് ഫ്രഞ്ച് മന്ത്രാലയം വെബ്സൈറ്റില്‍ എഴുതി.

റഫാലിന്റെ ആകര്‍ഷണീയത ഇല്ലാതാക്കാനുള്ള ആരോപണത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍, ബീജിംഗിലെ ദേശീയ പ്രതിരോധ മന്ത്രാലയം പറഞ്ഞത് അടിസ്ഥാനരഹിതമായ കിംവദന്തികളും അപവാദവുമാണെന്നും സൈനിക കയറ്റുമതിയില്‍ ചൈന നിരന്തരം വിവേകപൂര്‍ണ്ണവും ഉത്തരവാദിത്തമുള്ളതുമായ സമീപനം നിലനിര്‍ത്തിയിട്ടുണ്ടെന്നും പ്രാദേശിക, ആഗോള സമാധാനത്തിലും സ്ഥിരതയിലും ക്രിയാത്മക പങ്ക് വഹിക്കുന്നുവെന്നുമാണ്.

ഈജിപ്ത്, ഇന്ത്യ, ഖത്തര്‍, ഗ്രീസ്, ക്രൊയേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സെര്‍ബിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്ത 323 വിമാനങ്ങള്‍ ഉള്‍പ്പെടെ 533 റഫാലുകളാണ് ഡസ്സോള്‍ട്ട് ഏവിയേഷന്‍ വിറ്റത്. ഇന്തോനേഷ്യ 42 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. അതോടൊപ്പം കൂടുതല്‍ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നു.