ഫ്രാന്‍സില്‍ സൈനിക വിമാനം തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു, ഒരാളെ കാണാതായി

ഫ്രാന്‍സില്‍ സൈനിക വിമാനം തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു, ഒരാളെ കാണാതായി


പാരിസ്: വടക്കുകിഴക്കന്‍ ഫ്രാന്‍സില്‍ ഫ്രഞ്ച് വ്യോമസേനയുടെ സൈനിക വിമാനം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ ആളെ കാണാതായി. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് സായുധസേനാ മന്ത്രാലയം അറിയിച്ചു.

മീര്‍ത്ത്എമൊസെല്‍ (Meurtheet Moselle) മേഖലയിലാണ് ഫ്രഞ്ച് വ്യോമസേനയുടെ മിറാഷ് 2000ഡി (Mirage 2000D) വിമാനം തകര്‍ന്നുവീണത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. വിമാനത്തില്‍ രണ്ട് പേരുണ്ടായിരുന്നു.

അപകടത്തില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും കാണാതായ രണ്ടാമത്തെ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.

ഫ്രഞ്ച് വ്യോമസേനയുടെ പ്രധാന യുദ്ധവിമാനങ്ങളിലൊന്നായ മിറാഷ് 2000ഡി, കരയിലെ ലക്ഷ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത വിമാനമാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.