ഉഷ വാന്‍സിന്റെയും ട്രംപ് ഉപദേഷ്ടാവിന്റെയും ആസൂത്രിത സന്ദര്‍ശനങ്ങളെ ഗ്രീന്‍ലാന്‍ഡ് അപലപിച്ചു

ഉഷ വാന്‍സിന്റെയും ട്രംപ് ഉപദേഷ്ടാവിന്റെയും ആസൂത്രിത സന്ദര്‍ശനങ്ങളെ ഗ്രീന്‍ലാന്‍ഡ് അപലപിച്ചു


ന്യൂക്ക്: ഗ്രീന്‍ലാന്റ് ഏറ്റെടുക്കുമെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉന്നതതല യു എസ് സന്ദര്‍ശനങ്ങള്‍ക്കുള്ള പദ്ധതികളെ രാജ്യത്തെ രാഷ്ട്രീയക്കാര്‍ അപലപിച്ചു.

യു എസ് സെക്കന്‍ഡ് ലേഡി ഉഷ വാന്‍സ് ഈ ആഴ്ച ഗ്രീന്‍ലാന്റില്‍ സാംസ്‌കാരിക സന്ദര്‍ശനം നടത്തുന്നതിന് പുറമേ ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സനും സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സ്ഥാനമൊഴിയുന്ന ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ പദ്ധതിയെ ആക്രമണാത്മകമാണെന്ന് വിശേഷിപ്പിച്ചു. യു എസില്‍ നിന്നുള്ള രണ്ട് ്പ്രതിനിധികളേയം കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും അറിയിച്ചു. 

ആര്‍ട്ടിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ് ഏകദേശം മുന്നൂറു വര്‍ഷമായി മൂവായിരം കിലോമീറ്റര്‍ അകലെയുള്ള ഡെന്‍മാര്‍ക്കിന്റെ നിയന്ത്രണത്തിലാണ്.

ആഭ്യന്തര കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ദ്വീപിലെ ഭരണകൂടമാണെങ്കിലും വിദേശ, പ്രതിരോധ നയങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലാണ് എടുക്കുന്നത്. ഗ്രീന്‍ലാന്റിനു മേല്‍ യു എസ് വളരെക്കാലമായി സുരക്ഷാ താത്പര്യം പുലര്‍ത്തുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ദ്വീപില്‍ യു എസിന് ഒരു സൈനിക താവളം ഉണ്ട്.

ദ്വീപിലെ അപൂര്‍വ ധാതുക്കളില്‍ ട്രംപിന് താത്പര്യമുണ്ടെന്നാണ് കരുതപ്പെടുന്നത്. ജനുവരിയില്‍ ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുമ്പ് അദ്ദേഹത്തിന്റെ മകന്‍ ഡൊണാള്‍ഡ് ജൂനിയര്‍ ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിച്ചിരുന്നു. 

ഉഷ വാന്‍സിന്റെ സന്ദര്‍ശനം പ്രഖ്യാപിച്ച വൈറ്റ് ഹൗസ് സെക്കന്റ് ലേഡി ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ഗ്രീന്‍ലാന്‍ഡിലെ ദേശീയ മത്സരമായ നായ്ക്കളുടെ മഞ്ഞിലൂടെയുള്ള ഓട്ടമായ  അവന്നാറ്റ കിമുസെര്‍സുവില്‍ പങ്കെടുക്കുകയും ചെയ്യുമെന്നും അറിയിച്ചു.

'ഗ്രീന്‍ലാന്‍ഡിക് സംസ്‌കാരവും ഐക്യവും ആഘോഷിക്കാന്‍' മകന്‍ ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘത്തോടൊപ്പം അവിടെ എത്തുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ബി ബി സിയുടെ യു എസ് പങ്കാളിയായ സി ബി എസ് ന്യൂസുമായി സംസാരിച്ച ഒരു സ്രോതസ്സ് വാള്‍ട്ട്‌സിന്റെ യാത്രയും സ്ഥിരീകരിച്ചു. ഉഷ വാന്‍സിന് മുമ്പ് അദ്ദേഹം സന്ദര്‍ശിക്കുമെന്നും ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റിനൊപ്പം യാത്ര ചെയ്യുമെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വാള്‍ട്ട്‌സിന്റെ സന്ദര്‍ശനത്തെ പ്രകോപനമായാണ് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി എഗെഡ് വിശേഷിപ്പിച്ചത്. 'ഗ്രീന്‍ലാന്‍ഡില്‍ സുരക്ഷാ ഉപദേഷ്ടാവ് എന്താണ് ചെയ്യുന്നത്? ഞങ്ങള്‍ക്ക് ശക്തി പ്രകടനം കാണിക്കുക എന്നതാണ് ഏക ലക്ഷ്യം,' അദ്ദേഹം സെര്‍മിറ്റ്‌സിയാക് പത്രത്തോട് പറഞ്ഞു.

ഗ്രീന്‍ലാന്‍ഡിന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള ജെന്‍സ്- ഫ്രെഡറിക് നീല്‍സണ്‍ ഇതേ പത്രത്തോട് സംസാരിക്കവേ, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തദ്ദേശീയ ജനതയോട് ബഹുമാനക്കുറവ് കാണിക്കുന്നുവെന്ന് ആരോപിച്ചു.

ആര്‍ട്ടിക് മേഖലയില്‍ അമേരിക്കയ്ക്ക് നിക്ഷിപ്ത താത്പര്യമുണ്ടെന്നും അതിനാല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഊര്‍ജ്ജ സെക്രട്ടറിയും യു എസ് ബഹിരാകാശ കേന്ദ്രം സന്ദര്‍ശിക്കുന്നത് തങ്ങളുടെ സൈനിക അംഗങ്ങളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ലഭിക്കുന്നതില്‍ അതിശയിക്കേണ്ടതില്ല എന്നും യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ബ്രയാന്‍ ഹ്യൂസ് പറഞ്ഞു.

ഗ്രീന്‍ലാന്‍ഡിന്റെ സ്വയം നിര്‍ണ്ണയാവകാശത്തെ ബഹുമാനിക്കുന്നതും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതുമായ പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ഗ്രീന്‍ലാന്‍ഡിനെക്കുറിച്ചും അതിന്റെ സംസ്‌കാരത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും പഠിക്കുന്നതിനും ഈ സന്ദര്‍ശനം ഒരു അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യം നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായുള്ള സംഭാഷണത്തിനിടെ ദ്വീപ് ഏറ്റെടുക്കാനുള്ള തന്റെ പ്രചാരണം ട്രംപ് ശക്തമാക്കിയതായി സംശയിക്കുന്നു.

ട്രംപിന്റെ ഏറ്റെടുക്കല്‍ സംബന്ധിച്ച പ്രസംഗത്തെക്കുറിച്ച് ഗ്രീന്‍ലാന്‍ഡ് ഇതിനകം പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ഡെന്‍മാര്‍ക്കും ഉള്‍പ്പെടുന്ന സൈനിക സഖ്യമായ നാറ്റോയുടെ പിന്തുണയോടെ ദ്വീപ് ഏറ്റെടുക്കാന്‍ ആവശ്യപ്പെടാമെന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കൂടുതല്‍ ഞെട്ടല്‍ സൃഷ്ടിച്ചു.

പിടിച്ചെടുക്കലിന്റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപ് പറഞ്ഞത് അത് സംഭവിക്കുമെന്ന് താന്‍ കരുതുന്നു എന്നായിരുന്നു. 

ഈ നീക്കം അമേരിക്കന്‍ പ്രസിഡന്റിന്റെ 'അസ്വീകാര്യമായ പെരുമാറ്റത്തെ' അപലപിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാന്‍ ഗ്രീന്‍ലാന്‍ഡിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിച്ചു.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ഈ വിഷയം പ്രധാനമായി ഉയര്‍ന്നിരുന്നു. ഡെന്‍മാര്‍ക്കില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനുള്ള ക്രമേണയുള്ള സമീപനത്തെ അനുകൂലിക്കുന്ന നീല്‍സന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി എഗെഡിന്റെ ഭരണകക്ഷിയായ ഇന്‍യൂട്ട് അറ്റാകാറ്റിജിറ്റ് പാര്‍ട്ടിയെ പരാജയപ്പെടുത്തിയിരുന്നു. 

ഈ മാസം ആദ്യം യു എസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിനിടെ ഗ്രീന്‍ലാന്‍ഡിലെ ജനങ്ങള്‍ക്ക് അവരുടെ ഭാവി സ്വയം നിര്‍ണ്ണയിക്കാനുള്ള അവകാശത്തെ ശക്തമായി പിന്തുണയ്ക്കുന്നതായി ട്രംപ് പറഞ്ഞു. 'നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങള്‍ നിങ്ങളെ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് സ്വാഗതം ചെയ്യുന്നു' എന്നാണ് ട്രംപ് പറഞ്ഞത്. 

സമീപകാല വോട്ടെടുപ്പുകള്‍ പ്രകാരം  ഗ്രീന്‍ലാന്‍ഡുകാരില്‍ ഏകദേശം 80 ശതമാനം പേരും ഡെന്‍മാര്‍ക്കില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ജനുവരിയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ഇതിലും വലിയൊരു വിഭാഗം യു എസിന്റെ ഭാഗമാകാനുള്ള ആശയം നിരസിക്കുകയും ചെയ്തു.