ഗാസ വെടിനിർത്തൽ: ഹമാസ് സംഘം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തി

ഗാസ വെടിനിർത്തൽ: ഹമാസ് സംഘം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തി


ദോഹ: ഗാസയിൽ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ദോഹയിലെത്തിയ ഹമാസ് സംഘം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന ഹമാസ് നേതാവ് ഡോ. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. ഗാസയിലെ പുതിയ സംഭവവികാസങ്ങളും വെടിനിർത്തൽ ചർച്ചകളിലെ പുരോഗതിയും അമീറുമായുള്ള കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റപ്പോർട്ട് ചെയ്തു. പാലസ്തീനിയൻ ജനതക്ക് നീതി ഉറപ്പാക്കുന്നതിലും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിലും ഖത്തറിന്റെ ശക്തമായ നിലപാട് അമീർ ഹമാസ് നേതാക്കളെ അറിയിച്ചു

വെടിനിർത്തൽ ചർച്ചകൾ സജീവമായി പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി അമീർ ഫോണിൽ ചർച്ച നടത്തി. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ദോഹയിലുള്ള നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മിഡിൽഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ മിഡിൽഈസ്റ്റ് കോർഡിനേറ്റർ ബ്രെറ്റ് മക്ഗർക് എന്നിവർ തിങ്കളാഴ്ച ലുസൈൽ പാലസിൽ അമീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.