അധികാരമേറ്റാലുടനെ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്

അധികാരമേറ്റാലുടനെ പുടിനുമായി  കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്


വാഷിംഗ്ടൺ: അടുത്തയാഴ്ച അധികാരമേറ്റാലുടനെ  റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റിന് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു.

2022 ഫെബ്രുവരിയിൽ ഉക്രെയ്‌നുമായുള്ള റഷ്യയുടെ യുദ്ധം ആരംഭിച്ചതിന്‌ശേഷം ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്. എപ്പോഴായിരിക്കും കൂടിക്കാഴ്ചയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

യുദ്ധം അവസാനിപ്പിക്കാനുള്ള തന്റെ തന്ത്രത്തെക്കുറിച്ച്‌ചോദിച്ചപ്പോൾ ഒരു തന്ത്രം മാത്രമേയുള്ളൂ, അത് പുടിനെ ആശ്രയിച്ചാണിരിക്കുന്നത് എന്ന ട്രംപ് പറഞ്ഞു.

'അദ്ദേഹം കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നുവെന്നും ഞാൻ വളരെവേഗം കണ്ടുമുട്ടാൻപോകുന്നുവെന്നും എനിക്കറിയാം. ഞാൻ അത്‌നേരത്തെ ചെയ്യുമായിരുന്നു, പക്ഷേ അധികാരം പ്രധാനമാണ്. ചില കാര്യങ്ങൾക്ക് അത് വേണം ' ട്രംപ് പറഞ്ഞു.

അതേസമയം, വരും ദിവസങ്ങളിൽ ട്രംപും പുടിനും തമ്മിൽ ഒരു ഫോൺ സംഭാഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിയുക്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യുഎസ് കോൺഗ്രസ് അംഗം മൈക്ക് വാൾട്ട്‌സ് ഞായറാഴ്ച പ്രതികരിച്ചു.

റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനും  ദശലക്ഷക്കണക്കിന് ആളുകളുടെ പലായനത്തിനും കാരണമായി. റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഏറ്റവും വലിയ വിള്ളലിനും ഇത് കാരണമായിട്ടുണ്ട്.