കുടിയേറ്റ വിരുദ്ധനയം തിരിച്ചടിയായി: യുഎസില്‍ വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായ കുറഞ്ഞെന്ന് പഠനം

കുടിയേറ്റ വിരുദ്ധനയം തിരിച്ചടിയായി: യുഎസില്‍ വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായ കുറഞ്ഞെന്ന് പഠനം


വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികളുടെ ആഘാതം യുഎസില്‍ ആകെ പ്രകടമായാതായി പഠനം. വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ രാജ്യം ഗണ്യമായ കുറവുനേരിടുകയാണെന്നാണ് ഇതുസംബന്ധിച്ച പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി നടത്തിയ പഠനത്തിലാണ് 2025 ജനുവരി മുതല്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നതായി കണ്ടെത്തിയത്. രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 7,35,000 പേരുടെ കുറവുണ്ടായെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഈ കാലയളവില്‍ 1.7 മില്യണ്‍ കുടിയേറ്റ തൊഴിലാളികള്‍ യുഎസ് പേ റോള്‍ പട്ടികയില്‍നിന്ന് പുറത്തായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും എച്ച്1ബി വിസകള്‍ പുതുക്കുന്നതിനുള്ള തടസ്സങ്ങളും മറ്റുമാണ് വിദേശ തൊഴിലാളികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ഇത് അമേരിക്കയുടെ സാമ്പത്തിക ഭാവിക്കും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കും വെല്ലുവിളിയാകുമെന്നും വിദഗ്ധരെ ഉദ്ധരിച്ച് ഫിനാഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ മാസത്തിലെ തൊഴില്‍ കണക്കുകള്‍ പ്രകാരം 73,000 തസ്തികകള്‍ മാത്രമാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്. മുന്‍ മാസങ്ങളിലെ കണക്കുകളില്‍ 2,58,000 തൊഴിലവസരങ്ങള്‍ കുറഞ്ഞതായും കാണുന്നു. ജൂലൈ മാസത്തില്‍ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായി ഉയര്‍ന്നു. 27 ആഴ്ചയില്‍ കൂടുതല്‍ തൊഴിലില്ലാത്തവരുടെ എണ്ണം 1.83 മില്യണ്‍ ആയി വര്‍ധിച്ചു.

ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഏകദേശം 1.2 മില്യണ്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇത് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളോടുള്ള കടുത്ത നിലപാട് മൂലമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. വിദേശികള്‍ തങ്ങളുടെ തൊഴിലുകള്‍ തട്ടിയെടുക്കുന്നു എന്ന പ്രചാരണം ശക്തമായതോടെ കുടിയേറ്റ വിരുദ്ധ വികാരം വര്‍ധിച്ചതും തൊഴില്‍ നഷ്ടത്തിന് കാരണമായെന്ന് റിപ്പോ!ര്‍ട്ടില്‍ പറയുന്നു.
2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെ തദ്ദേശീയരായവരുടെ തൊഴിലവസരങ്ങളില്‍ 1.99 മില്യണ്‍ വര്‍ധനവുണ്ടായി. എന്നാല്‍ കുടിയേറ്റക്കാരുടെ തൊഴിലവസരങ്ങളില്‍ 1.4 ശതമാനം കുറവുണ്ടായി. ഏകദേശം 4,52,000 തൊഴിലുകളാണ് നഷ്ടമായത്. കുടിയേറ്റം കുറയുമ്പോള്‍, കുറഞ്ഞ വിദ്യാഭ്യാസം നേടിയ തദ്ദേശീയ തൊഴിലാളികളുടെ വേതനം ഉയര്‍ത്താന്‍ സാധിക്കുമെന്നും എന്നാല്‍ ഇത് കോളേജ് വിദ്യാഭ്യാസം നേടിയ അമേരിക്കക്കാരെ ദോഷകരമായി ബാധിക്കില്ലെന്നും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരെ ഉദ്ധരിച്ചു റിപ്പോര്‍ട്ടില്‍ പറയുന്നു. വിസകളുടെ എണ്ണം കുറയുന്നത് അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം മൊത്തത്തിലുള്ള തൊഴിലവസരങ്ങള്‍ കുറയ്ക്കുകയും സാമ്പത്തിക മാന്ദ്യത്തിന് കാരണമാവുകയും ചെയ്യുമെന്നും അവര്‍ സൂചിപ്പിക്കുന്നു.

കുടിയേറ്റക്കാരെ കൂടുതലായി ആശ്രയിക്കുന്ന നിര്‍മാണ, കൃഷി തുടങ്ങിയ മേഖലകളില്‍ തൊഴില്‍ വളര്‍ച്ച കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ റെയ്ഡുകളെ തുട!ര്‍ന്ന് തൊഴിലാളികളെ തടങ്കലില്‍ വെക്കുകയോ നാടുകടത്തുകയോ ചെയ്തത് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു.

ജൂണില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ വാലിയില്‍ വിളവെടുപ്പിന് എത്തിയ 70 ശതമാനം സീസണല്‍ തൊഴിലാളികള്‍ക്കും ജോലി നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ലൂയിസ്!വില്ലെയിലെ ഒരു പ്ലാന്റില്‍ നിന്ന് 125 പരിചയസമ്പന്നരായ തൊഴിലാളികളെ കുടിയേറ്റ നിയമം മൂലം പിരിച്ചുവിട്ടെന്നും ഇത് മിഷിഗണിലെ ഒരു ഫാക്ടറിയില്‍ ഓവര്‍ടൈം ജോലി ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിതരാക്കുന്നുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഴുവന്‍ സമയ നഴ്‌സുമാര്‍ അധിക ഷിഫ്റ്റുകള്‍ എടുക്കേണ്ടി വരുന്നതിനാല്‍ 20 മുതല്‍ 30 ശതമാനം വരെ ലേബര്‍ കോസ്റ്റ് വര്‍ധിച്ചു. എച്ച്1ബി വിസയിലുള്ളവരുടെ എക്സ്റ്റന്‍ഷനുകള്‍ മേക്ക് അമേരിക്ക ഗ്രേറ്റ് അമേരിക്ക നയത്തിന്റെ ഭാഗമായ വിദേശ വിരുദ്ധ നിലപാട് കാരണം കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി എച്ച്1ബി വിസ പുതുക്കാനുള്ള നടപടികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയതും വിദേശ തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്.