ലോകത്തിലെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ എയര്‍ലൈനായി ഇന്‍ഡിഗോ

ലോകത്തിലെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ എയര്‍ലൈനായി ഇന്‍ഡിഗോ


മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ യു എസ് ആസ്ഥാനമായ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിനെ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ പിന്തള്ളി ലോകത്തിലെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ എയര്‍ലൈനായി. ബ്ലൂംബെര്‍ഗാണ് ഈ ഡേറ്റ പുറത്തുവിട്ടത്. 

ഇന്‍ഡിഗോയുടെ ഓഹരി വില ബുധനാഴ്ച 4.73 ശതമാനം ഉയര്‍ന്ന് 3,806 രൂപയിലെത്തി. അതോടെ അതിന്റെ വിപണി മൂലധനം 17.605 ബില്യണ്‍ ഡോളറായി കുതിച്ചു. സൗത്ത് വെസ്റ്റിന്റെ വിപണി മൂലധനം 17.333 ബില്യണ്‍ ഡോളറാണ്. 

ഡെല്‍റ്റ എയര്‍ലൈന്‍സ് (30.442 ബില്യണ്‍ ഡോളര്‍), റയാന്‍ എയര്‍ (26.941 ബില്യണ്‍ ഡോളര്‍) എന്നിവയാണ് വിപണി മൂലധനത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് എയര്‍ലൈനുകള്‍. ബ്ലൂംബെര്‍ഗ് ഡേറ്റ പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച 10 എയര്‍ലൈനുകളില്‍ ഇന്‍ഡിഗോ മാത്രമാണ് ഇന്ത്യന്‍ കാരിയര്‍.

സിറിയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്‍ഡിഗോ നിലവില്‍ ആഴ്ചയില്‍ 14,014 ഫ്‌ളൈറ്റുകളാണ് പറത്തുന്നത്. കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ 11.2 ശതമാനം കൂടുതലാണിത്.

കഴിഞ്ഞ വര്‍ഷം ഇന്‍ഡിഗോയും എയര്‍ ഇന്ത്യയുമാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. 2023 ജൂണില്‍ ഇന്‍ഡിഗോ 500 എ320നിയോ വിമാനങ്ങള്‍ക്ക് എയര്‍ബസില്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. 2023 ഫെബ്രുവരിയില്‍ എയര്‍ ഇന്ത്യ ഗ്രൂപ്പ് 470 വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്. എയര്‍ ഇന്ത്യ 250 എയര്‍ബസിനും 220 ബോയിംഗിനുമാണ് ഓര്‍ഡര്‍ നല്‍കിയത്.

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോക വ്യോമയാന കേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എയര്‍ബസിന്റെ ഇന്ത്യയ്ക്കും ദക്ഷിണേഷ്യയ്ക്കുമുള്ള കസ്റ്റമര്‍ അക്കൗണ്ട്‌സ് മേധാവി എഡ്വേര്‍ഡ് ഡെലാഹെ പറഞ്ഞു. 

ഇന്ത്യയുടെ ആകാശത്ത് 800ഓളം വാണിജ്യ വിമാനങ്ങളാണ് പറക്കുന്നത്. അവയില്‍ ഭൂരിഭാഗവും യൂറോപ്യന്‍ വിമാന നിര്‍മ്മാതാക്കളായ എയര്‍ബസിന്റേതാണ്. 

'ആഭ്യന്തര ട്രാഫിക് വളര്‍ച്ച, രാജ്യത്തെ ജി ഡി പി വളര്‍ച്ച, മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്ന് ധാരാളം അന്താരാഷ്ട്ര ട്രാഫിക് തിരിച്ചുപിടിക്കല്‍, ലോകത്തെ ബന്ധിപ്പിക്കുന്ന സ്ഥലമായി ഇന്ത്യയെ മാറ്റല്‍ എന്നിവ ഇന്ത്യന്‍ വ്യോമയാനത്തിന്റെ സാധ്യതകളെ ശോഭനമാക്കുന്നതാിയ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.