ടെഹ്‌റാന്‍: ഇറാനിലെ അറാക് ആണവനിലയം (ഹെവി വാട്ടര്‍ റിയാക്ടര്‍) ഇസ്രയേല്‍ ആക്രമിച്ച് തകര്‍ത്തു .ഇവിടെനിന്ന് ഇതുവരെ റേഡിയേഷന്‍ ഭീഷണി ഉയര്‍ന്നിട്ടില്ലെന്നും ആക്രമണത്തിനുമുന്‍പുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രയേല്‍ വ്യാഴാഴ്ച രാവിലെതന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇറാനിലെ ടെഹ്‌റാനില്‍നിന്ന് ഏകദേശം 250 കിലോമീറ്റര്‍ (155 മൈല്‍) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആണവ നിലയമാണ് അറാക് ഹെവി വാട്ടര്‍ റിയാക്ടര്‍ (IR40).
അതേസമയം, ഇസ്രയേലി നഗരങ്ങളില്‍ ഇറാന്റെ കനത്ത വ്യോമാക്രമണം തുടരുകയാണ്. മധ്യ, തെക്കന്‍ ഇസ്രയേലിലെ നാല് സ്ഥലങ്ങളില്‍ ഇറാനിയന്‍ മിസൈലുകള്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിയതായാണു വിവരം. ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. പ്രാദേശിക സമയം രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. അറുപതിലേറെ പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ട് പറയുന്നു.
ഇസ്രയേല്‍ സൈന്യത്തിന്റെ കമാന്‍ഡ് ആന്‍ഡ് ഇന്റലിജന്‍സ് ആസ്ഥാനവും സൈനിക ഇന്റലിജന്‍സ് ക്യാംപുമാണ് ഇറാന്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം. ബീര്‍ ഷെവയിലെ സൊറോക്ക ആശുപത്രിക്കു സമീപമാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ സൊറോക്ക ആശുപത്രിക്കു നേരെയും മിസൈല്‍ ആക്രമണമുണ്ടായി.
ഇറാനിലെ അറാക് ആണവനിലയം തകര്‍ത്ത് ഇസ്രായേല്‍; നിലവില്‍ റേഡിയേഷന്‍ ഭീഷണി ഇല്ലെന്ന് റിപ്പോര്‍ട്ട്
