പ്രതിഷേധത്തിനു നടുവില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു

പ്രതിഷേധത്തിനു നടുവില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു


വാഷിംഗ്ടണ്‍: വെടിനിര്‍ത്തല്‍ കരാറിന്റെ മുന്നോടിയായി വാഷിംഗ്ടണിലെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ തന്റെ നാലാമത്തെ പ്രസംഗം നടത്തി. ഗാസയിലെ തന്റെ രാജ്യത്തിന്റെ യുദ്ധത്തിന് തുടര്‍ന്നും പിന്തുണ നല്‍കാനുള്ള ശ്രമങ്ങളാണ് നെതന്യാഹുവിന്റെ പ്രസംഗത്തിലുടനീളം നടത്തിയത്.

അതേസമയം നെതന്യാഹു ബുധനാഴ്ച കാപ്പിറ്റോള്‍ ഹില്ലില്‍ പ്രവേശിച്ചതിനു പിന്നാലെ യുദ്ധ വിരുദ്ധ പ്രക്ഷോഭകരുടെ പ്രതിഷേധങ്ങളും ഇസ്രായേല്‍ പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്നു.

കോണ്‍ഗ്രസ് ഹാളിനു പുറത്തും അകത്തും പ്രതിഷേധക്കാരുണ്ടായിരുന്നു.

കോണ്‍ഗ്രസിലെ മുസ്ലിം പ്രതിനിധി റാഷിദ ത്‌ലൈബ്, ഒരു വശത്ത് 'വംശഹത്യയില്‍ കുറ്റക്കാരന്‍' എന്നും മറുവശത്ത് 'യുദ്ധക്കുറ്റവാളി' എന്നും എഴുതിയ ഒരു ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഹാളില്‍ നിന്നത്. യുദ്ധത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന  വിനാശകരമായ മരണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളാണ് പ്രതിഷേധത്തില്‍ മുഴങ്ങിയത്.

എന്നാല്‍ പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ നെതന്യാഹു വഴങ്ങിയില്ല. ക്യാമ്പസ് പ്രതിഷേധക്കാരെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ പ്രോസിക്യൂട്ടര്‍മാരെയും പ്രത്യേകമായി അഭിസംബോധന ചെയ്തുകൊണ്ട് ശത്രുക്കളെ സെമിറ്റിക് വിരുദ്ധരും വഴിതെറ്റിക്കുന്നവരുമായി ചിത്രീകരിക്കാനാണ് അദ്ദേഹം യുഎസ് കോണ്‍ഗ്രസിന് മുമ്പാകെയുള്ള തന്റെ വേദി ഉപയോഗിച്ചത്.

നെതന്യാഹുവിന്റെ ബുധനാഴ്ചത്തെ പ്രസംഗത്തില്‍ നിന്നുള്ള അഞ്ച് പ്രധാന കാര്യങ്ങള്‍ ഇതാ.

അമേരിക്കയിലെ സഖ്യകക്ഷികളെ പ്രശംസിച്ച് നെതന്യാഹു

രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രതീകമായ അന്തരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ മറികടന്ന് ഏറ്റവും കൂടുതല്‍ യുഎസ് കോണ്‍ഗ്രസ് പ്രസംഗങ്ങള്‍ നടത്തിയ ലോകനേതാവായി നെതന്യാഹു മാറി.
ചില നിയമനിര്‍മ്മാതാക്കള്‍ ആര്‍പ്പുവിളികള്‍ക്കൊപ്പം കൂവുന്നത് കേള്‍ക്കാമെങ്കിലും നെതന്യാഹു ചേംബറില്‍ പ്രവേശിച്ചു. ചില നിയമസഭാംഗങ്ങളുമായി ഹസ്തദാനത്തിലേര്‍പ്പെടാന്‍ അദ്ദേഹം താല്‍ക്കാലികമായി നില്‍ക്കുകയും മറ്റുള്ളവര്‍ക്ക് നേരെ തലയാട്ടുകയും ചെയ്തു.

വേദിയില്‍വെച്ച് അദ്ദേഹം അമേരിക്കന്‍ ജനതയെയും ഇരുവശത്തുമുള്ള രാഷ്ട്രീയക്കാരെയും പ്രശംസിച്ചു.
'നല്ല സമയത്തും ചീത്ത സമയത്തും ഇസ്രായേല്‍ എല്ലായ്‌പ്പോഴും അമേരികക്യുടെ വിശ്വസ്ത സുഹൃത്തും ഉറച്ച പങ്കാളിയും ആയിരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലിലെ ജനങ്ങള്‍ക്ക് വേണ്ടി, അമേരിക്കയ്ക്ക് നന്ദി പറയാനാണ് താന്‍ അവിടെയെത്തിയെതന്നും നെതന്യാഹു പറഞ്ഞു.
തന്റെ പ്രസംഗത്തിലെ ചരിത്രപരമായ സാഹചര്യങ്ങളെ അംഗീകരിച്ച അദ്ദേഹം, 'ജനാധിപത്യത്തിന്റെ ഈ മഹത്തായ കോട്ടയെ' നാലാം തവണയും അഭിസംബോധന ചെയ്യുന്നത് തനിക്ക് കിട്ടുന്ന ഏറ്റവും വലിയ ബഹുമതിയാണ് എന്ന് പറഞ്ഞു.
അതേസമയം ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനുള്ള പിന്തുണയെച്ചൊല്ലി ഡെമോക്രാറ്റുകളില്‍ ഭിന്നിപ്പ് രൂക്ഷമായതോടെ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ കുറഞ്ഞ അംഗങ്ങള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ന്യൂയോര്‍ക്കിലെ അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ്, മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തുടങ്ങിയ ചിലര്‍ ബുധനാഴ്ചത്തെ പ്രസംഗത്തില്‍ നിന്ന് വിട്ടുനിന്നു. മറ്റുള്ളവര്‍ പ്രസംഗത്തിനു മുമ്പ് സഭവിട്ട് ഇറങ്ങുകയും ചെയ്തു.