ഇറാന്‍ ആണവ സിദ്ധാന്തം പൊളിച്ചെഴുതുമെന്ന് ഖംനേയിയുടെ ഉപദേഷ്ടാവ്

ഇറാന്‍ ആണവ സിദ്ധാന്തം പൊളിച്ചെഴുതുമെന്ന് ഖംനേയിയുടെ ഉപദേഷ്ടാവ്


ടെഹ്‌റാന്‍: നിലനില്‍പിനു വേണ്ടിയുള്ള യുദ്ധത്തില്‍ ഇറാന്‍ ആണവ സിദ്ധാന്തം പൊളിച്ചെഴുതുമെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനേയിയുടെ ഉപദേഷ്ടാവ് കമാല്‍ ഖരാസി. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ബ്രോഡ്കാസ്റ്റര്‍ അല്‍- മായാദീനോടാണ് ഇസ്രയേലിനെതിരെ ആണവായുധ പ്രയോഗം നടത്തുന്നത് ആലോചനയിലാണെന്ന വിവരം ഖരാസി വെളിപ്പെടുത്തിയത്. 

പരമോന്നത നേതാവിന്റെ ഫത്‌വയുള്ളതിനാലാണ് തങ്ങള്‍ ഇതുവരെ ആണവായുധപ്രയോഗം നടത്താത്തതെന്നും ഇറാന്‍ അതിജീവനത്തിന് ഗുരുതര ഭീഷണി നേരിടുകയാണെങ്കില്‍ ഈ ഫത്വ പുനര്‍വിചിന്തനം ചെയ്യുമെന്നുമാണ് ഖരാസി ടെഹ്‌റാന്‍ ടൈംസിനോട് വിശദമാക്കിയത്.

2000ന്റെ തുടക്കത്തിലാണ് ഒരു ഫത്‌വയിലൂടെ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് ആയത്തുള്ള അലി ഖംനേയി നിരോധിച്ചത്. 2019ല്‍ അമേരിക്കയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഖംനേയി അതു പുതുക്കി. 

അണു ബോംബുകള്‍ നിര്‍മിക്കുന്നതും സംഭരിക്കുന്നതും തെറ്റാണെന്നും അത് ഉപയോഗിക്കുന്നത് നിഷിദ്ധവുമാണെന്നുമാണ് അന്ന് ഖംനേയി പറഞ്ഞത്. എന്നാല്‍ പിന്നീടിങ്ങോട്ട് രാജ്യത്തിന്റെ ആണവ സിദ്ധാന്തം ഉയര്‍ത്തിക്കാട്ടുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു.

കഴിഞ്ഞയാഴ്ചയാണ് ഇസ്രയേലിന്റെ തിരിച്ചടിക്ക് ഇറാന്‍ ഉചിതമായ സമയത്തും രീതിയിലും പ്രതികരിക്കും എന്ന് ഖരാസി ആവര്‍ത്തിച്ചത്. ടെഹ്‌റാന്‍ ബാലിസ്റ്റിക് മിസൈലുകളുടെ പരിധി വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഖരാസി ദി ടെലിഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇതിനിടെ ഇറാന്റെ പ്രത്യാക്രമണത്തെ തടയിടാന്‍ അതീവ സുരക്ഷാ കേന്ദ്രത്തില്‍ ഇസ്രയേല്‍ സുരക്ഷാ നടപടികള്‍ ഉയര്‍ത്തിയതായി കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഏത് സുരക്ഷാ കേന്ദ്രത്തിലാണ് ഇസ്രയേല്‍ സുരക്ഷാ നടപടികള്‍ ഉയര്‍ത്തിയതെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. 

നവംബര്‍ അഞ്ചിനു നടക്കുന്ന യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വെളിച്ചത്തില്‍ ഇറാന്റെ ആക്രമണത്തിന്റെ സാധ്യതകളെ കുറിച്ചുള്ള ഇസ്രയേലിന്റെ വിലയിരുത്തല്‍ തുടരുകയാണെന്നും ആ റിപ്പോര്‍ട്ട് പറയുന്നു. ഇറാന്‍ നേരിട്ടോ ഇറാഖിലെയും യെമനിലെയും അച്ചുതണ്ടുകള്‍ മുഖേനയോ ആയിരിക്കാം പ്രതികരണമെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.

ഇസ്രയേലിനെതിരെ ശക്തമായ പ്രതികാര നടപടികള്‍ക്ക് ഖംനേയി സൈനിക നേതൃത്വത്തിന് ഉത്തരവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവംബര്‍ അഞ്ചു വരെ ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കില്ലെന്നാണ് അമേരിക്കയും കരുതുന്നത്. എന്നാല്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ദിവസം ശക്തമായ ആണവായുധ പ്രയോഗം ഇറാന്‍ നടത്തുമോ എന്ന ആശങ്കയും നിലവിലുണ്ട്.