ബലാത്സംഗ കേസുകളില്‍ ഗര്‍ഭഛിദ്രം അനുവദിക്കാന്‍ യു എ ഇയില്‍ നിയമം

ബലാത്സംഗ കേസുകളില്‍ ഗര്‍ഭഛിദ്രം അനുവദിക്കാന്‍ യു എ ഇയില്‍ നിയമം


അബൂബാദി: ബലാത്സംഗ കേസുകളില്‍ ഗര്‍ഭഛിദ്രം അനുവദിക്കാന്‍ യു എ ഇ. രാജ്യത്തെ ഗര്‍ഭഛിദ്ര നിയമങ്ങളിലെ പ്രധാന സംഭവമായിരിക്കും ഈ മാറ്റം. മെഡിക്കല്‍ ബാധ്യതാ നിയമവുമായി ബന്ധപ്പെടുത്തിയിട്ടുള്ള 2024-ലെ കാബിനറ്റ് പ്രമേയം നമ്പര്‍ (44) അബോര്‍ഷന്‍ അനുവദനീയമാണെന്ന് പ്രസ്താവിക്കുന്നുണ്ട്.

സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായോ അവരുടെ സമ്മതമില്ലാതെയോ മതിയായ ഇച്ഛാശക്തി കൂടാതെയുള്ള ലൈംഗിക ബന്ധത്തിന്റെ ഫലമായാണ് ഒരു വ്യക്തി ഗര്‍ഭധാരണത്തിന് കാരണമായത് എങ്കില്‍ അവര്‍ക്ക് അബോര്‍ഷന്‍ അനുവദിക്കാം എന്നാണ് പ്രമേയം പറയുന്നത്.

സ്ത്രീയുടെ പൂര്‍വ്വികനോ അല്ലെങ്കില്‍ അവരുടെ മഹ്റം (പരസ്പരം വിവാഹം ചെയ്യാന്‍ പാടില്ലാത്തവര്‍) ബന്ധുക്കളില്‍ ഒരാളോ ആണ് കാരണക്കാരയത് എങ്കിലും ഈ നിയമം ബാധകമായെക്കുമെന്ന് യു എ ഇയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് ഭാഷാ ദിനപത്രമായ ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബലാത്സംഗ സംഭവങ്ങള്‍ ഉടനടി അധികാരികളെ അറിയിക്കേണ്ടതുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് വഴി തെളിയിക്കേണ്ടതുണ്ടെന്നും അബുദാബി ആസ്ഥാനമായുള്ള ദി നാഷണല്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 120 ദിവസത്തിനുള്ളില്‍ ഗര്‍ഭം അവസാനിപ്പിക്കുകയും ഗര്‍ഭച്ഛിദ്രം സ്ത്രീയുടെ ജീവനെ അപകടത്തിലാക്കുന്ന മെഡിക്കല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കുകയും വേണം.

കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും യു എ ഇയില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രമേയം ബാധകമാകുക.

ക്രൈംസ് ആന്‍ഡ് പെനാല്‍റ്റി നിയമത്തിലെ ആര്‍ട്ടിക്കിള്‍ (406) അനുസരിച്ച് ഇരയ്ക്ക് 18 വയസ്സിന് താഴെയോ 'ശാരീരിക വൈകല്യമോ അല്ലെങ്കില്‍ അവര്‍ക്ക് ചെറുത്തുനില്‍ക്കാന്‍ കഴിയാത്ത ആരോഗ്യപ്രശ്‌നമോ ഉണ്ടെങ്കില്‍ ബലാത്സംഗത്തിനുള്ള ശിക്ഷ ജീവപര്യന്തവും മരണവുമാണ്. അല്ലെങ്കില്‍ കുറ്റവാളി ഇരയുടെ തലമുറകളില്‍ ഒരാളോ അല്ലെങ്കില്‍ വിവാഹം കഴിക്കാത്ത ബന്ധുക്കളോ ആണെങ്കിലും സമാന ശിക്ഷയാണ്.

പ്രമേയം യു എ ഇയുടെ ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് പ്രാബല്യത്തില്‍ വരും. പ്രമേയം എല്ലാ ഗര്‍ഭച്ഛിദ്ര കേസുകളും അംഗീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കര്‍ശനമായ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തുന്നു.