ബെയ്‌റൂട്ട്: ലെബനന്റെ പുതിയ പ്രധാനമന്ത്രിയായി ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ നിലവിലെ അദ്ധ്യക്ഷനായ ജഡ്ജി നവാഫ് സലാമിനെ (71) തിരഞ്ഞെടുത്തു. യു.എന്നിലെ ലെബനന്റെ മുന്‍ അംബാസഡര്‍ കൂടിയാണ് നവാഫ്.
പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് നവാഫിനെ പ്രസിഡന്റ് ജോസഫ് ഔന്‍ ക്ഷണിച്ചു. കാവല്‍ പ്രധാനമന്ത്രിയായ നജീബ് മിക്കാത്തിയെ പിന്തള്ളിയാണ് നവാഫിനെ പാര്‍ലമെന്റ് തിരഞ്ഞെടുത്തത്.
128 അംഗ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 78 എം.പിമാര്‍ നവാഫിനെ പിന്തുണച്ചു. 9 പേര്‍ മാത്രമാണ് മിക്കാത്തിയെ അനുകൂലിച്ചത്.
ബെയ്‌റൂത്തില്‍ രാഷ്ട്രീയ സ്വാധീനമുള്ള ഒരു കുടുംബത്തിലാണ് നവാഫ് സലാം 1953 ഡിസംബര്‍ 15 ന് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്ദുള്ള സലാം, ലെബനന്റെ ദേശീയ എയര്‍ലൈനായ മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. 1974-ല്‍ പാരീസിലെ സ്‌കൂള്‍ ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസില്‍ നിന്ന് സോഷ്യല്‍ സയന്‍സസില്‍ ബിരുദവും തുടര്‍ന്ന് 1979-ല്‍ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ഡോക്ടറേറ്റും നേടിയ സലാമിന്റെ അക്കാദമിക് യാത്ര പാരീസില്‍ തുടങ്ങി. 1991-ല്‍ ബെയ്‌റൂത്ത് സര്‍വകലാശാലയില്‍ നിയമ ബിരുദവും ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും നേടി.
യുനെസ്‌കോയിലെ ലെബനന്‍ അംബാസഡറും പത്രപ്രവര്‍ത്തകനുമായ സഹര്‍ ബസ്സിരിയെ അദ്ദേഹം വിവാഹം കഴിച്ചു, അവര്‍ക്ക് അബ്ദുല്ല, മര്‍വാന്‍ എന്നീ രണ്ട് ആണ്‍മക്കളുണ്ട്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ മിഡില്‍ ഈസ്റ്റിലെ തുര്‍ക്കി ഭരണത്തെ എതിര്‍ത്ത് ബെയ്‌റൂട്ടില്‍ നവീകരണ പ്രസ്ഥാനം സ്ഥാപിച്ചു. സലാമിന്റെ അമ്മാവന്‍ സെയ്ബ് സലാം 1952 നും 1973 നും ഇടയില്‍ നാല് തവണ ലെബനന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെ, അദ്ദേഹത്തിന്റെ ബന്ധുവായ തമ്മാം സലാമായിരുന്നു 2014 മുതല്‍ 2016 വരെ ലെബനന്റെ പ്രധാനമന്ത്രി.
നവാഫ് സലാം ലെബനന്റെ പുതിയ പ്രധാനമന്ത്രി