കൊല്ലപ്പെട്ടതല്ല; അറസ്റ്റിലാണ് ഇറാന്റെ ഖുദ്‌സ് മേധാവി

കൊല്ലപ്പെട്ടതല്ല; അറസ്റ്റിലാണ് ഇറാന്റെ ഖുദ്‌സ് മേധാവി


ടെഹ്‌റാന്‍: മരിച്ചുവെന്ന അവകാശവാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇറാന്റെ ഇറാന്റെ ഖുദ്സ് ഫോഴ്സ് മേധാവി ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ അറസ്റ്റിലാണെന്നാണ് വിവരം. 

ഏതാനും ആഴ്ചകളായി പൊതുവേദികളില്‍ കാണാതിരുന്ന ഇറാന്റെ എക്സ്ട്രാ ടെറിറ്റോറിയല്‍ ഖുദ്സ് ഫോഴ്സിന്റെ തലവന്‍ ഇസ്മയില്‍ ഖാനിയുടെ നിലയെക്കുറിച്ച് അടുത്ത ദിവസങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

കഴിഞ്ഞ മാസം അവസാനം ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ലയെയും ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ഡെപ്യൂട്ടി കമാന്‍ഡറും ഉള്‍പ്പെടെയുള്ള മറ്റ് നിരവധി ഉന്നത കമാന്‍ഡര്‍മാരെയും കൊലപ്പെടുത്തിയ ഇസ്രായേല്‍ വ്യോമാക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം ബെയ്റൂത്തിലേക്ക് യാത്ര ചെയ്തതു മുതല്‍ ഖാനിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലായിരുന്നു. 

ബെയ്റൂത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഉന്നത ഹിസ്ബുല്ല നേതാവിനൊപ്പം അദ്ദേഹം കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഖാനിയെ ഖുദ്സ് ഫോഴ്സായ ഐ ആര്‍ ജി സി അന്വേഷിക്കുന്നുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ അറബിക്, പ്രാദേശിക മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുള്ളത്. ഇസ്രായേല്‍ രഹസ്യാന്വേഷണ നുഴഞ്ഞുകയറ്റത്തിലോ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്രല്ലയുടെ കൊലപാതകത്തിലോ പങ്കുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.

സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അല്‍-അറബിയ വാര്‍ത്താ സൈറ്റ്, 'പ്രമുഖ ഇറാനിയന്‍ നേതാക്കളെ ഇസ്രായേല്‍ വധിച്ചതിന് ശേഷം, നിരീക്ഷണത്തിനും ഒറ്റപ്പെടലിനും വിധേയമാണ്' എന്ന് അഭിപ്രായപ്പെട്ടു.

ബുധനാഴ്ച, യു കെ ആസ്ഥാനമായ മിഡില്‍ ഈസ്റ്റ് ഐ വെബ്സൈറ്റ് ഖാനി ജീവിച്ചിരിപ്പുണ്ടെന്നും ഇറാനിയന്‍ അധികാരികളുടെ അന്വേഷണത്തിലാണെന്നും റിപ്പോര്‍ട്ട് ചെയ്തു.

ലെബനീസ്, ഇറാഖി വൃത്തങ്ങള്‍ ഖാനി വീട്ടുതടങ്കലിലാണെന്നും നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള ആളുകള്‍ ചോദ്യം ചെയ്യുകയാണെന്നും ഹിസ്ബുല്ലയോട് അടുത്ത ഒരു സ്രോതസ്സ് മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ചോദ്യം ചെയ്യലിനിടെ ഖാനിക്ക് ഹൃദയാഘാതം ഉണ്ടായെന്നും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും സ്‌കൈ ന്യൂസ് അറബിക് റിപ്പോര്‍ട്ട് ചെയ്തു. ഖാനിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഇഹ്സാന്‍ ഷാഫിഖി നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഈ റിപ്പോര്‍്ട്ടുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 

ഖാനി പങ്കെടുക്കേണ്ടിയിരുന്ന ഒരു യോഗത്തില്‍ നസ്റല്ലയുടെ പിന്‍ഗാമിയെന്ന് കരുതപ്പെടുന്ന ഹാഷിം സഫീദ്ദീനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഖാനിയില്‍ ഇറാനിയന്‍ ഗവണ്‍മെന്റിന് സംശയം തോന്നിയതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ അദ്ദേഹം കൊല്ലപ്പെട്ടതായി അഭ്യൂഹം പരന്ന അതേ ആക്രമണമായിരുന്നു അത്. 

2020-ല്‍ ബാഗ്ദാദില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷമാണ് ഐആര്‍ജിസിയുടെ ഖുദ്സ് ഫോഴ്സിന്റെ തലവനായി ഖാനിയെ ടെഹ്റാന്‍ തെരഞ്ഞെടുത്തത്. 

ലെബനനിലെ ഹിസ്ബുല്ലയും ഗാസയിലെ ഹമാസും യെമനിലെ ഹൂതി വിമതരും ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റിലെ ഇറാന്റെ പ്രോക്സി ഗ്രൂപ്പുകളുമായാണ് ഖുദ്സ് ഫോഴ്സ് ഇടപെടുന്നത്.