വാഷിങ്ടൺ: അമേരിക്കയുമായുള്ള മെച്ചപ്പെട്ട ബന്ധം സാമ്പത്തികമായി പ്രയോജനപ്പെടുത്താനുള്ള നീക്കവുമായി പാക്കിസ്ഥാൻ. സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്നതിനായി യുഎസിനോട് 10 ബില്യൺ ഡോളറിന്റെ സാമ്പത്തിക സ്ഥിരതാ സഹായസൗകര്യം ആവശ്യപ്പെട്ടതായി പാക്കിസ്ഥാൻ വ്യക്തമാക്കി. വാഷിങ്ടണിൽനിന്ന് അടുത്ത രണ്ട് മാസത്തിനുള്ളിൽ അനുകൂല പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാക് ധനമന്ത്രിയുടെ ഉപദേഷ്ടാവ് ഖുറം ഷെഹ്‌സാദ് പറഞ്ഞു.
അമേരിക്കയുമായുള്ള ചർച്ചകൾ ക്രിയാത്മകമായാണ് മുന്നോട്ടുപോകുന്നതെന്നും നിർദിഷ്ട സഹായസൗകര്യം പാക്കിസ്ഥാന്റെ സാമ്പത്തിക വിപണിയിലേക്കുള്ള പ്രവേശനം ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനും സഹായിക്കുമെന്നും ഷെഹ്‌സാദ് വ്യക്തമാക്കി.
അഞ്ചുവർഷം വരെ കാലാവധിയുള്ള 'ഉഭയകക്ഷി വിനിമയ നിരക്ക് സ്ഥിരതാ സഹായസൗകര്യം'' (Bilateral Exchange Stabilization Support Faciltiy ) ആവശ്യപ്പെട്ട് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിനോട് പാക്കിസ്ഥാൻ നേരത്തെ അഭ്യർഥന നടത്തിയിരുന്നു. വിദേശനാണ്യ പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിൽ സാമ്പത്തിക സുരക്ഷാ വലയമായി പ്രവർത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ട്രംപുമായുള്ള ബന്ധം സാമ്പത്തിക ആയുധമാക്കാൻ ഇസ്ലാമാബാദ്
ട്രംപ് ഭരണകൂടവുമായി പാക്കിസ്ഥാൻ അടുത്ത ബന്ധം സ്ഥാപിച്ചതാണ് പുതിയ നീക്കത്തിന് പിന്നിലെ പ്രധാന രാഷ്ട്രീയ പശ്ചാത്തലം. യുഎസ്-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട നയതന്ത്ര ഇടപെടലുകളിൽ പാക്കിസ്ഥാൻ നിർണായക പങ്ക് വഹിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി.
പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും മിഡിൽ ഈസ്റ്റിലെ നയതന്ത്ര നീക്കങ്ങളിൽ സജീവമായിരുന്നു. പാക്കിസ്ഥാൻ സൈനിക മേധാവിയെ ട്രംപ് തന്റെ 'പ്രിയപ്പെട്ട ഫീൽഡ് മാർഷൽ' എന്ന് വിശേഷിപ്പിച്ചതും ഇരു രാജ്യങ്ങളുടെയും ബന്ധത്തിലെ അടുപ്പം വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ഈ രാഷ്ട്രീയ അടുപ്പം ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ദീർഘകാല പരിഹാരം കണ്ടെത്തുകയാണ് ഇസ്ലാമാബാദിന്റെ ലക്ഷ്യം. 2023ൽ വിദേശനാണ്യ ശേഖരം കുറഞ്ഞതിനെ തുടർന്ന് പാക്കിസ്ഥാൻ ഡിഫോൾട്ടിന്റെ വക്കിലെത്തിയിരുന്നു.
സാമ്പത്തിക രംഗത്ത് ആശ്വാസസൂചനകൾ
അന്താരാഷ്ട്ര നാണയനിധിയിൽനിന്ന് (ഐഎംഎഫ്) 7 ബില്യൺ ഡോളറിന്റെ മൂന്ന് വർഷത്തെ രക്ഷാപാക്കേജ് ഉൾപ്പെടെ വിവിധ നടപടികളിലൂടെ പാക്കിസ്ഥാൻ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ധനക്കമ്മി നിയന്ത്രിക്കൽ, വിദേശനാണ്യ നില മെച്ചപ്പെടുത്തൽ തുടങ്ങിയ നടപടികൾക്ക് പിന്നാലെ രാജ്യത്തിന്റെ സാമ്പത്തിക സൂചകങ്ങളിൽ നേരിയ പുരോഗതി പ്രകടമാണ്.
ഇതിനിടെ മൂഡീസ് (Moody's) പാക്കിസ്ഥാന്റെ പരമാധികാര ക്രെഡിറ്റ് റേറ്റിങ് ഉയർത്തി. ശക്തമായ വിദേശ സാമ്പത്തിക നില, മെച്ചപ്പെട്ട ധനകാര്യ സൂചകങ്ങൾ, ആഭ്യന്തര ധനസമാഹരണ ചെലവിലെ കുറവ് എന്നിവയാണ് റേറ്റിങ് ഉയർത്താനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടിയത്.
നാലുവർഷത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാൻ ഈ വർഷം അന്താരാഷ്ട്ര കടവിപണിയിലും തിരിച്ചെത്തി. യൂറോബോണ്ട് വഴി ധനസമാഹരണം നടത്തിയതിന് പിന്നാലെ ചൈനയിൽ ആദ്യമായി യുവാൻ അടിസ്ഥാനമാക്കിയുള്ള കടപ്പത്രങ്ങളും പുറത്തിറക്കി.
അമേരിക്കയിൽനിന്നുള്ള 10 ബില്യൺ ഡോളർ സഹായം ലഭിച്ചാൽ പാക്കിസ്ഥാന്റെ വിദേശനാണ്യ സമ്മർദം കുറയ്ക്കാനും അന്താരാഷ്ട്ര നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സാധിക്കും. എന്നാൽ ഇത് ഒരു സാമ്പത്തിക സഹായം മാത്രമല്ല; ട്രംപ് ഭരണകൂടവുമായുള്ള പാക്കിസ്ഥാന്റെ പുതിയ തന്ത്രപരമായ അടുപ്പം സാമ്പത്തിക നേട്ടങ്ങളാക്കി മാറ്റാനുള്ള ഇസ്ലാമാബാദിന്റെ നിർണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
10 ബില്യൺ ഡോളർ യുഎസ് സഹായം തേടി പാക്കിസ്ഥാൻ; ട്രംപുമായുള്ള ബന്ധം സാമ്പത്തിക നേട്ടമാക്കാൻ നീക്കം
