പാരീസ് ഒളിംപിക്‌സ് 2024: ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫ്രാങ്കോ-സ്വിസ് വിമാനത്താവളം ഒഴിപ്പിച്ചു

പാരീസ് ഒളിംപിക്‌സ് 2024: ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫ്രാങ്കോ-സ്വിസ് വിമാനത്താവളം ഒഴിപ്പിച്ചു


പാരീസ്: റെയില്‍ ശൃംഖലയില്‍ തീപിടുത്തമുണ്ടായതിന് പിന്നാലെ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന്  ഫ്രാങ്കോ- സ്വിസ് വിമാനത്താവളം ഒഴിപ്പിച്ചു. ഒളിംപിക്‌സ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് രാജ്യം സുരക്ഷാ ഭീഷണി നേരിടുന്നത്. 

ഒഴിപ്പിക്കല്‍ നടത്തിയെങ്കിലും ഘട്ടംഘട്ടമായി ഫ്‌ളൈറ്റ് പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നതായും അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് പാരീസ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. 

ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലയില്‍ തീപിടുത്തമുണ്ടായത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ്. 

പാരീസിന്റെ പടിഞ്ഞാറ്, വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ നിരവധി അതിവേഗ ടിജിവി ലൈനുകള്‍ തകരുകയും നഗരത്തിലെ ഗാരെ മോണ്ട്പര്‍നാസെ സ്റ്റേഷനില്‍ നീണ്ട വരികള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. 

അറ്റ്‌ലാന്റിക്, നോര്‍ത്തേണ്‍, ഈസ്റ്റേണ്‍ ഹൈ-സ്പീഡ് ലൈനുകളില്‍ നിരവധി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നതായും ഇന്‍സ്റ്റാളേഷനുകള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ ബോധപൂര്‍വ്വം തീയിട്ടതാണെന്നും അധികൃതര്‍ പറഞ്ഞു.

ഫ്രഞ്ച് ഗതാഗത മന്ത്രി പാട്രിസ് വെര്‍ഗ്രീറ്റ് ക്രിമിനല്‍ നടപടികളെ ശക്തമായി അപലപിച്ചു. എന്നാല്‍ ടിജിവി റെയില്‍ ശൃംഖലയുടെ അട്ടിമറി രാത്രി നടക്കുന്ന ഒളിമ്പിക് ഉദ്ഘാടന ചടങ്ങിനെ ബാധിക്കില്ലെന്ന് പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോ പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

'അസ്വീകാര്യമായ അട്ടിമറി പ്രവര്‍ത്തനം ഫ്രഞ്ച് തലസ്ഥാനത്തിനുള്ളിലെ ഗതാഗതത്തെ തടസ്സപ്പെടുത്തിയിട്ടില്ല', സ്‌പെയിനിലെ രാജാവ് ഫിലിപ്പെ ആറാമനെ കണ്ടതിന് ശേഷം സ്പാനിഷില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഹിഡാല്‍ഗോ ഇക്കാര്യം പറഞ്ഞത്. 

ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകളുടെ സുരക്ഷയ്ക്കായി 45,000 പൊലീസ് ഉദ്യോഗസ്ഥരും 10,000 സൈനികരും 2,000 സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തുന്നുണ്ട്. 10,500ലധികം അത്ലറ്റുകളാണ് ഒളിമ്പിക്സില്‍ മത്സരിക്കുന്നത്.