തെഹ്റാന്: ഇറാന് വെടിവെച്ചിട്ട യു എസ് യുദ്ധ വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചത് മണിക്കൂറുകള്‍ നീണ്ട സാഹസിക നീക്കത്തിനൊടുവിലെന്ന് റിപ്പോര്‍ട്ടുകള്‍. പൈലറ്റിന്റെ ലൊക്കേഷന്‍ കണ്ടെത്തിയതോടെ ഇറാനിലേക്ക് നുഴഞ്ഞുകയറിയാണ് യു എസ് സൈന്യം ഓപ്പറേഷന് വിജയകരമായി പൂര്‍ത്തിയാക്കിയത്. അതിശക്തമായ ഏറ്റുമുട്ടലുകള്‍ക്ക് ഒടുവിലാണ് ഉദ്യോഗസ്ഥനെ രക്ഷിച്ചത്.
മലനിരകളില്‍ ഒളിച്ചിരിക്കുകയായിരുന്നു പൈലറ്റിന്റെ ലൊക്കേഷന്‍ കണ്ടെത്തിയതോടെ പ്രദേശത്തേക്ക് നുഴഞ്ഞു കയറിയ സൈനികര്‍ പൈലറ്റിനെ കണ്ടെത്തി സുരക്ഷിതമായി ഇറാന് പുറത്തെത്തിക്കുകയായിരുന്നു. രാത്രി ആരംഭിച്ച ദൗത്യം പിറ്റേന്ന് പകലാണ് അവസാനിച്ചത്. ഇറാന് സൈന്യം ഉദ്യോഗസ്ഥനെ പിടികൂടാതിരിക്കാന്‍ പ്രദേശത്തിനു ചുറ്റമുള്ള ഇറാനിയന്‍ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ യു എസ് വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു.
ഇറാനെ തെറ്റിദ്ധരിപ്പിക്കാന്‍ സി ഐ എ തന്ത്രം പയറ്റിയിരുന്നു. പൈലറ്റിനെ കണ്ടെത്തുന്നതിനു മുന്‍പ് തന്നെ കരമാര്‍ഗം പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഈ സമയം മലനിരകളില്‍ ഒളിച്ചിരിക്കുകയായിരുന്ന പൈലറ്റിന്റെ ലൊക്കേഷന്‍ കണ്ടെത്തിയ സി ഐ എ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുകയായിരുന്നു. അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം സ്പെഷ്യല്‍ ഓപ്പറേഷന് വിഭാഗത്തിലെ നൂറുകണക്കിന് സൈനികരാണ് ഈ ദൗത്യത്തില്‍ പങ്കെടുത്തത്.
ഒറ്റദിവസത്തില്‍ രണ്ട് എഫ് 15 ഇ വിമാനങ്ങള്‍ ഇറാന് വെടിവച്ചിട്ടത് അമേരിക്കയ്ക്ക് നാണക്കേടായിരുന്നു. അതില്‍നിന്ന് കരകയറാന്‍ സര്‍വശക്തിയും ഉപയോഗിച്ചാണ് അമേരിക്ക ഇറാന്റെ മണ്ണില്‍ തിരച്ചില്‍ നടത്തിയത്. പൈലറ്റിനെ ഇറാന് പിടികൂടിയിരുന്നെങ്കില്‍ അമേരിക്ക പ്രതിരോധത്തിലാകുമായിരുന്നു.
