ഗാസയിലെ യുദ്ധ മൃഗീയത അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരണം-ആഹ്വാനവുമായി ലിയോ മാര്‍പാപ്പ

ഗാസയിലെ യുദ്ധ മൃഗീയത അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരണം-ആഹ്വാനവുമായി ലിയോ മാര്‍പാപ്പ


വത്തിക്കാന്‍: ഗാസയിലെ മൃഗീയമായ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ലിയോ മാര്‍പാപ്പ. ഗായയിലെ ഏക കത്തോലിക്ക പള്ളിയിക്കുനേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ലിയോ പാപ്പ പതിനാലാമന്റെ ആഹ്വാനം. ഗാസയിലെ ആക്രമണത്തില്‍ അഗാധ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു മാര്‍പാപ്പ ഗാസയിലെ ആക്രമണങ്ങളെ അഭിസംബോധന ചെയ്തത്.

'ഗാസ സിറ്റിയിലെ കത്തോലിക്ക പള്ളി ഇടവകയ്ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കടുത്ത ദുഖം രേഖപ്പെടുത്തുന്നു. ആക്രമണത്തില്‍ മൂന്ന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഇരകള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഗാസയിലെ സാധാരണക്കാര്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള സൈനിക ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഈ പ്രവൃത്തി. യുദ്ധ മൃഗീയത ഉടന്‍ അവസാനിപ്പിക്കണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു', അദ്ദേഹം പറഞ്ഞു.

ഗാസയില്‍ഓരോ ദിവസവലും ആക്രമണം വര്‍ധിപ്പിക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടിയില്‍ യുഎസിലെ ഡോണാള്‍ഡ് ട്രംപ് ഭരണകൂടവും വൈറ്റ് ഹൗസും കൂടുതല്‍ പരിഭ്രാന്തരാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്ന സാഹചര്യത്തിലാണ് യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന പോപ്പിന്റെ ആഹ്വാനം. യുദ്ധത്തില്‍ തകര്‍ന്ന രാഷ്ട്രത്തിന്റെ നേതാവ് 'ഒരു ഭ്രാന്തനെപ്പോലെ' പെരുമാറുകയാണെന്നും'എല്ലാറ്റിലും എപ്പോഴും ബോംബാക്രമണം നടത്തുകയാണെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.  'ബീബി ഒരു ഭ്രാന്തനെപ്പോലെ പെരുമാറി. അദ്ദേഹം എല്ലായ്‌പ്പോഴും എല്ലാത്തിലും ബോംബിടുകയാണ്'- സിറിയന്‍ പ്രസിഡന്റ് കൊട്ടാരത്തിന് നേരെ അടുത്തിടെ നടന്ന ഇസ്രായേല്‍ ആക്രമണത്തെ പരാമര്‍ശിച്ചുകൊണ്ട് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥന്‍ നെതന്യാഹുവിനെ അദ്ദേഹത്തിന്റെ വിളിപ്പേരില്‍ പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു.

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ 'ട്രംപിന്റെ സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തും' എന്ന് വൈറ്റ് ഹൗസ് പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സഹായം കാത്ത് നിന്നവര്‍ക്ക് നേരെയുള്ള കടുത്ത ആക്രമണങ്ങളുടെ വിവരങ്ങളും ഗാസയില്‍ നിന്ന് വരുന്നുണ്ട്. ഗാസയില്‍ സഹായം കാത്ത് നിന്നവര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുന്ന വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രയേലിന്റെയും അമേരിക്കയുടെയും നേതൃത്വത്തിലുള്ള ജിഎച്ച്എഫിന്റെ സഹായ വിതരണ കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. പ്രചരിക്കുന്ന വീഡിയോയുടെ ഫാക്ട് ചെക്ക് നടത്തിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

റാഫയിലെ ഷാക്കൗഷില്‍ സഹായം കാത്ത് നിന്നവര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുന്നതും ആളുകള്‍ ചിതറി ഓടുന്നതും മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത 20 സെക്കന്റ് വീഡിയോയില്‍ കാണാം. ജൂലൈ 10നാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. എന്നാല്‍ ശനിയാഴ്ചയാണ് വീഡിയോ പ്രചരിച്ചത്. മൂന്ന് ആയുധധാരികളായ സൈനികരാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്. മെയ് അവസാനത്തില്‍ ഗാസയില്‍ സഹായം നല്‍കി തുടങ്ങിയ ജിഎച്ച്എഫില്‍ മാത്രം സഹായം കാത്ത് നിന്നവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 891 പേരാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രം ഗാസയില്‍ 84ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 73 പേരും സഹായം കാത്ത് നിന്നവരാണ്.