റോം: അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെടാൻ താൽപര്യമില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. അതേസമയം, കത്തോലിക്കാ സഭയെ ബാധിക്കുന്ന വിഷയങ്ങളും കുടിയേറ്റത്തെക്കുറിച്ചും ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്രക്‌സ് വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാർപാപ്പ നിലപാട് വ്യക്തമാക്കിയത്.
എൽ.ജി.ബി.ടി.ക്യു+ സമൂഹത്തെ സ്വാഗതം ചെയ്ത അദ്ദേഹം ലൈംഗികത സംബന്ധിച്ച സഭയുടെ പരമ്പരാഗത കാഴ്ചപ്പാടിൽ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കി. സ്വവർഗാനുരാഗികളെ അന്തസ്സോടെയും ബഹുമാനത്തോടെയും പരിഗണിക്കണമെന്നാണ് സഭ പഠിപ്പിക്കുന്നത്. അതേസമയം, സ്വവർഗ ലൈംഗികത സ്വാഭാവികതയിൽനിന്നുള്ള വ്യതിയാനമാണ്. സ്വവർഗ വിവാഹത്തെ സഭ എതിർക്കുന്നു. കാരണം, വിവാഹമെന്നത് സ്ത്രീയും പുരുഷനും തമ്മിലെ കൂടിച്ചേരലാണ്.
ബിഷപ്പുമാരെ നിയമിക്കുന്നതു സംബന്ധിച്ച് 2018ൽ ചൈനയുമായുണ്ടാക്കിയ വിവാദ കരാറിൽ സമീപകാലത്ത് മാറ്റമൊന്നുമുണ്ടാകില്ലെന്നും മാർപാപ്പ പറഞ്ഞു. സർക്കാർ അംഗീകൃത സഭയിലും റോമിനോട് വിധേയപ്പെട്ട് രഹസ്യമായി പ്രവർത്തിക്കുന്ന സഭയിലുമായി ഭിന്നിച്ച് കിടക്കുന്ന 1.2 കോടി കത്തോലിക്കരെ ഒരുമിപ്പിക്കുകയായിരുന്നു കരാറിെന്റ ലക്ഷ്യം.
കുടിയേറ്റക്കാരെ പുറത്താക്കുന്ന ഭരണകൂട നടപടിയെ എതിർത്ത അമേരിക്കൻ ബിഷപ്പുമാരുടെ നടപടി ധീരമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് സർക്കാറിെന്റ നയത്തിനെതിര ഫ്രാൻസിസ് മാർപാപ്പ അമേരിക്കൻ ബിഷപ്പുമാർക്ക് കത്തയച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെടാൻ താൽപര്യമില്ലെന്ന് ലിയോ മാർപാപ്പ
