ധാക്ക: പുറത്താക്കപ്പെട്ടതിനെ തുടർന്ന് വിദേശത്തേക്ക് പലായനം ചെയ്ത ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ തിരിച്ചറിയൽ കാർഡ് റദ്ദാക്കി. അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കാനാണ് നടപടിയെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഇതോടെ രാജ്യത്തിന് പുറത്തുനിന്ന് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമാകും.
ഹസീനയുടെ സഹോദരി ഷെയ്ഖ് റെഹാന, മകൻ സജീബ് വാസദ് ജോയ്, മകൾ സൈമ വാസദ് പുട്ടുൽ, റെഹാനയുടെ മകൾ തുലിപ് സിദ്ദിഖ് എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ വോട്ടവകാശം പോലും ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി.
ഷെയ്ഖ് ഹസീനയുടെയും അവരുടെ കുടുംബത്തിലെ 10 അംഗങ്ങളുടെയും ദേശീയ തിരിച്ചറിയൽ കാർഡുകൾ (എൻ.ഐ.ഡി) റദ്ദാക്കി. ബംഗ്ലാദേശിലെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ അവർക്ക് വോട്ടുചെയ്യാൻ കഴിയില്ല.
ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പിൽ രാജ്യത്തിന് പുറത്തുനിന്നും വോട്ടുചെയ്യാൻ കഴിയുമെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബുധനാഴ്ച പറഞ്ഞു. എന്നാൽ എൻ.ഐ.ഡികൾ റദ്ദാക്കിയവർക്ക് വോട്ടുചെയ്യാൻ കഴിയില്ലെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഹസീനക്കും കുടുംബാംഗങ്ങൾക്കും ഇതേ നിയമം ബാധകമാകുമെന്ന് കമ്മീഷൻ സെക്രട്ടറി പറഞ്ഞു.
അയൽരാജ്യമായ ബംഗ്ലാദേശിൽ അടുത്ത വർഷം ഫെബ്രുവരിയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും. ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിച്ചതിനുശേഷം നടക്കുന്ന ഈ പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചു.
ബംഗ്ലാദേശിൽ, വിദേശത്ത് താമസിക്കുന്ന ആളുകൾക്ക് വോട്ടവകാശം വിനിയോഗിക്കാൻ അനുവദിക്കുന്ന ഒരു തിരിച്ചറിയൽ കാർഡാണ് ദേശീയ തിരിച്ചറിയൽ കാർഡ് (എൻ.ഐ.ഡി )എന്നത് ശ്രദ്ധിക്കേണ്ടതാണ്. നീതിയിൽ നിന്ന് രക്ഷപ്പെടാനോ മറ്റ് കാരണങ്ങളാലോ വിദേശത്തേക്ക് പലായനം ചെയ്തവർക്കും വോട്ടവകാശം വിനിയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി വിശദീകരിച്ചു. എന്നാൽ എൻ.ഐ.ഡി റദ്ദാക്കിയിട്ടുണ്ടെങ്കിൽ അവർക്ക് വോട്ടുചെയ്യാൻ കഴിയില്ല.
രാജ്യം വിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ തിരിച്ചറിയൽ കാർഡ് റദ്ദാക്കി
