യുക്രെയ്‌നായി പണം സമാഹരിച്ചു എന്നാരോപിച്ച് റഷ്യ തടവിലാക്കിയ യുഎസ് പൗരത്വമുള്ള യുവതിയെ മോചിപ്പിച്ചു

യുക്രെയ്‌നായി പണം സമാഹരിച്ചു എന്നാരോപിച്ച് റഷ്യ തടവിലാക്കിയ യുഎസ് പൗരത്വമുള്ള യുവതിയെ മോചിപ്പിച്ചു


അബുദാബി: റഷ്യയില്‍ തടവിലാക്കപ്പെട്ടിരുന്ന യുഎസ്-റഷ്യന്‍ ഇരട്ട പൗരത്വമുള്ള ക്‌സെനിയ കരേലിനയെ മോചിപ്പിച്ചു. അബുദാബിയില്‍ നടന്ന തടവുകാരുടെ കൈമാറ്റത്തിലാണ് കരേലിനയെ വിട്ടയച്ചത്. യുക്രെയ്‌നായി പണം സമാഹരിച്ചു എന്നാരോപിച്ചാണ് കരേലിനയെ തടവിലാക്കിയത്. ഒരു വര്‍ഷത്തിലേറെയായി ഇവരെ റഷ്യ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണ് മോചനം സാധ്യമാക്കിയതെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എക്‌സില്‍ കുറിച്ചു. ലോസ് ആഞ്ചല്‍സില്‍ താമസിച്ചിരുന്ന കരേലിന ബ്യൂട്ടീഷ്യനും മുന്‍ ബാലെ നര്‍ത്തകിയുമാണ്.

കരേലിന അബുദാബിയില്‍ നിന്ന് യുഎസിലേക്ക് 'പറക്കുകയാണ്' എന്ന്  അഭിഭാഷകന്‍ മിഖായേല്‍ മുഷൈലോവ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ എകറ്റെറിന്‍ബര്‍ഗില്‍ വെച്ചാണ് കരേലിന അറസ്റ്റിലായത്. യുക്രെയ്ന്‍ സൈന്യത്തിനായി പണം സ്വരൂപിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ ഓഗസ്റ്റില്‍ ഇവര്‍ക്ക് 12 വര്‍ഷം തടവും വിധിച്ചു. യുക്രെയ്‌ന് സഹായം അയയ്ക്കുന്ന യുഎസ് ചാരിറ്റിയായ റാസോമിന് 51 ഡോളര്‍ സംഭാവന നല്‍കിയതിനാണ് കരേലിനയുടെ മേല്‍ കുറ്റം ചുമത്തിയതെന്നാണ് ആരോപണം. കരേലിനയ്ക്ക് പകരമായി, ജര്‍മ്മന്‍-റഷ്യന്‍ പൗരനായ ആര്‍തര്‍ പെട്രോവിനെ യുഎസ് മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. 2023 ല്‍ സൈപ്രസില്‍ വച്ചാണ് യുഎസ് ആവശ്യപ്പെട്ടത് പ്രകാരം പെട്രോവിനെ അറസ്റ്റ് ചെയ്തത്. റഷ്യയിലേക്ക് സെന്‍സിറ്റീവ് മൈക്രോ ഇലക്ട്രോണിക്‌സ് കയറ്റുമതി ചെയ്തതെന്ന് ആരോപിച്ചായിരുന്നു പെട്രോവിനെ അറസ്റ്റ് ചെയ്തത്.

ഇത് ആദ്യമായല്ല റഷ്യയുഎസ് തടവുകാരുടെ കൈമാറ്റത്തിന് അബുദാബി വേദിയാകുന്നത്. 2022 ഡിസംബറില്‍ റഷ്യയും യുഎസും തമ്മില്‍ സുപ്രധാനമായ തടവുകാരുടെ കൈമാറ്റം അബുദാബിയില്‍ വെച്ചാണ് നടന്നത്. യുഎസ് ബാസ്‌കറ്റ്‌ബോള്‍ താരം ബ്രിട്ട്‌നി ഗ്രിനറിനെയാണ് റഷ്യന്‍ ആയുധ വ്യാപാരിയായ വിക്ടര്‍ ബൗട്ടിനു പകരമായി അന്ന് കൈമാറിയത്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിലും യുഎഇ മധ്യസ്ഥത വഹിച്ചിട്ടുണ്ട്. അതേസമയം ,2022 ഫെബ്രുവരിയില്‍ റഷ്യയുടെ പൂര്‍ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം യുക്രെയ്‌നില്‍ നിന്ന് പലായനം ചെയ്ത നിരവധി റഷ്യക്കാര്‍ക്കും യുക്രെയ്ന്‍കാര്‍ക്കും ദുബായ് സുരക്ഷിത സ്ഥാനമായിരുന്നു.