ഓക്ലന്‍ഡ്: അമേരിക്കയിലെ കാലിഫോര്‍ണിയയുമായി ബന്ധപ്പെട്ട് പതിവായി ഉയരുന്ന 'ദി ബിഗ് വണ്‍' എന്ന മഹാഭൂചലന ഭീഷണി ഇനി ന്യൂസിലന്‍ഡിനും ബാധകമായേക്കാമെന്ന് പുതിയ പഠനം. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തുകൂടി കടന്നുപോകുന്ന സജീവ ഭ്രംശരേഖ ഭാവിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രതയുള്ള ശക്തമായ ഭൂചലനത്തിന് കാരണമായേക്കാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.
ഓക്ക്‌ലാന്‍ര് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ദക്ഷിണ ഓക്ലന്‍ഡിലെ ഹുനുവ പര്‍വതനിരകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന മംഗതാംഗി ഭ്രംശരേഖ വീണ്ടും സജീവമാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
ഭ്രംശരേഖ പൂര്‍ണമായും പൊട്ടിത്തെറിക്കുന്ന സാഹചര്യമുണ്ടായാല്‍ ഓക്ലന്‍ഡില്‍ താമസിക്കുന്ന ഏകദേശം 18 ലക്ഷം ആളുകളെ അത് ഗുരുതരമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗവേഷകര്‍ ഭ്രംശരേഖയുടെ ചരിത്രം പരിശോധിച്ചത്. പഠനമനുസരിച്ച്, കഴിഞ്ഞ 10,000 വര്‍ഷത്തിനിടെ മംഗതാംഗി ഭ്രംശരേഖയില്‍ ചലനമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
എന്നാല്‍ കഴിഞ്ഞ 1,25,000 വര്‍ഷത്തിനുള്ളില്‍ ചലനം സംഭവിച്ചിട്ടുള്ള ഏതൊരു ഭ്രംശരേഖയും ഭൂശാസ്ത്രപരമായി 'സജീവം' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. അതിനാല്‍ മംഗതാംഗി ഭ്രംശരേഖയും സജീവ ഭ്രംശരേഖയായി കണക്കാക്കപ്പെടുന്നു.
വലിയ ഭൂചലനം പ്രതീക്ഷിക്കാത്ത ഒരു മേഖലയിലാണ് ഈ സജീവ ഭ്രംശരേഖ സ്ഥിതി ചെയ്യുന്നതെങ്കിലും ശക്തമായ ഭൂചലനം സൃഷ്ടിക്കാനുള്ള ശേഷി ഇതിന് ഉണ്ടെന്ന് പഠനത്തിന്റെ മുഖ്യ ഗവേഷക ഹന്ന മാര്‍ട്ടിന്‍ പറഞ്ഞു.
ഭാവിയില്‍ ഭ്രംശരേഖ വീണ്ടും സജീവമായാല്‍ 6.8 തീവ്രതയുള്ള ഭൂചലനം ഉണ്ടായേക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അത്തരമൊരു ഭൂചലനം റോഡുകളില്‍ വിള്ളലുകള്‍ സൃഷ്ടിക്കാനും കെട്ടിടങ്ങള്‍ക്ക് ഗുരുതര നാശനഷ്ടങ്ങള്‍ വരുത്താനും സാധ്യതയുണ്ട്.
അതേസമയം, ഈ ഭ്രംശരേഖ ഇനി ആയിരക്കണക്കിന് വര്‍ഷങ്ങളോ പതിനായിരക്കണക്കിന് വര്‍ഷങ്ങളോ സജീവമാകാതിരിക്കാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പഠന സഹരചയിതാവായ ജെയിംസ് മുയിര്‍ഹെഡിന്റെ അഭിപ്രായത്തില്‍ നിലവില്‍ ഓക്ലന്‍ഡിനുള്ള ഭൂചലന ഭീഷണി താരതമ്യേന കുറവാണ്. എന്നിരുന്നാലും ഇതുവരെ കരുതിയിരുന്നതിനെക്കാള്‍ അപകടസാധ്യത കൂടുതലായിരിക്കാമെന്ന സൂചനയാണ് പുതിയ പഠനം നല്‍കുന്നത്.
ഓസ്‌ട്രേലിയന്‍, പസഫിക് ടെക്‌റ്റോണിക് പ്ലേറ്റുകളുടെ അതിര്‍ത്തിയിലാണ് ന്യൂസിലന്‍ഡ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഭൂചലനങ്ങള്‍ പതിവായി അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇത്.
എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ലന്‍ഡിനെ സംബന്ധിച്ചുള്ള ഭൂചലന ഭീഷണിയുടെ കൃത്യമായ തോത് ഇതുവരെ വ്യക്തമായിരുന്നില്ല. പുതിയ പഠനം ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങളുടെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഭാവിയിലെ അപകടസാധ്യത കൃത്യമായി വിലയിരുത്താന്‍ കൂടുതല്‍ വിവരങ്ങളും ദീര്‍ഘകാല പഠനങ്ങളും അനിവാര്യമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
