സിഡ്നിയില്‍ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ കത്തി ആക്രമണം; ബിഷപ്പ് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്

സിഡ്നിയില്‍ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ കത്തി ആക്രമണം; ബിഷപ്പ് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്


സിഡ്‌നി: സിഡ്‌നിക്ക് സമീപം പള്ളിയില്‍ ആരാധനക്കിടെയുണ്ടായ കത്തി ആക്രമണത്തില്‍ ബിഷപ്പ് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാരും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. 

ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് എന്ന അസീറിയന്‍ പള്ളിയിലെ ആരാധനയ്ക്കിടെയാണ് തിങ്കളാഴ്ച ആക്രമണമുണ്ടായത്.

ബിഷപ്പ് മാര്‍ മാരി ഇമ്മാനുവല്‍ പള്ളിയുടെ അള്‍ത്താരയില്‍ നിന്നും വിശ്വാസികളോട് സംസാരിക്കുന്നതിനിടെ കറുത്ത ജമ്പര്‍ ധരിച്ച ഒരാള്‍ ബിഷപ്പിനു സമീപമെത്തി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

അക്രമി പുരോഹിതന്റെ നെഞ്ചില്‍ പലതവണ കുത്തുകയും പരിഭ്രാന്തരായ സഭാംഗങ്ങള്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. 

സഭയുടെ സോഷ്യല്‍ മീഡിയ പേജില്‍ പ്രസംഗങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തതിനാല്‍ സംഭവം വളരെ വേഗത്തിലാണ് പ്രചരിച്ചത്. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല.

ബിഷപ്പിന് പുറമേ വൈദികനായ ഫാ. ഐസക് റോയലും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നുവെന്ന് സഭ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ബോണ്ടി ഏരിയയിലെ ഒരു മാളിലുണ്ടായ കത്തി ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതിന് ശേഷം സിഡ്നിയില്‍ മൂന്ന് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ ആക്രമണമാണിത്. 

സിഡ്നിയുടെ സെന്‍ട്രല്‍ ബിസിനസ്സ് ഡിസ്ട്രിക്ടിന് ഏകദേശം 30 കിലോമീറ്റര്‍ പടിഞ്ഞാറുള്ള വാക്ലിയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒരാളെ അറസ്റ്റ് ചെയ്തു. 

ആക്രമണത്തിന് ശേഷം ജനക്കൂട്ടം പള്ളിക്ക് പുറത്ത് തടിച്ചുകൂടി പൊലീസിന് നേരെ കല്ലെറിയുകയും കുറ്റവാളിയെ പുറത്തുകൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് സാക്ഷികള്‍ പറഞ്ഞു.

പ്രകോപിതരായ ജനങ്ങള്‍ സമീപത്തെ തെരുവുകളില്‍ കൂടി നിന്നതിനെ തുടര്‍ന്ന് പൊലീസ് കുരുമുളക് സ്േ്രപ പ്രയോഗിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസുകാരെ വിന്യസിക്കുകയും രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

ഇമ്മാനുവല്‍ 2009-ല്‍ വൈദികനായും പിന്നീട് 2011-ല്‍ ബിഷപ്പായും നിയമിക്കപ്പെട്ടതായി സഭയുടെ വെബ്സൈറ്റില്‍ പറയുന്നു. ടിക് ടോക്ക് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ ദശലക്ഷക്കണക്കിന് പ്രേക്ഷകരുള്ള അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ജനപ്രിയനാണ്. 


സിഡ്നിയില്‍ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ കത്തി ആക്രമണം; ബിഷപ്പ് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്

കോവിഡ് കാലത്ത് ഇമ്മാനുവല്‍ തന്റെ കടുത്ത വീക്ഷണങ്ങള്‍ക്ക് പ്രശസ്തനായിരുന്നുവെന്നാണ് അക്കാലത്ത് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ലോക്ക്ഡൗണുകളെ ബിഷപ്പ് 'കൂട്ട അടിമത്തം' എന്നാണ് വിശേഷിപ്പിച്ചത്.

അടുത്തിടെ ആരാധകര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു പ്രഭാഷണത്തില്‍ ഐക്യരാഷ്ട്രസഭ സാത്താന്‍ സ്ഥാപിച്ചതാണെന്ന് അദ്ദേഹം അവകാശപ്പെടുന്നതായി കാണിക്കുന്നു.

ചര്‍ച്ചിലെ ആക്രമണത്തെ നഗരത്തിലെ ജൂത, മുസ്‌ലിം സമുദായങ്ങളിലെ ഉന്നതര്‍ അപലപിച്ചു. 

ആക്രമണം ഭയാനകമാണെന്നും ഓസ്ട്രേലിയയില്‍ പ്രത്യേകിച്ച് ആരാധനാലയങ്ങളിലും മതനേതാക്കള്‍ക്കു നേരെയും നേരത്തെ ആക്രമണം ഉണ്ടായിട്ടില്ലെന്നും ഓസ്ട്രേലിയന്‍ നാഷണല്‍ ഇമാംസ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. 

സിഡ്നിയിലെ പള്ളിയിലെ രംഗങ്ങള്‍ ഭയാനകമാണെന്ന് ഓസ്ട്രേലിയന്‍ ജൂത അസോസിയേഷന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.