സോഷ്യല്‍ മീഡിയയില്‍ പരിധിവിട്ടാല്‍ വിസയും ഗ്രീന്‍കാര്‍ഡും റദ്ദാക്കുമെന്ന് യുഎസ് ഇമിഗ്രേഷന്‍ സര്‍വീസസ്

സോഷ്യല്‍ മീഡിയയില്‍ പരിധിവിട്ടാല്‍ വിസയും ഗ്രീന്‍കാര്‍ഡും റദ്ദാക്കുമെന്ന് യുഎസ് ഇമിഗ്രേഷന്‍ സര്‍വീസസ്


വാഷിംഗ്ടണ്‍  യുഎസ് വിസ നിഷേധത്തിന് അപേക്ഷകരുടെ സോഷ്യല്‍ മീഡിയ ആക്ടിവിറ്റികളും കാരണമാകുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) മുന്നറിയിപ്പ്. ഇമിഗ്രേഷന്‍ അധികാരികള്‍ വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും സെമിറ്റിക് വിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവരുടെ വിസയോ റെസിഡന്‍സി പെര്‍മിറ്റോ നിഷേധിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

'തീവ്രവാദ അനുഭാവികള്‍ക്ക് അമേരിക്കയില്‍ ഇടമില്ല, അവരെ ഇവിടെ പ്രവേശിപ്പിക്കാനോ ഇവിടെ തന്നെ തുടരാന്‍ അനുവദിക്കാനോ ഞങ്ങള്‍ക്ക് ബാധ്യതയില്ല,' ആഭ്യന്തര സുരക്ഷാ വകുപ്പിലെ പബ്ലിക് അഫയേഴ്‌സ് (ഡിഎച്ച്എസ്)അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലാഫ്‌ലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍, തീവ്രവാദികളില്‍ നിന്നും തീവ്രവാദ ചിന്തയുളള വിദേശികളില്‍ നിന്നും (ഹമാസ്, പലസ്തീന്‍ ഇസ്ലാമിക് ജിഹാദ്, ഹിസ്ബുള്ള, അന്‍സാര്‍ അല്ലാഹ് അഥവാ ഹൂതികള്‍ പോലുള്ള സെമിറ്റിക് വിരുദ്ധ ഭീകര സംഘടനകള്‍, അക്രമാസക്തമായ സെമിറ്റിക് വിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നവര്‍ ഉള്‍പ്പെടെ) മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി കുടിയേറ്റ നിയമങ്ങളും പരമാവധി നടപ്പിലാക്കുമെന്ന് ഡിഎച്ച്എസ് അറിയിച്ചു.

സെമിറ്റിക് വിരുദ്ധ ഭീകരതയെയോ അനുബന്ധ പ്രവര്‍ത്തനങ്ങളെയോ പിന്തുണയ്ക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇമിഗ്രേഷന്‍ പരിശോധനകളില്‍ നെഗറ്റീവ് ഘടകമായി പരിഗണിക്കും. ഈ നയം ഉടനടി പ്രാബല്യത്തില്‍ വരും, വിസ അപേക്ഷകള്‍, ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍, മറ്റ് ഇമിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ എന്നിവയ്ക്കും ഇത് ബാധകമാണെന്നും അധികൃതര്‍ അറിയിച്ചു.