പാരീസ് ഒളിമ്പിക്‌സിന് സെന്‍ നദിക്കരയില്‍ വര്‍ണാഭമായ തുടക്കം

പാരീസ് ഒളിമ്പിക്‌സിന് സെന്‍ നദിക്കരയില്‍ വര്‍ണാഭമായ തുടക്കം


പാരീസ്: 2024 ഒളിമ്പിക്‌സിന് ഫ്രാന്‍സിലെ പാരീസില്‍ വര്‍ണാഭമായ തുടക്കം. മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മനോഹരമായ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങാണ് പാരീസില്‍ കായിക ലോകം കണ്ടത്. പരമ്പരാഗത മാര്‍ച്ച് പാസ്റ്റ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ബോട്ടുകളില്‍ സെന്‍നദിയിലൂടെയാണ് കായിക താരങ്ങള്‍ ഒളിമ്പിക്‌സിന് എത്തിയത്. രസം കൊല്ലിയായെത്തിയ മഴയെ വകവെക്കാതെ ലക്ഷക്കണക്കിന് ആളുകള്‍ ഉദ്ഘാടന ചടങ്ങുകള്‍ വീക്ഷിക്കാന്‍ സെന്‍ നദിക്കരയില്‍ എത്തിയിരുന്നു.

പിവി സിന്ധുവും ശരത് കമലുമാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. 78 അംഗ സംഘവുമായാണ് ഇന്ത്യ ഇത്തവണ ഒളിമ്പിക്‌സിന് എത്തുന്നത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളിലും മെഡല്‍ നേടിയ ബാഡ്മിന്റണ്‍ ഇതിഹാസം പിവി സിന്ധു ഹാട്രിക് ഒളിമ്പിക്‌സ് മെഡലാണ് ഇക്കുറി ലക്ഷ്യം വെക്കുന്നത്. ഒളിമ്പിക്‌സിന്റെ ആദ്യ ദിനം ഇന്ത്യന്‍ താരങ്ങളുടെ മത്സരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

12.30: 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം യോഗ്യത റൗണ്ടില്‍ ഇ വലരിവന്‍-സന്ദീപ് സിങ്, രമിത-അര്‍ജുന്‍ ബബുത എന്നീ സംഘം മത്സരിക്കും.

12.30: റോവിങ്ങില്‍, ബല്‍രാജ് പന്‍വാര്‍ സിംഗിള്‍സ് സ്‌കള്‍സ് ഹീറ്റ്‌സില്‍ മത്സരിക്കും.

2.00: അര്‍ജുന്‍ ചീമ, സരബ്ജിത് സിങ് എന്നിവര്‍ പുരുഷന്മാരുടെ 10 മി എയര്‍ പിസ്റ്റള്‍ യോഗ്യത റൗണ്ടില്‍ മത്സരിക്കും.

2.00: 10 മീ എയര്‍ റൈഫിള്‍ മിക്‌സ്ഡ് ടീം ഫൈനല്‍.

3.30: ടെന്നീസ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ- എന്‍ ശ്രീറാം ബാലാജി ജോഡി ഫ്രാന്‍സിന്റെ ഫാബിയന്‍ റെബൗള്‍-എഡ്വേഡ് റോജര്‍ വാസെലിന്‍ ജോഡിയെ നേരിടും.

4.00: ഷൂട്ടിങില്‍ വനിതകളുടെ 10 മീ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മനു ഭേകറും, റിഥം സാംഗ്വാനും മത്സരിക്കും.

7.10: ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍, ഗ്വാട്ടിമാലയുടെ കെവിന്‍ കോര്‍ഡണെ നേരിടും

7.15: ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് പ്രിലിമിനറി റൗണ്ടില്‍ ഹര്‍മീത് ദേശായി, ജോര്‍ദാന്റെ അബോ യാമെനെ നേരിടും.

8.00: ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്രാജ് രാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം, ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വി-റോനന്‍ ലബര്‍ സഖ്യവുമായി ഏറ്റുമുട്ടും.


9.00: പുരുഷ ഹോക്കിയില്‍ ഇന്ത്യ, ന്യൂസിലന്‍ഡിനെ നേരിടും.

11.50: ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-തനിഷ ക്രാസ്‌ട്രോ ജോഡി കൊറിയയുടെ കിം സോ യിങ് - കോങ് ഹീ യങ് ജോഡിയെ നേരിടും