ടെഹ്രാൻ: അമേരിക്കയിൽ മരവിപ്പിച്ചിരിക്കുന്ന 24 ബില്യൺ ഡോളർ മൂല്യമുള്ള ഇറാനിയൻ ആസ്തികൾ വിട്ടുനൽകാൻ തയ്യാറായാൽ ആണവ ചർച്ചകളിൽ പുരോഗതിക്ക് സാധ്യതയുണ്ടെന്ന് ഇറാൻ. രാജ്യത്തിന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനെയയിയുടെ സൈനിക ഉപദേഷ്ടാവായ മൊഹ്‌സീൻ റസായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ആദ്യ നീക്കം നടത്തേണ്ടത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക വീണ്ടും ആക്രമണം ആരംഭിച്ചാൽ സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ,റസായി മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഗൾഫിൽ മാത്രം ഒതുങ്ങാതെ ഹോർമുസ് കടലിടുക്ക്, ഇന്ത്യൻ മഹാസമുദ്രം, ബാബ് അൽമന്ദബ് കടലിടുക്ക്, ചെങ്കടൽ, മെഡിറ്ററേനിയൻ മേഖലകൾ വരെ യുദ്ധത്തിന്റെ വ്യാപ്തി വർധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായി ഇടക്കാല ധാരണയിലെത്തുന്നതിനുള്ള പ്രധാന ഉപാധിയായി മരവിപ്പിച്ച ഫണ്ടുകൾ ഘട്ടംഘട്ടമായി വിട്ടുനൽകണമെന്നാണ് ഇറാന്റെ ആവശ്യം. പ്രാഥമിക ധാരണയ്ക്ക് പിന്നാലെ 12 ബില്യൺ ഡോളറും പിന്നീട് മറ്റൊരു 12 ബില്യൺ ഡോളറും നൽകണമെന്നാണ് നിർദേശം.
അതേസമയം, ഫണ്ടുകൾ ഇപ്പോൾ വിട്ടുനൽകുന്നത് ഇറാനെതിരായ സമ്മർദം കുറയ്ക്കുമെന്ന ആശങ്ക അമേരിക്കൻ ഭരണകൂടത്തിനുണ്ട്. 2015ലെ ആണവ കരാറിനേക്കാൾ കർശനമായ പുതിയ ധാരണയാണ് താൻ ആഗ്രഹിക്കുന്നതെന്നും, മുൻകാലങ്ങളിൽ നടന്നതുപോലെ വലിയ തുകകൾ നേരിട്ട് കൈമാറുന്ന രീതിയിലുള്ള കരാർ അംഗീകരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ഒമാൻ ഉൾക്കടലിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ മുന്നറിയിപ്പ് മിസൈലുകൾ പ്രയോഗിച്ചുവെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. ഇതോടെ രണ്ട് അമേരിക്കൻ ഡിസ്‌ട്രോയറുകൾ പ്രദേശം വിട്ടുവെന്നാണ് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വാദം അമേരിക്കൻ സെൻട്രൽ കമാൻഡ് നിഷേധിച്ചു. അമേരിക്കൻ നാവികസേനയുടെ കപ്പലുകൾക്ക് നേരെ യാതൊരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുകയാണെന്നും അമേരിക്ക വ്യക്തമാക്കി.
മരവിപ്പിച്ച 24 ബില്യൺ ഡോളർ ഫണ്ട് വിട്ടുനൽകിയാൽ ധാരണയ്ക്ക് വഴിയൊരുങ്ങും; 'പന്ത് ട്രംപിന്റെ കോർട്ടിൽ' എന്ന് ഇറാൻ
