മെല്‍ബണ്‍- അബൂദാബി വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു; യാത്ര വൈകി

മെല്‍ബണ്‍- അബൂദാബി വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു; യാത്ര വൈകി


മെല്‍ബണ്‍: അബുദാബി സായിദ് അന്തര്‍ദേശീയ വിമാനത്താവളത്തിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്സിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ടേക്ക് ഓഫ് വൈകി. ഇ വൈ 461 മെല്‍ബണ്‍- അബുദാബി വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. 

ഞായറാഴ്ച വൈകുന്നേരം 6.41ന് മെല്‍ബണില്‍ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ 1.43ന് അബുദാബിയിലെത്തേണ്ടിയിരുന്ന ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനത്തിന്റെ ടയറുകളാണ് റണ്‍വേയില്‍ പൊട്ടിത്തെറിച്ചത്. 

വിമാനത്തില്‍ മുന്നൂറോളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ റണ്‍വേ അടച്ചിട്ടു. ഇതോടെ മറ്റു വിമാനങ്ങളുടെ സര്‍വീസിനേയും ബാധിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അഗ്നിശമന സേനാ വിഭാഗം ഉള്‍പ്പെടെയുള്ള അത്യാഹിത വിഭാഗങ്ങള്‍ സ്ഥലത്തെത്തി വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ടയറുകളില്‍ അഗ്നിശമന വാതകം പ്രയോഗിച്ചു.

രണ്ട് ടയറുകള്‍ പൊട്ടിത്തെറിച്ചതായി എയര്‍ലൈന്‍ അറിയിച്ചു. 

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. കഴിയുന്നത്ര വേഗത്തില്‍ യാത്ര ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചു. 

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും സൗകര്യവും തങ്ങളുടെ മുന്‍ഗണനയാണെന്ന് ഇത്തിഹാദ് എയര്‍വേസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അസൗകര്യത്തില്‍ ആത്മാര്‍ഥമായി ഖേദിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.