വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നിലപാടില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉറച്ചുനില്‍ക്കുന്നതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങള്‍ നേറ്റോയുടെ ഭാഗമായി ഗ്രീന്‍ലാന്‍ഡിലേക്ക് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും, അത് ട്രംപിന്റെ തീരുമാനത്തെ ഒരുതരത്തിലും ബാധിക്കില്ല എന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.
ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കല്‍ ട്രംപിന്റെ പ്രധാന അജന്‍ഡയാണെന്ന് വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ വൈറ്റ് ഹൗസ് വക്താവ് കരോലൈന്‍ ലീവിറ്റ് ആവര്‍ത്തിച്ചു. ഗ്രീന്‍ലാന്‍ഡ് യുഎസിന്റെ ദേശീയ സുരക്ഷയ്ക്കു നിര്‍ണായകമാണെന്ന വിശ്വാസത്തിലാണ് പ്രസിഡന്റ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ നേറ്റോ സൈനികര്‍ ഗ്രീന്ലാന്ഡിലെത്തിയത് ട്രംപിന്റെ തീരുമാനപ്രക്രിയയെ ബാധിക്കില്ലെന്നും, ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ലക്ഷ്യം മാറ്റാന്‍ അതിന് കഴിയില്ലെന്നും ലീവിറ്റ് വ്യക്തമാക്കി.
ഡെന്മാര്ക്കിന്റെ നിയന്ത്രണത്തിലുള്ള ഗ്രീന്‍ലാന്‍ഡിന്റെ ഭാവിയെക്കുറിച്ച് യുഎസ്, ഡെന്മാര്ക്ക്, ഗ്രീന്‍ലാന്‍ഡ് പ്രതിനിധികള്‍ പങ്കെടുത്ത വാഷിംഗ്ടണിലെ ഉന്നതതല ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചത്. ഗ്രീന്‍ലാന്‍ഡിനെക്കുറിച്ച് 'അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസം' നിലനില്‍ക്കുന്നതായി ഡെന്മാര്ക്ക് വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്, നോര്‍വേ എന്നീ രാജ്യങ്ങള്‍ ഗ്രീന്‍ലാന്‍ഡിന്റെ തലസ്ഥാനമായ നൂക്കിലേക്ക് സൈനികരെ അയച്ചതായി അറിയിച്ചു. ഇത് ഒരു റിക്കണസന്‍സ് (പരിശോധന) ദൗത്യത്തിന്റെ ഭാഗമാണെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആര്‍ട്ടിക് മേഖലയില്‍ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നും വ്യക്തമാക്കി. ഫ്രഞ്ച് സൈനികര്‍ ഇതിനകം യാത്രതിരിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്ഥിരീകരിച്ചു.
അടുത്ത ദിവസങ്ങളില്‍ നാറ്റോ സേനയുടെ സാന്നിധ്യം കൂടുതല്‍ വര്‍ധിക്കുമെന്നും, സൈനിക വിമാനങ്ങളും നാവിക പ്രവര്‍ത്തനങ്ങളും കൂടുമെന്നും ഗ്രീന്‍ലാന്‍ഡിന്റെ ഉപപ്രധാനമന്ത്രി മൂട്ട് എഗെഡെ പറഞ്ഞു. എന്നാല്‍ ഇത് പരിശീലനത്തിന്റെ ഭാഗമാത്രമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നാറ്റോയുടെ സൈനിക വിന്യാസത്തിനെതിരെ റഷ്യ കടുത്ത പ്രതികരണം രേഖപ്പെടുത്തി. ഗ്രീന്‍ലാന്‍ഡില്‍ നാറ്റോ സാന്നിധ്യം വര്‍ധിക്കുന്നത് 'ഗൗരവകരമായ ആശങ്കയ്ക്ക് ഇടയാക്കുന്ന കാര്യമാണ് ' എന്ന് ബെല്‍ജിയത്തിലെ റഷ്യന്‍ എംബസി വ്യക്തമാക്കി. മോസ്കോയെയും ബെയ്ജിംഗിനെയും ഭീഷണിയായി ചിത്രീകരിച്ച് സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ നേറ്റോ ശ്രമിക്കുകയാണെന്ന് റഷ്യ ആരോപിച്ചു.
ആര്‍ട്ടിക് മേഖലയിലെ നിയന്ത്രണവും ഗ്രീന്‍ലാന്‍ഡിന്റെ ഭാവിയും ചുറ്റിപ്പറ്റി യുഎസ്-യൂറോപ്യന്‍ രാജ്യങ്ങള്‍-റഷ്യ എന്നീ ശക്തികള്‍ക്കിടയില്‍ പുതിയ ഭൗമരാഷ്ട്രീയ സംഘര്‍ഷം രൂപപ്പെടുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ ഉയരുന്നത്.
ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കല്‍ ലക്ഷ്യം മാറ്റില്ല; നേറ്റോ സൈന്യം എത്തിയാലും ട്രംപ് പിന്മാറില്ലെന്ന് വൈറ്റ് ഹൗസ്
