ട്രംപിന് യു.എസ് കോടതിയുടെ കനത്ത തിരിച്ചടി; എച്ച്- 1ബി വിസകൾക്ക് അധിക ഫീസ് ചുമത്തിയത് റദ്ദാക്കി, ഇന്ത്യക്കാർക്ക് ഏറെ ആശ്വാസകരം

ട്രംപിന് യു.എസ് കോടതിയുടെ കനത്ത തിരിച്ചടി; എച്ച്- 1ബി വിസകൾക്ക് അധിക ഫീസ് ചുമത്തിയത് റദ്ദാക്കി, ഇന്ത്യക്കാർക്ക് ഏറെ ആശ്വാസകരം


വാഷിം​ഗ്ടൺ: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള പുതിയ എച്ച്-1ബി വിസകൾക്ക് 1,00,000 ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ചുമത്താനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം റദ്ദാക്കി യു.എസ് കോടതി ഉത്തരവ്. ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് യു.എസ് ഫെഡറൽ ജഡ്ജി വിധി പ്രസ്താവിച്ചു. ബോസ്റ്റണിലെ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിനാണ് വിവാദ ഉത്തരവ് റദ്ദാക്കിയത്. കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഈ ഭീമമായ ഫീസ് വർദ്ധന പ്രഖ്യാപിച്ചിരുന്നത്.

ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ സംയുക്തമായി ഫയൽ ചെയ്ത ഹർജിയിലാണ് ഈ നിർണായക വിധി. ട്രംപ് ഭരണകൂടത്തിന് ഇത്രയും വലിയ തുക ഫീസായി ഈടാക്കാൻ നിയമപരമായ അധികാരമില്ലെന്ന് കോടതി വിലയിരുത്തി. കോൺഗ്രസിന്റെ അനുമതിയില്ലാത്ത ഈ ഫീസ് അടിച്ചേൽപ്പിച്ചത് ഒരു അനധികൃത നികുതിയാണെന്നും ഫെഡറൽ ജഡ്ജി ചൂണ്ടിക്കാട്ടി. 

തൊഴിലധിഷ്ഠിത കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനും വിദേശ തൊഴിലാളികളുടെ വരവ് കുറയ്ക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് ഏറ്റ വലിയ തിരിച്ചടിയായാണ് ഈ കോടതി വിധി വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ കമ്പനികൾക്ക് ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ ജീവനക്കാരെ നിയമിക്കാൻ അനുവദിക്കുന്നതാണ് എച്ച്-1ബി വിസ പ്രോഗ്രാം.

കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഭരണകൂടം ഈ വിവാദ ഫീസ് പ്രഖ്യാപിച്ചത്. സാധാരണയായി എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട ഫീസുകളായി തൊഴിലുടമകൾ 2,000 ഡോളർ മുതൽ 5,000 ഡോളർ വരെയാണ് നൽകിയിരുന്നത്. എന്നാൽ ഇത് ഒറ്റയടിക്ക് ഒരു ലക്ഷം ഡോളറായി ഉയർത്തിയത് കമ്പനികൾക്ക് വിദേശ പ്രതിഭകളെ ജോലിക്കെടുക്കുന്നത് അസാധ്യമാക്കാൻ വേണ്ടിയായിരുന്നു.  ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകളും പ്രമുഖ ഇന്ത്യൻ ഐ.ടി കമ്പനികളും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നായതിനാൽ ഈ കോടതി വിധി ആയിരക്കണക്കിന് ഇന്ത്യാക്കാർക്ക് വലിയ ആശ്വാസമാകും.