ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള പാകിസ്താന്റെ മുന്‍കാല കൂട്ടുകെട്ടിനെക്കുറിച്ച് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവന വിവാദമായി. തങ്ങളുടെ താത്പര്യങ്ങള്‍ക്കായി അമേരിക്ക പാകിസ്താനെ ചൂഷണം ചെയ്യുകയും ലക്ഷ്യം നേടിയ ശേഷം ടോയ്‌ലറ്റ് പേപ്പറുപോലെ വലിച്ചെറിഞ്ഞു എന്നാണ് അസിഫ് ദേശീയ അസംബ്ലിയില്‍ പ്രസംഗിക്കുമ്പോള്‍ ആരോപിച്ചത്.
പാകിസ്താന്‍ പലപ്പോഴും തങ്ങളുടെ ഭീകരവാദ ചരിത്രം നിഷേധിക്കുന്നുവെന്നും അത് ഭൂതകാലത്തിലെ സൈനിക ഭരണാധികാരികള്‍ ചെയ്ത പിഴവാണെന്നും അദ്ദേഹം സമ്മതിച്ചു.
അഫ്ഗാന്‍ യുദ്ധങ്ങളിലെ പാകിസ്താന്റെ പങ്കാളിത്തം ഒരു വലിയ പിഴവ് ആയിരുന്നുവെന്നും ഇന്നത്തെ പാകിസ്താനിലെ ഭീകരവാദം ആ പഴയ പിഴവുകളുടെ തിരിച്ചടിയാണെന്നും ആസിഫ് പറഞ്ഞു.
1999ന് ശേഷം, പ്രത്യേകിച്ച് 2001 സെപ്റ്റംബര്‍ 11 ആക്രമണങ്ങള്‍ക്ക് പിന്നാലെ അമേരിക്കയുമായി പാകിസ്താന്‍ വീണ്ടും ചേര്‍ന്നുനിന്നത് രാജ്യത്തിന് ദീര്‍ഘകാല ബാധ്യതകള്‍ ഉണ്ടാക്കിയെന്നും അസിഫ് വിലയിരുത്തി.
2001ന് ശേഷം അമേരിക്ക നയിച്ച അഫ്ഗാന്‍ യുദ്ധത്തില്‍ ഇസ്ലാമാബാദ് വീണ്ടും വാഷിംഗ്ടണിനൊപ്പം നിന്നതായും അതിന്റെ ഭാഗമായി താലിബാനെതിരെ നിലപാട് സ്വീകരിച്ചതായും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്ക പിന്നീട് പ്രദേശം വിട്ടുപോയപ്പോള്‍ ദീര്‍ഘകാല അക്രമം, മതചൂഷണം, സാമ്പത്തിക പ്രതിസന്ധി എന്നിവയുമായി പാകിസ്താന്‍ തന്നെ പൊരുതേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാന്‍ സംഘര്‍ഷങ്ങളില്‍ പാകിസ്താന്റെ ഇടപെടല്‍ മതപരമായ ബാധ്യതയാല്‍ പ്രേരിതമായിരുന്നുവെന്ന ഔദ്യോഗിക വാദത്തെ ആസിഫ് ചോദ്യം ചെയ്തു. ജിഹാദ് എന്ന പേരില്‍ പാകിസ്താനികളെ യുദ്ധത്തിലേക്ക് അയച്ചത് തെറ്റിദ്ധരിപ്പിക്കുന്നതും രാജ്യത്തിന് ഗൗരവമായ നാശം വരുത്തിയതുമാണെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് മുന്‍ സൈനിക ഭരണാധികാരികളായ സിയാ ഉല്‍ ഹഖും പര്‍വീസ് മുഷറഫും ഇസ്ലാമിനുവേണ്ടിയല്ല ഒരു സൂപ്പര്‍പവറിനെ സന്തോഷിപ്പിക്കാനാണ് അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്നതെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. തങ്ങളുടെ ചരിത്രം നിഷേധിക്കുകയാണെന്നും പിഴവുകള്‍ അംഗീകരിക്കുന്നില്ലെന്നും പറഞ്ഞ ആസിഫ് ഇന്നത്തെ ഭീകരവാദം ആ ഭരണാധികാരികള്‍ ചെയ്ത പിഴവുകളുടെ തിരിച്ചടിയാണെന്നും കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ അനുഭവിച്ച നഷ്ടങ്ങള്‍ ഒരിക്കലും പരിഹരിക്കാനാകില്ലെന്നും യുദ്ധങ്ങള്‍ ന്യായീകരിക്കുന്ന രീതിയില്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തില്‍ ആശയപരമായ മാറ്റങ്ങള്‍ വരുത്തിയതായും അതിന്റെ സ്വാധീനം ഇന്നും നിലനില്‍ക്കുന്നുവെന്നും ആസിഫ് ആരോപിച്ചു.
