കരിങ്കടലിലെ വെടി നിര്‍ത്തലിന് റഷ്യ- യുക്രെയന്‍ കരാറായെന്ന് യു എസ്

കരിങ്കടലിലെ വെടി നിര്‍ത്തലിന് റഷ്യ- യുക്രെയന്‍ കരാറായെന്ന് യു എസ്


വാഷിംഗ്ടണ്‍: കരിങ്കടലിലെ യുദ്ധം അവസാനിപ്പിക്കാനും ഊര്‍ജ്ജ സൗകര്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്താനും യുക്രെയ്നും റഷ്യയും സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച പൂര്‍ണ്ണ വെടിനിര്‍ത്തലിലേക്കുള്ള ആദ്യ സുപ്രധാന ചുവടുവയ്പ്പായിരിക്കും ഇത്. 

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ മൂന്ന് ദിവസം നടത്തിയ ശക്തമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറുകള്‍ ഉണ്ടായത്. ഈ സമയത്ത് യുക്രെയ്നിന്റെയും റഷ്യയുടെയും പ്രതിനിധികള്‍ യു എസ് മധ്യസ്ഥരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. യുക്രെയ്നിന്റെ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ കരാറുകള്‍ സ്ഥിരീകരിച്ചു. റഷ്യയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.

സമുദ്ര, ഊര്‍ജ്ജ ആക്രമണങ്ങളില്‍ യുക്രെയ്നുമായും റഷ്യയുമായും പ്രത്യേകം കരാറുകളില്‍ ഏര്‍പ്പെട്ടതായി വൈറ്റ് ഹൗസ് രണ്ട് വ്യത്യസ്ത പ്രസ്താവനകള്‍ പുറത്തിറക്കി. 'ഊര്‍ജ്ജ, സമുദ്ര കരാറുകള്‍ നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതില്‍' മൂന്നാം രാജ്യങ്ങളുടെ പങ്കാളിത്തത്തെ വാഷിംഗ്ടണ്‍, കീവ്, മോസ്‌കോ എന്നിവ സ്വാഗതം ചെയ്തതായി പ്രസ്താവനകള്‍ കൂട്ടിച്ചേര്‍ത്തു.

ഊര്‍ജ്ജ, സമുദ്ര കരാര്‍ എങ്ങനെ, എപ്പോള്‍ നടപ്പാക്കുമെന്ന് വ്യക്തമല്ല. ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതിനും നിയന്ത്രിക്കുന്നതിനും എത്രഹയും വേഗം കൂടുതല്‍ സാങ്കേതിക കൂടിയാലോചകള്‍ നടത്തേണ്ടതെന്നുണ്ടെന്ന് റിയാദില്‍ യുക്രെയ്ന്‍  പ്രതിനിധി സംഘത്തെ നയിച്ച ഉമെറോവ് പറഞ്ഞു. 

റഷ്യയും യുക്രെയ്‌നും ചരക്ക് കയറ്റുമതിക്കായി ആശ്രയിക്കുന്നത് കരിങ്കടലിനെയാണ്. 2022 മധ്യത്തില്‍ കടല്‍ വഴി ധാന്യം കയറ്റുമതി ചെയ്യാന്‍ യുക്രെയ്‌നിനെ അനുവദിക്കുന്ന കരാറില്‍ മധ്യസ്ഥത വഹിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം റഷ്യ കരാറില്‍ നിന്ന് പിന്മാറുകയും പാശ്ചാത്യ ഉപരോധങ്ങള്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള തങ്ങളുടെ സാധ്യതയെ ഗുരുതരമായി പരിമിതപ്പെടുത്തുന്നുവെന്ന് വാദിക്കുകയും ചെയ്തു. 

തുടര്‍ന്ന് റഷ്യ യുക്രെയ്‌നിലേക്കും തിരിച്ചും പോകുന്ന എല്ലാ വാണിജ്യ കപ്പലുകളെയും ഭീഷണിപ്പെടുത്തി. യുക്രെയ്‌നിന്റെ കടല്‍ വഴിയുള്ള കയറ്റുമതിക്ക് തടയിടാനായിരുന്നു ശ്രമം. പ്രതികരണമായി യുക്രെയ്‌നിന്റെ സൈന്യം ആരംഭിച്ച ക്യാമ്പയ്‌നില്‍ റഷ്യന്‍ നാവികസേനയെ കരിങ്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്ന് പുറത്താക്കുകയും നിരവധി യുദ്ധക്കപ്പലുകള്‍ നശിപ്പിക്കുകയും റഷ്യന്‍ അധിനിവേശ ക്രിമിയയിലെ ആസ്ഥാനം ആക്രമിക്കുകയും ചെയ്തു. കരിങ്കടലില്‍ പുതിയ ഷിപ്പിംഗ് ഇടനാഴി സ്ഥാപിക്കാനും കടല്‍ വഴിയുള്ള ധാന്യ കയറ്റുമതി യുദ്ധത്തിനു മുമ്പുള്ള നിലവാരത്തിലേക്ക് തിരികെ കൊണ്ടുവരാനും ഈ പ്രവര്‍ത്തനം യുക്രെയെന് സഹായകരമായി. 

കരാര്‍ പ്രകാരം കരിങ്കടലിന്റെ കിഴക്കന്‍ ഭാഗത്തിന് പുറത്ത് റഷ്യയുടെ സൈനിക കപ്പലുകളുടെ എല്ലാ നീക്കങ്ങളും കരാറിന്റെ ലംഘനമായിരിക്കും എന്നും യുക്രെയ്‌നിന് 'സ്വയം പ്രതിരോധത്തിനുള്ള അവകാശം പ്രയോഗിക്കാനുള്ള പൂര്‍ണ്ണ അവകാശം' ഉണ്ടായിരിക്കുമെന്നും ഉമെറോവ് പറഞ്ഞു.

'കരിങ്കടലില്‍ ബലപ്രയോഗം ഇല്ലാതാക്കാന്‍' റഷ്യയും യുക്രെയ്‌നും സമ്മതിച്ചതായി വൈറ്റ് ഹൗസ് പ്രസ്താവനകളില്‍ പറയുന്നു. തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്തലാക്കുമോ എന്ന് വ്യക്തമല്ല, ചര്‍ച്ചയ്ക്കിടെ ഇക്കാര്യം പറഞ്ഞതായി യുക്രെയ്ന്‍ അറിയിച്ചു. മൈക്കോലൈവ്, കെര്‍സണ്‍ പോലുള്ള മുന്‍നിര യുക്രെയ്‌നിയന്‍ തുറമുഖ നഗരങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിക്കുന്നതിലും കീവ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യുദ്ധത്തെ തുടര്‍ന്നാണ് ഇവ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായത്.