വാഷിംഗ്ടണ്‍: യു എസും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ നിര്‍ണായക കരാറിലേക്കുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ പ്രധാന വിഷയങ്ങളില്‍ ഇറാന്റെ മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൈറ്റ് ഹൗസ്.
ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്ന താത്കാലിക വെടിനിര്‍ത്തലിന് ശേഷം ഇതുവരെ അന്തിമ ധാരണയിലെത്താനായിട്ടില്ലെങ്കിലും ഫെബ്രുവരി 28-ന് ആരംഭിച്ച സംഘര്‍ഷത്തിന് ശേഷമുള്ള ഏറ്റവും അടുത്ത ഘട്ടമാണിതെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു പേജില്‍ ഉള്‍പ്പെടുത്തിയ 14 പ്രധാന നിര്‍ദേശങ്ങളുള്ള ധാരണാപത്രത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതനുസരിച്ച്, ഇറാന്‍ ആണവ സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിരാമം നല്‍കണം. അതേസമയം, അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുകയും തടഞ്ഞുവെച്ചിരിക്കുന്ന ബില്ല്യണ്‍ കണക്കിന് ഡോളര്‍ ഫണ്ടുകള്‍ വിട്ടുനല്‍കുകയും ചെയ്യും.
ഹോര്‍മുസ് കടലിടുക്ക് വഴി കപ്പല്‍ ഗതാഗതത്തിന് ഇരുരാജ്യങ്ങളും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതും കരാറിന്റെ ഭാഗമാണ്.
ഈ ധാരണാപത്രം പ്രാബല്യത്തില്‍ വന്നാല്‍ യുദ്ധം അവസാനിക്കുകയും സമഗ്ര കരാറിനായുള്ള വിശദമായ ചര്‍ച്ചകള്‍ക്കായി 30 ദിവസത്തെ സമയം ലഭ്യമാക്കുകയും ചെയ്യും. ആണവ പദ്ധതി നിയന്ത്രണവും ഉപരോധ ലഘൂകരണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചകള്‍ ഇസ്ലാമാബാദിലോ ജനീവയിലോ ആയിരിക്കും നടക്കുക.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ് നിലവിലെ ചര്‍ച്ചകള്‍ പശ്ചിമേഷ്യയില്‍ സമാധാനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയ വ്യാപാര കപ്പലുകള്‍ക്ക് വഴി തെളിയിക്കാന്‍ ലക്ഷ്യമിട്ട 'പ്രോജക്ട് ഫ്രീഡം' എന്ന സൈനിക ദൗത്യം ട്രംപ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കരാറിലേക്കുള്ള സാധ്യത കണക്കിലെടുത്താണിത്. എന്നിരുന്നാലും, ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധം തുടരുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.
